ചന്ദനക്കാടിനു കാവലുണ്ട്, ആതിരയും ശ്രീദേവിയും

ശ്രീദേവിയും ആതിരയും

ചന്ദനത്തിൽ പ്രകൃതി പണിതീർത്ത കാടാണു മറയൂർ. കോടികള്‍ വിലമതിക്കുന്ന ആ ചന്ദനക്കാടുകൾക്കു രാപകൽ ഇമവെട്ടാതെ കാവലുണ്ട്. കാവലിനു രണ്ടു വനിതകളുണ്ട്. ചന്ദനക്കാടുകൾ കാക്കാൻ ഉറക്കമൊഴിഞ്ഞിരിക്കുന്ന രണ്ടുപേർ: ആതിര പി വിജയനും പി.എസ് ശ്രീദേവിയും. അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു പരിശീലനം കഴിഞ്ഞ് ഇറങ്ങിയ ഈ ബീറ്റ് ഫോറസ്റ്റ് ഒാഫീസർമാരുടെ ആദ്യ നിയമനം മറയൂർ ഫോറസ്റ്റ് റേഞ്ചിനു കീഴിലെ നാച്ചിവയൽ സ്റ്റേഷനിലാണ്. ആദ്യമായാണു മറയൂരിൽ വനിതകൾ വനം കാക്കാൻ എത്തുന്നത്. 600 ഹെക്ടറുണ്ട് മറയൂരെ ചന്ദനക്കാട്. വിവിധ ഡിവിഷനുകളായി തിരിച്ചിരിക്കുന്ന ചന്ദനക്കാട്ടിലെ കടുക്കാത്തറ മേഖലയിലാണ് ഇവർ ജോലി ചെയ്യുന്നത്. ചന്ദനക്കള്ളന്മാരെ നേരിടാൻ, കാടിനെ കാക്കാൻ ഇവർ എന്തൊക്കെയാണു ചെയ്യുന്നത്? ഈ പുലിക്കുട്ടികൾക്കൊപ്പം മനോരമ സീനിയർ സബ്എഡിറ്റർ ശുഭ ജോസഫിന്റെ കാട്ടിലൂടെയുളള യാത്ര വായിക്കാം

മിക്കവാറും എൻജിനീയറിങ് ബിരുദധാരികളെപ്പോലെ വിദേശജോലികള്‍ സ്വപ്നം കണ്ടവരായിരുന്നു ഇവർ. എന്നാൽ ആദ്യ ജോലിയായി കിട്ടിയത് ഇതായിരുന്നു. ജോലിയിൽ വരുമ്പോൾ അവർ ഒരിക്കലും ജോലിയുടെ സ്വഭാവം ഇതായിരിക്കും എന്ന് അറിഞ്ഞിരുന്നില്ല. എന്നാൽ ഇന്ന്, ലോകത്ത് അപൂർവം ചിലർക്കു കിട്ടുന്ന ഒരു ഭാഗ്യമാണു തങ്ങൾക്കു കിട്ടിയിരിക്കുന്നതെന്ന് ഈ പെൺകുട്ടികൾ കരുതുന്നു. കാട് പൊന്നുപോലെ സംരക്ഷിക്കുന്ന ഇടമാണ്. സാധാരണക്കാർക്കു കാട്ടിൽ കയറാൻ പോലും അവകാശമില്ല. ആ കാട്ടിൽ എന്നും രാത്രി ചെലവഴിക്കുക എന്നതു മഹാഭാഗ്യം. മാത്രമല്ല, കാടിനെ ഇവർ വല്ലാതെ സ്നേഹിക്കുന്നു. എല്ലാ മരങ്ങളെയും പേരെടുത്തു വിളിക്കുന്നു. കാട്ടിൽനിന്ന് ഒരു പടമെടുക്കുന്നതുപോലും തെറ്റാണെന്നു വിശ്വസിക്കുന്നു. വൈകുന്നേരം ആറു മുതൽ പുലർച്ചെ ആറു വരെയാണ് ഇവരുടെ ജോലിസമയം. ഇവരുടെ എന്നല്ല, മറയൂർ കാട്ടിൽ 200പേർ രാത്രി ഉണർന്നിരിക്കുന്നുണ്ട്. കാരണം വേട്ട കൂടുതൽ രാത്രിയാണ്. പകൽ വിശ്രമം. കാടിനോടു ചേർന്നുളള വീട്ടിലാണു താമസം.

വനത്തിലെ ക്യാംപിനുള്ളിൽ

കാട് ദൂരെ നിന്നു നോക്കാന്‍ സുന്ദരമാണ്. കാടകങ്ങളിലേക്കു ഒറ്റയ്ക്കു പോകുന്നത് ഒാർത്തുനോക്കൂ. അതും രാത്രി. കാട്ടുകളളന്മാരും വന്യമൃഗങ്ങളും കൊടും തണുപ്പും കോടമഞ്ഞും കാത്തിരിക്കുന്ന ആ കാട്ടിലേക്കു വരൂ...

പതുപതുത്ത പാദങ്ങൾ വച്ച് ഒച്ച കേൾപ്പിക്കാതെ വരുന്ന ഒരു കരിമ്പുലിയെ പോലെ രാത്രി വരികയാണ്. കട്ടപിടിച്ച ഇരുട്ടും എല്ലു കോർത്തുവലിക്കുന്ന തണുപ്പും. നാച്ചിവയൽ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് ഇറങ്ങി ടാർ റോഡ് മുറിച്ചുകടന്നു കാട്ടിലേക്കു കയറി. ചന്ദനക്കാടുകൾക്കു ചുറ്റും ഉയരത്തിൽ കമ്പിവേലികൊണ്ടു മതിൽ തീർത്തിട്ടുണ്ട്. വലിയ ടോർച്ചും വാക്കിടോക്കിയും ലാത്തിയും ബാക്പാക്കിൽ അത്യാവശ്യം സാധനങ്ങളുമായി ഞങ്ങൾ മൂന്നുപേർ. ആദ്യം കുറച്ചു ഭാഗം ജീപ്പ് റോഡുണ്ടായിരുന്നു. പിന്നീട് ഒറ്റയടിപ്പാതയാണ്. കാടിന്റെ സൗന്ദര്യമോ വന്യതയോ ഒന്നും കാണാനാവുന്നില്ല. ടോർച്ച് വെളിച്ചത്തിന്റെ വെട്ടമാണു കാഴ്ച. പക്ഷേ, ആതിരയ്ക്കും ശ്രീദേവിക്കും ഈ വഴികൾ നല്ല പരിചിതം, ഒാരോ മരങ്ങളെയും അവർക്കറിയാം. വയർലെസിൽ സന്ദേശങ്ങൾ വന്നുതുടങ്ങി.

‘എച്ച് വണ്‍ ആൻസറിങ്: പാറപ്പെട്ടിയിലുണ്ട്..’ തങ്ങൾ എവിടെയാണെന്നു വയർലെസ് വഴി സന്ദേശം കൈമാറി. കാടിന്റെ ഒാരോ പ്രദേശത്തിനും ഒാരോ പേരിട്ടിട്ടുണ്ട്. കാടിനുളളിൽ ഒാലഷെഡ്ഡുകെട്ടി ആദിവാസി വാച്ചര്‍മാർ രാത്രി കാവലുണ്ട്. പാറപ്പെട്ടി ഷെഡ്ഡിലേക്കാണ് ആദ്യം പോയത്. അവിടെ അരുള്‍ദാസ് എന്ന വാച്ചർ തീ കൂട്ടിയിട്ടു തണുപ്പിനെ ആട്ടിയോടിക്കുന്നു. അയാളോടു വണക്കം പറഞ്ഞു. വിശേഷം ചോദിച്ചു. ഇതുപോലെ ഒരുപാടു വാച്ചർമാർ കാട്ടിലങ്ങോളമിങ്ങോളമുണ്ട്.

വനത്തിന്റെ അതിര്‍ത്തി വഴിയാണു നടപ്പ്, അതിർത്തിയിൽ കൂടുതൽ സൂക്ഷിക്കണം. അപ്പുറം ഒരു ഗ്രാമമാണ്. അൽപം  നേരം മിണ്ടാതെ നിന്നു, ശബ്ദങ്ങൾ ശ്രദ്ധിച്ചു. അസാധാരണമായ ഒരു കരിയില അനക്കമുണ്ടോ? മനു‌ഷ്യകാലടി ശബ്ദങ്ങൾ കേൾക്കുന്നുണ്ടോ? തണുത്ത കാറ്റിൽ പൂമണങ്ങൾ വരുന്നു. അരിപ്പൂ പൊന്തകളിൽ കുഞ്ഞുകുഞ്ഞ് അനക്കങ്ങൾ. ചെറിയ കാട്ടുജീവികളുടെ വീടുകളാണു പൊന്തകൾ. എല്ലാവരും ചേക്കേറിക്കഴിഞ്ഞു.

കാട്ടിൽ അസംഖ്യം ചോലകളുണ്ട്. അവ മുറിച്ചുകടന്നുവേണം നടപ്പ്. ഈ തണുപ്പിനെന്തു തണുപ്പാണ് എന്നു പറയിപ്പിക്കുന്ന വെള്ളം. നടവഴിയിൽ നിറയെ വലുപ്പമുളള ചതിക്കുഴികൾ, കാട്ടുപന്നികൾ കുഴിച്ചതാണ് ഇതെല്ലാം. പെട്ടെന്നു ഒരു കാട്ടുമുയൽ കണക്കു കൂട്ടലുകളെല്ലാം തെറ്റിച്ചു തൊട്ടടുത്തുനിന്നു പാഞ്ഞുപോയി. ഉൾക്കാട്ടിലെ ഇലച്ചാർത്തുകൾക്കിടയിലൂടെ കുറച്ചു നിലാവെളിച്ചം അരിച്ചിറങ്ങുന്നുണ്ട്; കൂടെ കോടയും.

കാട്ടിറമ്പ് അവസാനിക്കുന്നിടത്തിനു മതിൽമൂല എന്നാണു പേര്. ഒന്നുകൂടി ശ്രദ്ധിച്ചു. പിന്നെ കാട്ടിനുള്ളിലേക്കു കടന്നു. ടോർച്ച് വെട്ടത്തിൽ രണ്ടു പച്ചക്കണ്ണുകള്‍ തിളങ്ങുന്നു. ഭയത്തിന്റെ ഒരു അല നട്ടെല്ലിലൂടെ കടന്നുപോയി. കടുവ, പുലി, ചെന്നായ...? അതൊരു പാവം പുളളിമാനായിരുന്നു. അത്താഴം കഴിക്കുന്ന തിരക്കില്‍ ഞങ്ങളുടെ ഒച്ച കേട്ടു നോക്കിയതാണ്.

ഇരുവരുടെയും വീട്ടിൽനിന്നു ഫോൺവിളികള്‍ വന്നു. വേവലാതിയോടെ അമ്മമാർ വിളിക്കുകയാണ്. ഇത്രനാളായിട്ടും ആതിരയുടെയും ശ്രീദേവിയുടെയും വീട്ടിലെ ടെൻഷൻ തീർന്നിട്ടില്ല. സന്ധ്യ മയങ്ങിയാൽ മുറ്റത്തുപോലും ഇറങ്ങാത്ത കുട്ടികളാണ്. രണ്ടുപേരും എൻജിനീയർമാര്‍. ‘നാടിനേക്കാൾ സുരക്ഷിതം കാടാണ് എന്ന് അവർക്ക് അറിയില്ലല്ലോ. നാട്ടിൽ നമുക്കു രാത്രി ഇതുപോലെ നടക്കാന്‍ പറ്റുമോ..? ഇല്ല. പക്ഷേ, കാട്ടിൽ പറ്റും. അതാണു കാടിന്റെ നേര്. ലക്ഷങ്ങൾ ശമ്പളമുളള ഒരു ജോലിക്കും കാണില്ല ഇത്രയ്ക്കു സൗന്ദര്യവും സാഹസികതയും. ഇതു മഹാഭാഗ്യമാണ്,‘ഇരുവരും ഒരേസ്വരത്തിൽ പറഞ്ഞു.

ഇല്ലിച്ചോട് എന്നു പേരുളള ഒരു സ്ഥലത്ത് എത്തി. ജയപാലന്‍ എന്ന വാച്ചർ തീകൂട്ടിയിട്ടു കട്ടൻ കാപ്പിയൊക്കെ വച്ച് അവിടെയിരിക്കുന്നു. അവിടെനിന്നു കുറച്ചുനേരം വർത്തമാനം പറഞ്ഞു. അദ്ദേഹം വീട്ടിൽനിന്നു കുറച്ചു പലഹാരങ്ങളൊക്കെ ഉണ്ടാക്കിക്കൊണ്ടു വന്നിട്ടുണ്ട്. കാപ്പികുടിച്ചു പലഹാരങ്ങളും കഴിച്ച് നടക്കാൻ ഒരുങ്ങുമ്പോൾ അയാള്‍ പറഞ്ഞു: ‘ഒന്നു സൂക്ഷിക്കണം. മൃഗങ്ങളുണ്ടാവും.’ തീക്കണ്ണുകളും കൂർത്ത കൊമ്പുകളും ചോര ഇറ്റിറ്റു വീഴുന്ന കോമ്പല്ലുകളും മനസ്സില്‍ തെളിഞ്ഞു. ആലോചിച്ചു തീരും മുന്‍പേ ഒരു മുരൾച്ച. പത്തുവാര അപ്പുറം വലിയ കാട്ടുപന്നിക്കൂട്ടം. കുട്ടികളും മുതിർന്നവരുമൊക്കെയായി അറുപതോളം പേരുണ്ട്. കൂട്ടത്തിൽ വലിയ ഒന്നു ഞങ്ങൾക്കു നേരെ വന്നു. പിന്നെ മടങ്ങി, എല്ലാവരും നിരയൊപ്പിച്ച വേഗത്തിൽ നടന്നുപോയി. പന്നികളാണ് പേടിക്കേണ്ട ഒരു കൂട്ടർ. ചിലപ്പോൾ നേരെ പാ‍ഞ്ഞുവരും, ബ്ലെയ്ഡ് പോലെ മൂർച്ചയുളള തേറ്റകൊണ്ടു തട്ടിക്കീറും. ‘എന്നും കാണും ഇതുപോലെ വലിയ പന്നിക്കൂട്ടങ്ങളെ. ആദ്യമൊക്കെ പേടിയുണ്ടായിരുന്നു. ഇപ്പോൾ ഞങ്ങള്‍ക്ക് അറിയാം. എങ്ങനെ നിൽ‌ക്കണമെന്ന്,’ ആതിര പറഞ്ഞു.

പിന്നെയും നടന്നു നദിക്കരയിലേക്ക് എത്തി. പാമ്പാറാണ്. നദികടന്നെത്തുന്ന വേട്ടക്കാരുടെ കഥകൾ സുപരിചിതമാണ്. ‘പരിശീലനകാലത്തു ഞങ്ങള്‍ ഇവിടുത്തെ ചന്ദനക്കടത്തിന്റെ കഥകൾ ഒരുപാടു കേട്ടിട്ടുണ്ട്, അപ്പോഴൊന്നും വിചാരിച്ചില്ല, ഇതുപോലെ ജോലി ചെയ്യേണ്ടിവരുമെന്ന്. ഒരു കാലത്തു മറയൂരിലും മറ്റും ഇത്തരം സംഭവങ്ങൾ നിരന്തരം ഉണ്ടായിട്ടുണ്ടല്ലോ.. വെട്ടിയെടുത്ത ചന്ദത്തിന്റെ വേരുവരെ മാന്തിക്കൊണ്ടുപോകാൻ വരുന്ന കളളന്മാരുണ്ട്. ചെറിയ കൈവാളുമായിട്ടാണു വരിക. ചന്ദനമരത്തിന് അത്രയ്ക്കു വണ്ണമല്ലേയുളളൂ. മുറിച്ചു ചെറിയ കഷണങ്ങളാക്കി കടത്തിക്കൊണ്ടുപോകുന്ന അതിസാഹസികരായ കള്ളന്മാരെ മനസ്സിൽ നമിച്ചു. ഒരുപക്ഷേ, ഈ സാഹസികതയുടെ ത്രിൽ ആയിരിക്കാം അവരെക്കൊണ്ട് ഈ കളവൊക്കെ ചെയ്യിക്കുന്നത്.

നദിക്കരയോടു ചേർന്നു ചുടുകാട് എന്ന സ്ഥലത്തെത്തി. ശരിക്കും ചുടലക്കാടാണ്. വനത്തോടും നദിയോടും ചേർന്നുകിടന്ന സ്ഥലത്താണു ഗ്രാമവാസികൾക്ക് അന്ത്യവിശ്രമം. മനുഷ്യഇടപെടലുകൾ ഉളളതിനാൽ തെളിഞ്ഞ ഇടം. എന്നാൽ കത്തിത്തീർന്ന ചന്ദനത്തിരിയുടെയും ജമന്തിമാലകളുടെയും ഗന്ധം വരുന്നു. തീർച്ചയായും മരണത്തെക്കുറിച്ചുളള ഒാർമ വരുന്നയിടം. ‘രാത്രിയായാൽ വീടിന്റെ പുറത്തിറങ്ങാത്ത ഞങ്ങളാണു നട്ടപ്പാതിരയ്ക്ക് ഈ ചുടുകാട്ടിൽ നിൽക്കുന്നത്. ഭയപ്പെടുന്നതായി ഒന്നും ഞങ്ങൾ ഇവിടെ കണ്ടിട്ടില്ല. മിക്കവാറും ദിവസങ്ങളിൽ രാത്രി പന്ത്രണ്ടു മണി കഴിഞ്ഞാണു ഞങ്ങൾ ഇവിടെ എത്താറ്,’ ആതിര പറഞ്ഞു.

പിന്നെയും നടത്തം. മനുഷ്യവാസമുളള ആനക്കാൽപ്പെട്ടി എന്ന ഗ്രാമാതിർത്തിയിലൂടെയാണ്. ഈ ഗ്രാമത്തിൽ വളരെ കുപ്രസിദ്ധനായ ഒരു ചന്ദനക്കള്ളനുണ്ട്. പേര് സൂര്യ. സ്റ്റേഷനിൽ അയാളുടെ തലപ്പടം ഒട്ടിച്ചുവെച്ചിട്ടുണ്ട്. ‘അയാളുടെ വീട് ദേ.... അവിടെയാണ്,’ ശ്രീദേവി കൈ ചൂണ്ടി. 

കള്ളൻ ഉറങ്ങുന്ന(?) വീട്ടിലേക്കു നോക്കിക്കൊണ്ടു ഞങ്ങൾ നടത്തം തുടർന്നു. മറയൂർ മറഞ്ഞിരിക്കുന്ന ഊരാണ്. ഈ സ്ഥലത്തിനു ചുറ്റും മലകളാണ്. കള്ളന്മാർക്കു രക്ഷപെടാൻ ഒരുപാടു വഴികളുണ്ട്. 20 കിലോമീറ്റർ നടന്നാൽ കൊടൈക്കനാൽ, 20 കിലോമീറ്റർ നടന്നാൽ വാൽപ്പാറ, കാട്ടിലൂടെയുളള നടവഴികൾ ധാരാളം. കാടിനെ കൈവെള്ള പോലെ അറിയുന്നവരാകും കള്ളന്മാർ,’ ശ്രീദേവി പറഞ്ഞു.

അടുത്തുതന്നെ ഒരു ഗ്രാമക്ഷേത്രം. ഈ പാതിരാവിലും ശ്രീകോവിൽ മലർക്കെ തുറന്നിരിക്കുന്നു. കള്ളന്മാർക്കു കൊണ്ടുപോകാൻ തക്ക വിലപിടിപ്പുളള ഒന്നും അവിടെയില്ല. ദൈവമേ കാത്തോളണം എന്നു പറഞ്ഞു ഞങ്ങളുടെ സുരക്ഷയുടെ മുഴുവൻ ഉത്തരവാദിത്തവും അദ്ദേഹത്തെ ഏൽപ്പിച്ച് വീണ്ടും കാട്ടിനുളളില്‍. മൊബൈലിൽ ഭക്തിഗാനം വച്ചു. ദൈവത്തിനും സന്തോഷമായിക്കോട്ടെ.

കുറച്ചുദൂരം പിന്നിട്ടപ്പോൾ ദൂരെ ഗ്രാമത്തിൽ നായ്ക്കളുടെ കുര കേട്ടു. ഏതോ ഒരു അപരിചിതൻ ഗ്രാമവഴിയിലുണ്ട്. ശ്രദ്ധിക്കണം. വനപാലകർ, കണ്ണും കാതും ശ്രദ്ധയും കൂർപ്പിച്ചു. ഇല്ല, ആരും വരുന്നില്ല. ഉറപ്പ്. ഇരുപതിനായിരം ചന്ദനമരങ്ങളുണ്ട് ഇവരുടെ കാവൽപ്രദേശത്ത്. ചില മരത്തിനു കോടിയിലേറെയാണു വില. കണ്ണിലെ കൃഷ്ണമണിപോലെയാണ് ഒാരോന്നിനെയും കാത്തുവയ്ക്കുന്നത്. ഒടിഞ്ഞുവീണ ചുളളിക്കമ്പുപോലും ഒരാൾക്കും എടുക്കാന്‍ അവകാശമില്ല. ഒാരോ മരത്തിനും ടാഗ് കെട്ടി അതിൽ നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്. ചന്ദനക്കാറ്റേ എന്നുളള പാട്ട് ഒാർത്തു. ഈ കാടു ചന്ദനഗന്ധത്തിന്റെ ഒരു സൂചനപോലും തരുന്നില്ല. ‘ഇലയ്ക്കും തോലിലുമൊന്നും സുഗന്ധമില്ല. കാതലിനാണു മണം. ഇതിന്റെ ഫാക്ടറിയിൽ പോയാൽ ഇറങ്ങാൻ തോന്നില്ല. അത്രയ്ക്കു സുഗന്ധമാണ്,’ ശ്രീദേവി പറഞ്ഞു.

ഇടയ്ക്കിടെ വനം വകുപ്പിന്റെ പട്രോളിങ് ജീപ്പ് ദൂരെ പോകുന്ന ശബ്ദം കേൾക്കാം. വയർലെസ് സന്ദേശങ്ങൾ സജീവം. കാട്ടിലൂടെ നടക്കുമ്പോൾ കേൾക്കാം ചുളളിക്കൊമ്പ് ഒടിക്കും പോലെ ശബദം. ‘ആനയല്ല, അതു മാനാണ്..’ ശ്രീദേവി പറഞ്ഞു. ഇത്രനാളത്തെ കാട്ടറിവുകൊണ്ട് അവർ കാടിന്റെ സ്വഭാവം പഠിച്ചു. 

സൂക്ഷിച്ചുനോക്കുമ്പോൾ കാണാം കാടിനു മുഴുവൻ ഇല്യൂമിനേഷൻ ലൈറ്റ് ഇട്ടപോലെ പച്ച വെളിച്ചങ്ങളുടെ വലിയ കൂട്ടം. മാൻ കൂട്ടങ്ങളാണ്. രാത്രിയിലും മേഞ്ഞു നടക്കുന്നു ഒരു പേടിയുമില്ല തങ്ങളെ കാക്കുന്നവരാണ് എന്ന് അറിയുന്നതുകൊണ്ടാവാം, അടുത്തെത്തിയിട്ടും ആരും ഒാടിയില്ല. അടുത്ത കുറ്റിച്ചെടികളിൽ മിന്നാമിുങ്ങുകളുടെ സംഘനൃത്തമുണ്ട്. ഒരു പക്ഷേ, ലോകത്ത് അപൂർവമായി മാത്രം കാണുന്ന കാഴ്ച. ഇത്തരം മായിക ദൃശ്യങ്ങളുടെ തനിയാവർത്തനങ്ങൾ കാട്ടിലുടനീളമുണ്ട്. ഒരു മഹാനഗരത്തിനും ഈ സൗന്ദര്യം പകരം വയ്ക്കാനാവില്ല. കാടുവേറൊരു ലോകമാണ്, രാത്രിയിൽ കാട് ഉറങ്ങുന്നില്ല. ഇലക്കൈകൾ വിരിച്ചുനിൽക്കുന്ന മരക്കൂട്ടങ്ങളും പൊന്തകളും അടിക്കാടുകളും അട്ടകളും പുഴുക്കളും അനേകായിരം ജീവജാലങ്ങളും ഉണർന്നിരിക്കുന്നു; ഒപ്പം ഈ വനപാലകരും. അവരുടെ ഘടികാരവും കാടിന്റെ സമയത്തിനൊപ്പമായി.

നിലാവും മഞ്ഞും ഇരുട്ടും കൂട്ടിക്കുഴച്ചു ഒരു നിറമാണു രാത്രിവനത്തിന്. ചില സ്ഥലങ്ങൾ സ്വർഗീയം, നിശ്ശബ്ദം, ചിലയിടങ്ങള്‍ വന്യം, ഭയാനകം.

സമയം രണ്ടുമണി ആയിട്ടുണ്ടാവും. ആലിലപോലെ വിറപ്പിക്കുന്ന മരംകോച്ചുന്ന തണുപ്പ്. വാച്ചർമാർ കൂട്ടിയിട്ട വിറകുകൾ പെറുക്കി തീകൂട്ടി കുറച്ചുനേരം തീകാഞ്ഞു. സുദർശനൻ എന്ന വാച്ചർ ആ വഴി ടോർച്ച് തെളിച്ചു നടക്കുന്നു. വണക്കം പറഞ്ഞു. സുഖവിവരം അന്വേഷിച്ചു.

തീയുടെ പരിസരത്തുനിന്ന് എഴുനേൽക്കാന്‍ തോന്നുന്നില്ല. തണുപ്പാണ് ഏറ്റവും ക്രൂരനായ വന്യജീവി. കാട് ഇപ്പോൾ നിശ്ശബ്ദമാണ്. ഒരുതുളളി മഞ്ഞ് ഇറ്റുവീണാൽ അറിയാം. ഇലയനക്കമില്ല. വീണ്ടും വാച്ചർമാരുടെ ഷെഡുകളിലേക്കു പോയിനോക്കി. എല്ലാവരും ഉണർന്നു സജീവമായി ഇരിക്കുന്നു. കാട്ടിലെ രാത്രി സംസാരഭാഷ ടോർച്ച് വെട്ടമാണ്. വെളിച്ചം ദൂരേക്കു അടിക്കുമ്പോൾ അവിടെ നിന്നു മറുപടി വെട്ടം വരണം. വെട്ടം വന്നില്ലെങ്കിൽ ആ പ്രദേശത്തെ ആളില്ല എന്നു കരുതും. എല്ലാവരും തീ കൂട്ടിയിട്ടു കായുന്നു. അത്രയ്ക്കുണ്ട് തണുപ്പ്. കൂട്ടിനു കട്ടൻകാപ്പി.


Subscribe >>

നടവഴിയിൽ നിലത്തു ചിലയിടങ്ങളിൽ വനമൃഗങ്ങളുടെ കാല്‍പ്പാടുകൾ. വേട്ടക്കാരും ഇരയും യുദ്ധം ചെയ്തതിന്റെ അവശേഷിപ്പുകൾ. ആനയെ കാണരുതേ എന്നായിരുന്നു പ്രാർത്ഥന.

ഈറ്റപ്പൊന്തകളിൽ ഒളിഞ്ഞിരുന്ന് ആക്രമിക്കുന്ന സ്വഭാവമുണ്ട് ആനയ്ക്ക്. എന്നാൽ കാറ്റിനു ആനച്ചൂര് മണക്കും. അപ്പോൾ കരുതിയിരിക്കണം. പുലിക്കും കടുവയ്ക്കുമൊക്കെ ഭക്ഷണമായി മാനുകളും പന്നികളുമുളളതുകൊണ്ട് അവയൊക്കെ നമ്മളെ വെറുതെ വിടുമെന്നാണ് വിശ്വാസം. അല്ലെങ്കിലും വന്യമൃഗങ്ങളേക്കാൾ വന്യവും ക്രൂരവുമായി പെരുമാറാന്‍ കഴിയുന്നതു മനുഷ്യർക്കാണല്ലോ.

വീണ്ടും നടക്കുകയാണ്, വനംവകുപ്പിന്റെ നഴ്സറി, വനത്തിൽ ഗവേഷണത്തിനായി തിരിച്ചിട്ടിരിക്കുന്ന സ്ഥലം എല്ലാം പിന്നിട്ടു. ഇടയ്ക്കിടെ തീകൂട്ടി കാഞ്ഞു. വാച്ചർമാരെ കണ്ടു, ഇലയനക്കം പോലും ശ്രദ്ധിച്ചു. ഏതാണ്ടു 16 കിലോമീറ്റർ ദൂരം ഒരുദിവസം നടന്നു റോന്തു ചുറ്റുകയാണ്. പോയ വഴികളിൽ വീണ്ടും നടന്ന് എല്ലാം ഒരിക്കൽകൂടി ഉറപ്പാക്കുന്നു. നല്ല ശുദ്ധവായു ശ്വസിച്ചു തണുപ്പിൽ നടക്കുന്നതിനാലാവും ഉറക്കം വന്നിട്ടേയില്ല, ക്ഷീണവുമില്ല. രാവ് അവസാനിക്കുകയാണ്. അപകടം പിടിച്ച വഴികളിലൂടെയായിരുന്നു യാത്ര. ലക്ഷ്യം ശുദ്ധമായതുകൊണ്ടാവും കാട് ഒരു ദേവാലയം പോലെ ഞങ്ങളെ കാത്തു. തിരിച്ചിറങ്ങുമ്പോൾ കാടിനെ തൊട്ടു വന്ദിച്ചു.

കൂടുതൽ വായിക്കാം