അധിക വരുമാനം നേടാൻ മികച്ച അവസരം കാത്തിരിക്കുന്ന വ്യക്തിയാണോ നിങ്ങൾ? അതോ കാര്യമായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാൽ ജോലി ഒന്നും കിട്ടില്ലെന്ന ആശങ്കയിലാണോ? എങ്കിൽ ഇത്തരക്കാര്‍ക്കെല്ലാം മികച്ച അവസരമാണ് പിഒഎസ്. അൻപത്തഞ്ചോളം ഇൻഷുറൻസ് കമ്പനികളുടെ പോളിസികളിൽ നിന്ന് ഏറ്റവും മികച്ചതു വിറ്റഴിക്കാനും അതുവഴി നല്ല കമ്മീഷൻ നേടാനുമുള്ള ഒരവസരം.
എന്താണ് പിഒഎസ്?
ഇന്ത്യയിൽ ഒട്ടേറെ കമ്പനികളും ഏജന്റുമാരും ഉണ്ടെങ്കിലും വളരെ ചെറിയൊരു വിഭാഗത്തിനേ ഇൻഷുറൻസ് സംരക്ഷണം ഉള്ളൂ. പോളിസി എടുത്തവരിൽത്തന്നെ ആവശ്യമായ എല്ലാ കവറേജുകളും ഉറപ്പാക്കിയിട്ടുള്ളവർ നാമമാത്രവും. ഈ സാഹചര്യത്തിൽ സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്കും ഇടത്തരക്കാർക്കും ആവശ്യമായ മുഴുവൻ ഇൻഷുറൻസ് കവറേജും ഉറപ്പാക്കാനായി ആരംഭിച്ചിരിക്കുന്ന സംവിധാനമാണ് പിഒഎസ് (പോയന്റ് ഓഫ് സെയിൽ).
ഇൻഷുറൻസ് വിപണിയെ നിയന്ത്രിക്കുന്ന ഐആർഡിയുടെ കീഴിൽ ഉള്ള പോളിസി വിപണന സംവിധാനമാണിത്. പിഒഎസ് ആയാൽ നിങ്ങൾക്കു വിവിധ കമ്പനികളുടെ പോളിസികൾ താരതമ്യം ചെയ്യാനും ഏറ്റവും മികച്ച പോളിസികള്‍ തിരഞ്ഞെടുത്തു വിൽക്കാനും അവസരം ലഭിക്കും.
സാധ്യതകൾ അതിവിപുലം
വ്യത്യസ്തമായ സാധ്യതകളാണു മുന്നിലുള്ളത്.
1. ലൈഫ് ഇൻഷുറൻസ്, നോണ്‍ ലൈഫ് ഇൻഷുറൻസ് വിഭാഗങ്ങളിലായി അൻപത്തഞ്ചോളം കമ്പനികളിൽ ഏതിന്റെയും പോളിസികൾ വിൽക്കാം.
2. ആരോഗ്യ ഇൻഷുറൻസ്, വാഹന ഇൻഷുറൻസ്, അപകട ഇൻഷുറൻസ്, ഹോം ഇൻഷുറൻസ്, ട്രാവൽ ഇൻഷുറൻസ്, പ്രധാനമന്ത്രി ഫസൽ ബീമ യോജന, ടേം കവർ ഇൻഷുറൻസ്, കന്നുകാലി ഇൻഷുറൻസ്, അഗ്രികൾച്ചർ ഇൻഷുറൻസ് തുടങ്ങി പോളിസികളുടെ വൻനിര തന്നെ വിപണനത്തിനായുണ്ട്.
3. ഓരോ പൗരനും ആവശ്യമായ ഇൻഷുറൻസ് എന്നതാണ് സർക്കാർ നയം. എന്നാൽ ജനസംഖ്യയിൽ കുറഞ്ഞ ശതമാനം ആളുകളേ ഇൻഷുർ ചെയ്തിട്ടുള്ളൂ. ആവശ്യമായ എല്ലാ കവറേജും ഉറപ്പാക്കിയവർ തുച്ഛം അതായത് ചുറ്റുമുള്ളവരിൽ മിക്കവരെയും കസ്റ്റമറാക്കി മാറ്റാൻ അവസരമുണ്ട്.
അൽപം അധ്വാനിക്കാൻ തയാറായാൽ പ്രതിമാസം 15,000 – 20,000 രൂപ ഉണ്ടാക്കാൻ ബുദ്ധിമുട്ടില്ല. കഠിനാധ്വാനം ചെയ്യാൻ തയാറുള്ളവർക്കു മാസം ലക്ഷങ്ങൾ വരെ നേടാം. സ്ത്രീകൾക്കു കൂടുതൽ അനുയോജ്യം ആരുടെയും കീഴിൽ ജോലി ചെയ്യേണ്ട. ഇഷ്ടമുള്ള സമയത്തു സൗകര്യമനുസരിച്ച് ജോലി ചെയ്യാം. കൂടുതൽ അധ്വാനിച്ചാൽ കൂടുതൽ നേടാം.
പിഒഎസ് രണ്ടു തരത്തിൽ
1. ഇൻഷുറൻസ് കമ്പനികൾ നൽകുന്ന പിഒഎസ് ഇതിൻ പ്രകാരമുള്ള പരീക്ഷ പാസായാൽ അതത് കമ്പനികളുടെ പോളിസികൾ വിൽക്കാം.
2. ഇൻഷുറൻസ് ബ്രോക്കിങ് കമ്പനികൾ മുഖേന നൽകുന്ന ലൈസൻസ് ഇക്കൂട്ടർക്ക് ഇന്ത്യയിലെ ഏത് ഇൻഷുറൻസ് കമ്പനിയുടെയും പോളിസികൾ വിപണനം ചെയ്യാം. ഇതിനായി ബ്രോക്കിങ് കമ്പനികളും പിഒഎസ് ലൈസൻസുള്ളവരും കരാറിൽ ഒപ്പ് വയ്ക്കണം. ഇതിൻപ്രകാരം വിൽക്കുന്ന ഓരോ പോളിസിയിലും കിട്ടുന്ന പ്രതിഫലം സംബന്ധിച്ചു കൃത്യമായ ധാരണയുണ്ടായിരിക്കും. പിഒഎസ് ലൈസൻസുള്ളവർക്ക് 25 ലക്ഷം രൂപവരെ ഇൻഷുറൻസ് തുക വരുന്ന ലൈഫ് പോളിസികളേ വിൽക്കാവൂ. പിഒഎസ് വിപണനത്തിനായി പ്രത്യേക പോളിസികൾ ചിട്ടപ്പെടുത്താൻ ഐആർഡിഎ നിർദേശം നൽകിയിട്ടുണ്ട്.
എങ്ങനെ അപേക്ഷിക്കണം?
പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. നിലവിൽ ഇൻഷുറൻസ് ഏജൻസി ഉള്ളവർ അപേക്ഷിക്കാൻ പാടില്ല. പതിനഞ്ചു മണിക്കൂർ ദൈർഘ്യമുള്ള ആദ്യഘട്ട പരിശീലനം പൂർത്തിയാക്കിയാൽ ഐആർഡിഎ നിഷ്കർഷിക്കുന്ന പരീക്ഷ എഴുതാം 35% മാർക്ക് കിട്ടിയാൽ ലൈസൻസ് ലഭിക്കും.
നിശ്ചിതഫോമിൽ ആണ് അപേക്ഷ നൽകേണ്ടത്. രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും പാൻകാർഡ്, ആധാർ കാർഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പിയും നൽകണം. സർട്ടിഫിക്കറ്റ് ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോ ഓഫ് ഇന്ത്യയിൽ അപ്‌ലോഡ് ചെയ്യണം. പരീക്ഷ പാസാകുന്നവർക്ക് അതത് ഇൻഷുറൻസ്/ ബ്രോക്കിങ് കമ്പനികൾ ലൈസൻസ് നൽകുന്നതാണ്. നിങ്ങളുടെ പാൻകാർഡ് നമ്പറായിരിക്കും ലൈസൻസ് നമ്പറായി ലഭിക്കുക.
കസ്റ്റമറുടെ ആവശ്യങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കി, അതനുസരിച്ച് വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച പോളിസി ഏറ്റവും കുറഞ്ഞ പ്രീമിയത്തിൽ പിഒഎസുകൾക്കു നൽകാനാകും അതുകൊണ്ടു തന്നെ ആത്മാർത്ഥതയോടെ പ്രവർത്തിച്ചാൽ കസ്റ്റമേഴ്സിന്റെ എണ്ണം കൂട്ടാം. നല്ല വരുമാനവും ഉറപ്പാക്കാം.
ഓൺലൈൻ വിപണനം
ഇപ്പോൾ കമ്പനികളിൽ പോയി പോളിസി വാങ്ങുകയോ പുതുക്കുകയോ വേണ്ട. കമ്പനികളുടെ പോർട്ടലുകൾ വഴി പോളിസി എടുക്കാനും പ്രീമിയം അടയ്ക്കാനും സൗകര്യമുണ്ട്. അതിനാൽ നെറ്റ് കണക്ഷനുള്ള ലാപ്ടോപ് മതി. നിങ്ങൾക്കു സുഗമമായി ജോലി ചെയ്യാം.
കസ്റ്റമറുടെ അടുത്തു പോയി അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി, വിവിധതരം പോളിസികൾ താരതമ്യം ചെയ്ത് അനുയോജ്യമായതു നിർദേശിക്കാം. രേഖകൾ സഹിതം അപേക്ഷ പൂരിപ്പിച്ചു നൽകാം.
മികച്ച പരിശീലനം
ഇൻഷുറൻസ് ബ്രോക്കിങ് കമ്പനികൾ പിഒഎസിനു ആവശ്യമായ പരിശീലനം ലഭ്യമാക്കുകയും ലൈസൻസ് നേടിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. വിവിധ കമ്പനികളുടെ റീട്ടെയിൽ പോളിസികൾ താരതമ്യം ചെയ്യാനും അതിൽ ഏറ്റവും മികച്ചവ ഉപഭോക്താവിന് നൽകാനും ഇത് പിഒഎസ്കളെ പ്രാപ്തരാക്കുന്നു. അഞ്ഞൂറു രൂപ മുടക്കിയാൽ രണ്ടു ദിവസത്തെ പരിശീലനമാണു ലഭ്യമാകുന്നത്.
പഠനത്തിനിടെ വരുമാനം
പഠനത്തിനിടെ ജോലി ചെയ്തു വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. അത്തരക്കാർക്കും പരിഗണിക്കാവുന്ന മികച്ച അവസരമാണിത്. പതിനെട്ടു കഴിഞ്ഞാൽ ലൈസൻസ് എടുക്കാം. വരുമാനം നേടിത്തുടങ്ങാം. ജോലി കിട്ടിയാലും അധിക വരുമാനം വേണ്ടിവന്നാൽ ഏതു സമയത്തും പോളിസി വിപണനം നടത്തി കാര്യം സാധിക്കാവുന്നതേ ഉള്ളൂ.