Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വകാര്യ വിദ്യാഭ്യാസ മേഖലയെ തഴയരുത്

dr-roy-sam-daniel ഡോ. റോയി സാം ഡാനിയേൽ

കാലത്തിനൊത്ത മാറ്റങ്ങൾക്കായി വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനുള്ള പദ്ധതികൾക്ക് മതിയായ തുക ബജറ്റിൽ വകയിരുത്തുകയാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ചെയ്യേണ്ടത്. ചില മേഖലകളിൽ പ്രത്യേക പരിഗണന നൽകുന്നത് ഉന്നത വിഭ്യഭ്യാസ മേഖലയിൽ ഗുണനിലവാരം മെച്ചപ്പെടാൻ സഹായിക്കും. 

വേണ്ടത് തുല്യ പരിഗണന

വിദ്യാഭ്യാസ മേഖലയ്ക്ക് ഫണ്ട് അനുവദിക്കുമ്പോൾ സർക്കാർ കോളജുകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കുമാണ് സർക്കാരുകൾ മുൻഗണന നൽകുന്നത്. സർക്കാർ കോളജുകൾക്ക് ആവശ്യത്തിലധികം ഫണ്ട് ലഭിക്കുമ്പോൾ സ്വകാര്യ – എയ്ഡ്ഡ് സ്ഥപനങ്ങൾക്ക് കാര്യമായ സഹായമെന്നും സർക്കാരിൽ നിന്നും ലഭിക്കുന്നില്ല. ഫണ്ടുകളുടെ അപര്യാപ്തയാണ് മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അക്കാദമിക് മേഖലയിൽ മുന്നേറാൻ കഴിയാതെ പോകുന്നതിനു കാരണം. വിദ്യാഭ്യാസ സെസ്സിൽ നിന്നും കണ്ടെത്തുന്ന റൂസാ ഫണ്ട് (RUSA - Rashtriya Uchchatar Shiksha Abhiyan)  സ്വകാര്യ – എയ്ഡഡ് മേഖലയ്ക്ക് ലഭിക്കാൻ ബജറ്റിൽ തുക വകയിരുത്തണം. ഹയർ എജ്യുക്കേഷൻ ഫണ്ടിൽനിന്നും ധനസഹായം അനുവദിക്കുന്നതിനായി മൂന്നു വർഷം മുൻപ് കോളജുകളോട് പദ്ധതി സമർപ്പിക്കാൻ സർക്കാർ  ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ – എയ്ഡ്ഡ് മേഖലകളിലെ വിവിധ സ്ഥാപനങ്ങൾ പദ്ധതികൾ സമർപ്പിച്ചെങ്കിലും ഇതുവരെയും സർക്കാരിൽ നിന്നും മറുപടി ലഭിച്ചിട്ടില്ല.

ഗവേഷണത്തിനുള്ള പ്രോത്സാഹനം
ഗവേഷണ പ്രബന്ധങ്ങളുടെ നിലവാരത്തെക്കുറിച്ച് വലിയ സംവാദങ്ങൾ നടക്കുന്നുണ്ട്. ഗവേഷണം സർവകലാശാലകളിൽ മാത്രം പരിമിതപ്പെടുത്താനുള്ള ശ്രമം രാജ്യാന്തര മികവിൽ സ്വകാര്യ – എയ്ഡഡ് മേഖയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പോലും ഗവേഷണ പ്രവർത്തനങ്ങളെ ബാധിക്കും. യുജിസി സഹായം പരിമിതമാകുമ്പോൾ കോളജുകൾ ഗവേഷണ പദ്ധതികൾക്കായി സ്വയം പണം കണ്ടെത്തേണ്ടതായി വരികയും ചെയ്യും. 

സംരംഭകത്വ ക്ലബുകൾക്കുള്ള ധനസഹായം
കോളജുകളിൽ സംരംഭകത്വത്തിനു പ്രോത്സാഹനം നൽകാൻ പുതിയ പദ്ധതികൾക്ക് ബജറ്റിൽ തുക വകയിരുത്തണം. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അനുവദിച്ചിട്ടുള്ള ഫണ്ട് സർക്കാർ കോളജുകളിൽ മാത്രം അനുവദിക്കുന്ന രീതിക്ക് മാറ്റം വരണം. ശാസ്ത്ര സാങ്കേതിക മേഖലയിൽ മികവോടെ സ്വകാര്യ – എയ്ഡഡ് മേഖയിൽ പ്രവർത്തിക്കുന്ന കോളജുകളിൽ ഇൻക്യൂബേഷൻ ലാബുകൾ സ്ഥാപിക്കാനുള്ള സാമ്പത്തിക സഹായം സർക്കാർ ഉറപ്പു വരുത്തണം.

സർക്കാർ സഹായം അനിവാര്യം
സ്വകാര്യ – എയ്ഡഡ് മേഖലകളിൽ പ്രവർത്തിക്കുന്ന കോളജുകൾക്ക് അടിസ്ഥാന വികസനത്തിനുള്ള തുക ബജറ്റിൽ വകയിരുത്തണം. ഗവേഷണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ അത്യാധുനിക പരീക്ഷണശാലകളും അസംസ്കൃത വസ്തുക്കൾ സംഭരിക്കുവാനും സർക്കാർ സഹായം അത്യാവശ്യമാണ്. മികച്ച കരിക്കുലം രൂപപ്പെടുത്താനും നടപ്പിലാക്കാനും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തണം.

(ലേഖകൻ മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗവും കോട്ടയം സിഎംഎസ് കോളജ് പ്രിൻസിപ്പലുമാണ്)