Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാർട്ടപ്പുകൾക്ക് പ്രവർത്തനത്തിന് മൂലധന സഹായം നൽകണം

dr-saji-gopinath ഡോ. സജി ഗോപിനാഥ്

കേരള സ്റ്റാർട്ടപ് മിഷൻ കേരളത്തിലെ 196 കോളജുകളിൽ ഇന്നവേഷൻ ആൻഡ് ഒൻട്രപ്രനർഷിപ് സെന്ററുകൾ തുടങ്ങിയിട്ടുണ്ട്. പ്രഫഷനൽ കോളജുകൾ, ബിരുദാനന്തര ബിരുദ കോഴ്സുകളുള്ള കോളജുകൾ, പോളി ടെക്നിക് കോളജുകൾ തുടങ്ങിയവയിലാണു സെന്ററുകൾ. സ്റ്റാർട്ടപ് സംരംഭങ്ങളെ അടുത്ത തലത്തിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ സാങ്കേതിക സഹായങ്ങളോടൊപ്പം വിപണി കണ്ടെത്താനുള്ള സഹായവും നൽകുന്ന പദ്ധതികൾ ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.  

കൈത്താങ്ങാകാൻ നികുതിയിളവ്
ജിഎസ്ടി നിലവിൽ വന്നത് പല സ്റ്റാർട്ടപ്പുകളെയും പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. നിശ്ചിത സമയത്തേക്ക് വരുമാന നികുതിയിളവു നൽകിയതു പോലെ ജിഎസ്ടി ഇളവ് നൽകിയാൽ സഹായമായിരിക്കും. ഹാർഡ്‌വെയർ അധിഷ്‌ഠിതമായി കേരളത്തിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ജിഎസ്ടി നികുതിയിളവ് വളരെ സഹായകമാവും.

സ്റ്റാർട്ടപ് ലക്ഷ്യമാക്കിയുള്ള ലാബുകൾ
വിദ്യാർഥികൾക്കു സ്റ്റാർട്ടപ് സംരംഭകങ്ങളോട് ആഭിമുഖ്യം വളർത്തുവാൻ സ്കൂൾ തലത്തിൽ ലാബുകൾ തുടങ്ങാൻ ബജറ്റിൽ തുക വകയിരുത്തിയാൽ നന്നായിരുന്നു. ഇന്നവേഷൻ ആൻഡ് ഒൻട്രപ്രനർഷിപ് സെന്ററുകളുടെ പ്രവർത്തനത്തിനുള്ള വിഹിതം ഇൗ വർഷം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വേണ്ടത് പ്രവർത്തനമൂലധനം
പ്രവർത്തന മൂലധനത്തിന്റെ അപര്യപ്തതയാണ് സ്റ്റാർട്ടപ് സംരംഭങ്ങൾ അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളി. സ്റ്റാർട്ടപ്പുകൾക്ക് ഒാർഡറുകൾ ലഭിക്കുമ്പോൾ അഡ്വാൻസ് തുകയൊന്നും ലഭിക്കാനിടയില്ല. ഒാർഡർ സമയബന്ധിതമായി തീർക്കാൻ പ്രവർത്തന മൂലധനം ആവശ്യമായി വരും. മുൻപ് കേരള ഫിനാൻഷ്യൽ കോർപറേഷൻ 25 ലക്ഷം രൂപ വരെ കൊളാറ്ററൽ സെക്യൂരിറ്റി നൽകിയിരുന്നു. സ്റ്റാർട്ടപ് സംരംഭകങ്ങൾക്ക് പ്രവർത്തന മൂലധനം ലഭ്യമാക്കുന്ന പദ്ധതികൾക്കായി ബജറ്റിൽ തുക വകയിരുത്തിയാൽ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് അത് സഹായകമാകും. 

ഉൽപന്നങ്ങൾ വാങ്ങാൻ ധനസഹായം
നിലവിൽ വിവിധ സർക്കാർ വകുപ്പുകൾക്ക് മൊബൈൽ ആപ്പ് പോലുള്ളവ അഞ്ചു ലക്ഷം രൂപ വരെ ടെൻഡറില്ലാതെ വാങ്ങാൻ അനുവാദമുണ്ട്. ഈ തുകയുടെ പരിധി ഉയർത്തിയാൽ സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് അത് ഉണർവാകും. സ്റ്റാർട്ടപ് സംരംഭങ്ങളുടെ ഉൽപന്നങ്ങൾക്ക് വിപണന സാധ്യത ഇതിലൂടെ ഉറപ്പാക്കാം.

(ലേഖകൻ കേരള സ്റ്റാർടപ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസറാണ്)