Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാങ്കിങ്: വരാനിരിക്കുന്നതു വൻ മാറ്റങ്ങൾ

bank-office

കഴിഞ്ഞ രണ്ടു വർഷങ്ങളെ അപേക്ഷിച്ചു ബാങ്കിങ് രംഗത്ത് അവസരങ്ങൾ വർധിക്കുമെന്നു പ്രതീക്ഷിക്കാവുന്ന വർഷമാണിത്. കാരണങ്ങൾ രണ്ടാണ്– തിരിച്ചടികൾക്കുശേഷം സമ്പദ്‌വ്യവസ്ഥ ഈ വർഷം കരകയറുമെന്ന പ്രതീക്ഷ യാഥാർഥ്യമായാൽ അതിനനുസരിച്ചു തൊഴിലവസരങ്ങളുമേറും. കേന്ദ്ര സർക്കാരിന്റെ മൂലധനവൽക്കരണ പദ്ധതി പൊതുമേഖലാ ബാങ്കുകൾക്കു സമ്മാനിക്കുന്ന ഊർജമാണ് രണ്ടാമത്തെ കാരണം.

ഓട്ടമേഷനും ഡിജിറ്റൽ പണമിടപാട് സൗകര്യങ്ങളുമെല്ലാം ചേർന്നു ബാങ്കിങ് രംഗത്തു നിയമനങ്ങൾ കുറയ്ക്കാൻ വഴിയൊരുക്കുന്നുവെന്നു വാദമുണ്ടെങ്കിലും അടുത്ത രണ്ടു വർഷത്തേക്ക് ഇക്കാര്യത്തിൽ കടുത്ത ആശങ്ക വേണ്ട; 2020നു ശേഷം എന്തൊക്കെ മാറ്റങ്ങളാകും വരികയെന്നു നമുക്ക് ഇപ്പോൾ ഉറപ്പിക്കാനാകില്ലെങ്കിലും. അപ്പോൾ പോലും ഇടപാടുകാരുമായി നേരിട്ട് ഇടപെടേണ്ട സെയിൽസ് പോലെയുള്ള വിഭാഗങ്ങളിൽ കാര്യമായ ഇടിവിനു സാധ്യതയില്ല.

ഓട്ടമേഷൻ വന്നാലും...
ഓട്ടമേഷൻ തൊഴിൽമേഖലയെ കാര്യമായി സ്വാധീനിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ അതിനു ഗുണകരമായ മറുവശവുമുണ്ട്. ബാങ്കുകളുടെ കാര്യക്ഷമതയും പ്രവർത്തനവേഗവും കൂടും. അങ്ങനെ കൂടുതൽ വളർച്ച കൈവരിക്കുമ്പോൾ പുതിയ അവസരങ്ങളും ലഭ്യമാകും. ഫ്രണ്ട് ഓഫിസിലും ബാക്ക് ഓഫിസിലും ചില ചട്ടപ്പടി ജോലികൾ ഇല്ലാതാകും. എന്നാൽ ഓപ്പറേഷൻസ്, റിസ്ക് മാനേജ്മെന്റ്, ക്ലയന്റ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ പുതിയ അവസരങ്ങൾ ഉയർന്നുവരും. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിലും കൂടുതൽ ഊന്നൽ നൽകേണ്ടി വരും. ഫ്രണ്ട് ഓഫിസിൽ ഏറ്റവും നിർണായകമായ ചുമതലകളിൽനിന്നു മനുഷ്യനെ മാറ്റിനിർത്താൻ സാങ്കേതികവിദ്യാ മാറ്റങ്ങൾക്കു കഴിയില്ല.

ബ്ലോക്ക്ചെയിൻ പോലെയുള്ള പുതു സാങ്കേതികവിദ്യകൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ പോകുന്നു. തൊഴിൽമേഖലയിൽ ഇതിന്റെ സ്വാധീനം ഇപ്പോൾ പറയാൻ കഴിയില്ലെങ്കിലും കൂടുതൽ സ്പെഷലൈസ്ഡ് ജോലികൾ ഉരുത്തിരിയുമെന്ന് ഉറപ്പാണ്.

വൈദഗ്ധ്യം പ്രധാനം
ബാങ്കിങ് പ്രഫഷനലിൽനിന്ന് ഒരു പതിറ്റാണ്ടിനു മുൻപു പ്രതീക്ഷിച്ചിരുന്ന ശേഷികളല്ല ഇപ്പോൾ പ്രതീക്ഷിക്കുന്നത്. എന്നാൽ ബാങ്കിങ് പരീക്ഷകളാകട്ടെ, ഇപ്പോഴും ദേശസാൽക്കരണത്തിനു ശേഷം രൂപപ്പെട്ട അതേ മാതൃക പിന്തുടരുകയാണ്. എന്നാൽ ഈ സ്ഥിതി മാറും. ക്യാംപസ് റിക്രൂട്മെന്റും ലാറ്ററൽ റിക്രൂട്മെന്റും ഉൾപ്പെടെ പുതുതായി ഉരുത്തിരിഞ്ഞുവരുന്ന മാറ്റങ്ങൾക്ക് ഇനി ആക്കം കൂടും. ക്രെഡിറ്റ് അപ്രൈസൽ, മാർക്കറ്റിങ്, എച്ച്ആർ, ഐടി, റിസ്ക് മാനേജ്മെന്റ് തുടങ്ങി ബാങ്കിങ്ങിൽ തന്നെ വിദഗ്ധ മേഖലകൾക്കു കൂടുതൽ ഊന്നൽ നൽകുന്ന രീതി വരും; ലയനങ്ങളിലൂടെ ബാങ്കുകൾ വലുതാകുന്നതോടെ പ്രത്യേകിച്ചും.ലയനങ്ങൾ മൂലം പുതിയ തൊഴിലവസരങ്ങളിൽ പെട്ടെന്നൊരു ഇടിവ് വന്നേക്കും. എന്നാൽ തുടർന്നുള്ള വളർച്ചയുടെ ഘട്ടത്തിൽ അവസരങ്ങളേറുക തന്നെ ചെയ്യും.

baby കെ.പി. ബേബി

റോളുകൾ മാറുന്നു
ഡിജിറ്റൽ യുഗത്തിൽ ബാങ്കും ഇടപാടുകാരും തമ്മിലുള്ള ബന്ധം മാറി. ജനം ബാങ്കിലെത്താതെ ഇടപാടുകൾ നടത്തുന്ന കാലമാണിത്; വൻ നഗരങ്ങളിൽ പ്രത്യേകിച്ചും. സാന്നിധ്യം ഉറപ്പിക്കാൻ ബാങ്കുകൾ പുറത്തേക്കിറങ്ങിച്ചെല്ലേണ്ട സാഹചര്യമാണ്. കരിയറിലും ഈ മാറ്റം പ്രതിഫലിക്കും. അക്കൗണ്ട് തുറക്കാൻ സഹായിക്കുകയും കാശെണ്ണി കൊടുക്കുകയും മാത്രം ചെയ്തിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്റെ കാലം കഴി‍ഞ്ഞു. റിലേഷൻഷിപ് മാനേജ്മെന്റ്, ക്രോസ് സെല്ലിങ് തുടങ്ങിയ മേഖലകളിലൂടെയാകും ഇനി യാത്ര.

(ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും ഹെഡ് ട്രഷറിയുമാണ് ലേഖകൻ)

Job Tips >>