Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുകിട സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെ ജാമ്യമില്ലാതെ വായ്പ

businessman

സംരംഭകന്റെ പണം മാത്രം ആശ്രയിച്ചു സംരംഭം നടത്തുന്നത്, എല്ലായ്പോഴും പ്രായോഗികമല്ലല്ലോ. അതുകൊണ്ടുതന്നെ, മിക്ക സംരംഭങ്ങൾക്കും ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളെ  ആശ്രയിക്കേണ്ടിവരും. ഒരു സംരംഭം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഏറ്റവു വലിയ തലവേദന ഉണ്ടാക്കുന്ന കാര്യമാണു പലർക്കും ഈ ഘട്ടം. എന്നാൽ സ്വന്തം സംരംഭത്തെക്കുറിച്ച് തികഞ്ഞ വ്യക്തതയും ആത്മവിശ്വാസവും, സർവോപരി നല്ലൊരു പ്രോജക്ട് റിപ്പോർട്ടും കൈവശമുളളവർക്ക് ഈ വിഷമഘട്ടം തരണം ചെയ്യുവാൻ സാധിക്കും. 

1. പ്രോജക്ട് റിപ്പോർട്ടിൽ എന്തെല്ലാം ഉണ്ടായിരിക്കണം?
നല്ലതുപോലെ തയാറാക്കിയ പ്രോജക്ട് റിപ്പോർട്ട് വിജയത്തിലേക്കുള്ള ടിക്കറ്റാണെന്നാണ് ചൊല്ല്. വിജയം വരിച്ച പല സംരംഭകരും ഊന്നിപ്പറയുന്നൊരു കാര്യമാണിത്. പല ചെറു കിട സംരംഭങ്ങളുടെയും പരാജയകാരണങ്ങള്‍ അന്വേഷിച്ചു ചെന്നാൽ, ‘തട്ടിക്കൂട്ടിയ’ പ്രോക്ട് റിപ്പോർട്ടും പരാജയത്തിന്റെ മുഖ്യകാരണങ്ങളിലൊന്നായിരിക്കുമെന്ന് കാണാം. 

സംരംഭകന്റെ ബിസിനസ് ലക്ഷ്യങ്ങൾ എന്താണെന്ന് വ്യക്തമാക്കുന്നതായിരിക്കണം പ്രേജക്ട് റിപ്പോർട്ട്. പ്രോജക്ടിന്റെ വിജയസാധ്യതകൾ അവലോകനം ചെയ്യുന്ന ഒരാൾ ചോദിക്കാവുന്ന ചോദ്യങ്ങൾക്കു യുക്തിസഹമായ ഉത്തരങ്ങൾ ഈ റിപ്പോർട്ടിലുണ്ടാകണം. താഴെ പറയുന്ന കാര്യങ്ങളാണ് മുഖ്യമായും ഒരു പ്രോജക്ട് റിപ്പോർട്ടിൽ ഉണ്ടാകേണ്ടത്.

∙സംരംഭകന്റെ യോഗ്യതകൾ, മുൻപരിചയം, സംരംഭം തിരഞ്ഞെടുക്കുവാനുള്ള കാരണങ്ങൾ.

∙പ്രോജക്ടിന്റെ ലക്ഷ്യവും വ്യാപ്തിയും.

∙ഉൽപന്നത്തിന്റെ സ്വഭാവം, ഗുണങ്ങൾ, ഉപയോഗം.

∙വിപണി സാധ്യതകൾ.

∙അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത.

∙ഉൽപാദനം, അവലംബിക്കുന്ന സാങ്കേതികവിദ്യ.

∙വിപണന മാർഗങ്ങൾ.

∙സ്ഥിരനിക്ഷേപവും പ്രവർത്തന മൂലധനവുമടക്കം പ്രോജക്ട് ആരംഭിക്കുന്നതിനാവശ്യമായ പദ്ധതി അടങ്കൽ (Cost of Project)

∙ധനസമാഹരണം (Source of Finance).

∙ധനാഗമ മാർഗമങ്ങളെപ്പറ്റിയുള്ള വിശകലനം(Profitability/cash flow statement).

∙വായ്പ തിരിച്ചടവിനുള്ള പദ്ധതി (Loan repayment statement).

2. ബാങ്ക് വായ്പ നേടുന്നതെങ്ങനെ?
ഏതൊരു ബിസിനസിൽ പണം മുടക്കുന്നയാളിന്റെയും ലക്ഷ്യം ന്യായമായ പ്രതിഫലനമാണ്. ഇതുറപ്പാക്കണമെങ്കിൽ പദ്ധതി സാങ്കേതികമായും സാമ്പത്തികമായും ഭദ്രമായിരിക്കണം. വായ്പ അനുവദിക്കുന്ന സ്ഥാപനത്തിന് ഇത് ബോധ്യപ്പെടുകയും വേണം. നൽകുന്ന വായ്പ ഗഡുക്കളായി തിരിച്ചടയ്ക്കുവാൻ സാധിക്കുമോയെന്ന് ധനകാര്യ സ്ഥാപനങ്ങൾ ഗഹനമായി പരിശോധിക്കുകയും ചെയ്യും.

ധനകാര്യ സ്ഥാപനങ്ങളുടെ വിവിധ വായ്പാ പദ്ധതികളെപ്പറ്റിയും വികസന ഏജൻസികൾ നൽകുന്ന സബ്സിഡി, മാർജിൻ മണി വായ്പ തുടങ്ങിയ ആനുകൂല്യങ്ങളെപ്പറ്റിയും ഏകദേശ ധാരണ സംരംഭകന് മുൻകൂറായി ഉണ്ടാകണം. അതനുസരിച്ച് പദ്ധതി വിശദമായി ആസൂത്രണം ചെയ്യുവാൻ സാധിക്കും. കൂടാതെ ഉൽപാദനം വിപണനം, നിക്ഷേപം ഇവ തമ്മിലുള്ള ബന്ധവും ഓരോ വിഭാഗത്തിന്റെ പ്രവർത്തനവും സംരംഭകൻ അറിഞ്ഞിരിക്കണം. 

ഇവ ഉൾകൊണ്ട് പദ്ധതി തയാറാക്കുകയാണെങ്കിൽ, അത് പണം വായ്പ നൽകുന്ന  സ്ഥാപനത്തിനോ പദ്ധതിയിൽ നിക്ഷേപം നടത്തുവാനുദ്ദേശിക്കുന്നവർക്കോ കാര്യങ്ങൾ വേഗം ഗ്രഹിക്കുവാൻ കഴിയും. അവരെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തുക താരതമ്യേന എളുപ്പമായിരിക്കും. ധനകാര്യ സ്ഥാ പനങ്ങളില്‍ സാധാരണ അനുഭവപ്പെടാറുള്ള കാലതാമസവും നടപടിക്രമങ്ങളും കുറയ്ക്കുവാനും സാധിക്കും. 

3. ജാമ്യരഹിതവായ്പ
ചെറുകിട സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെ ജാമ്യ (security)മില്ലാതെ വായ്പ നൽകുവാൻ ബാങ്കുകൾക്ക് നിർദേശമുണ്ട്. ക്രെഡിറ്റ് ഗാരന്റി ട്രസ്റ്റ് (CGTMSE) മുഖേന, മൊത്തം വായ്പയുടെ 75 ശതമാനം, പരമാവധി ഒരു കോടി രൂപ വരെ, നിബന്ധനകൾക്കു വിധേയമായി, ഗാരന്റി നൽകുന്ന സംവിധാനം നിലവിലുണ്ട്. 

നല്ല പ്രോജക്ട് ആശയങ്ങൾ, കൃത്യമായ പദ്ധതിയുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കുവാൻ മുന്നോട്ടുവരുന്ന സംരംഭകരെ സ്വാഗതം ചെയ്യുന്ന ഒരു ബാങ്കിങ് സംവിധാനം ഇപ്പോഴുണ്ട്. ആയതിനാൽ സംരംഭകർ ഒരു ‘പ്രഫഷനൽ’ സമീപനം അവലംബിച്ചുകൊണ്ട് അത് പ്രയോജനപ്പെടുത്തുകയാണു വേണ്ടത്. ധനകാര്യ സ്ഥാപനങ്ങളെ  പദ്ധതിയുടെ മേൽ പ്രതിപാദിച്ച വിവരങ്ങൾ മനസ്സിലാക്കിക്കുവാൻ വേണ്ട കഴിവ് സംരംഭകൻ നേടിയിരിക്കേണ്ടതാണ്.


കടപ്പാട്
1 ലക്ഷത്തിന് തുടങ്ങാവുന്ന ബിസിനസ്സുകൾ
ടി.എസ് ചന്ദ്രൻ
മനോരമ ബുക്സ്

Order Book>>