വീടിനടുത്തു ജോലി നേടാം ഫേസ്ബുക്ക് വഴി

ഫേസ്ബുക്ക് വഴി നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാം. പോസ്റ്റിടാം, കമന്റിടാം, ലൈക്കടിക്കാം, ചാറ്റു ചെയ്യാം, സമീപത്തുള്ള കൂട്ടുകാരെ കണ്ടുപിടിക്കാം. എന്നാല്‍ ഇനി ഒരു ജോലി കിട്ടാനും ഫേസ്ബുക്ക് നിങ്ങളെ സഹായിക്കും. ജോലി തേടാനും തൊഴില്‍ അവസരങ്ങള്‍ പോസ്റ്റ് ചെയ്യാനും, അഭിമുഖം ഷെഡ്യൂള്‍ ചെയ്യാനുമെല്ലാം സഹായിക്കുന്ന സൗജന്യ ജോബ് പോസ്റ്റിങ് ടൂള്‍ ഇന്ത്യ ഉള്‍പ്പെടെ 40 രാജ്യങ്ങളിലേക്കു വ്യാപിപ്പിച്ചിരിക്കുകയാണ് ഫേസ്ബുക്ക്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ടൂള്‍ അമേരിക്കയിലും കാനഡയിലും മാത്രമായിരുന്നു ലഭ്യമായിരുന്നത്. 

ലിങ്ക്ഡ് ഇന്‍, ഗ്ലാസ്‌ഡോര്‍, നൗക്രി, മോണ്‍സ്റ്റര്‍ പോലുള്ള സൈറ്റുകള്‍ക്കു ഫേസ്ബുക്കിന്റെ പുതിയ ഫീച്ചര്‍ വെല്ലുവിളി ഉയര്‍ത്തും. പ്രാദേശികമായി ലഭ്യമായ അത്രയൊന്നും നൈപുണ്യം ആവശ്യമില്ലാത്ത തൊഴിലുകളിലാണു ഫേസ്ബുക്ക് ജോബ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അമേരിക്കയിലും കാനഡയിലും ജോലി തേടുകയും കണ്ടെത്തുകയും ചെയ്യുന്ന നാലു പേരിലൊരാള്‍ അവ ഫേസ്ബുക്കിലൂടെയാണു നിലവില്‍ ചെയ്യുന്നത്. ഫേസ്ബുക്കില്‍ നിങ്ങള്‍ നല്‍കുന്ന സ്ഥലത്തിന്റെ 161 കിലോമീറ്റര്‍ ചുറ്റളവിലുള്ള ജോലികളാകും ജോബ്‌സ് ഫീച്ചര്‍ ലഭ്യമാക്കുക. 

തൊഴിലാളികളെ ആവശ്യമുള്ളവര്‍ക്കും അവരുടെ ആവശ്യം ഇതില്‍ നല്‍കാന്‍ സാധിക്കും. തൊഴില്‍ തേടുന്നവര്‍ക്ക് അവര്‍ക്ക് താത്പര്യമുള്ള മേഖലയും തൊഴില്‍ ഇനവും തിരഞ്ഞെടുത്തു നല്‍കി വിവിധ ഒഴിവുകള്‍ക്കായി സബ്‌സ്‌ക്രൈബ് ചെയ്യാവുന്നതാണ്. ആ മേഖലയിലുള്ള തൊഴിലുകള്‍ വരുമ്പോള്‍ അതു സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഇവര്‍ക്ക് ലഭിക്കും. ഡെസ്‌ക്ടോപ്പ്, മൊബൈല്‍ വേര്‍ഷനുകളില്‍ ഫേസ്ബുക്ക് ജോബ്‌സ് ലഭ്യമാണ്. 

2016ല്‍ ഫേസ്ബുക്ക് ജോലി സ്ഥലത്തെ മെസേജിങ് പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് അറ്റ് വര്‍ക്ക് പുറത്തിറക്കിയിരുന്നു. 30,000 ല്‍ അധികം സ്ഥാപനങ്ങള്‍ ഈ ടൂള്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. 

Job Tips >>