ഈ കോടീശ്വരന്റെ റെസ്യൂമേ എത്ര പേജ്?

ടെസ്‌ല, സ്പേസ്എക്‌സ് കമ്പനികളുടെ സിഇഒയായ ഇലോണ്‍ മസ്‌ക് ഒരു സകലകലാവല്ലഭനാണ്. സംരംഭകന്‍, എൻജിനീയര്‍, ഉപജ്ഞാതാവ്, നിക്ഷേപകന്‍, ശതകോടീശ്വരന്‍, പണക്കാരുടെ ഫോബ്‌സ് പട്ടികയിലെ 54-ാമന്‍ എന്നിങ്ങനെ ഇലോണ്‍ മസ്‌കിന് മേല്‍വിലാസങ്ങള്‍ പലതാണ്. തന്റെ 46 വയസ്സിനിടയ്ക്ക് ഇലോണ്‍ കൈവയ്ക്കാത്ത മേഖലകള്‍ ഇല്ലെന്നു തന്നെ പറയാം. 

ഇങ്ങനൊരു പഹയന്റെ റെസ്യൂമേയ്ക്ക് എന്തു നീളമുണ്ടാകും എന്നൊന്നു ചിന്തിച്ചു നോക്കൂ. കൈവരിച്ച നേട്ടങ്ങളും വഹിച്ച സ്ഥാനങ്ങളും താത്പര്യമുള്ള മേഖലകളും എല്ലാം കണക്കാക്കിയാല്‍ 10 പേജില്‍ കുറയില്ല ഇലോണിന്റെ റെസ്യൂമേ. അങ്ങനെയൊരാളുടെ റെസ്യൂമേ വെറും ഒരു പേജില്‍ ഒതുക്കുക എന്നത് ഒരു കനത്ത വെല്ലുവിളി തന്നെയാണ്. 

എന്നാല്‍ റെസ്യൂമേ എഴുത്തു സ്ഥാപനമായ നോവോറെസ്യൂമേ ഈ വെല്ലുവിളി ഏറ്റെടുത്തു. പാരാവാരം പോലെ കിടക്കുന്ന ഇലോണിന്റെ നേട്ടങ്ങളും മറ്റും ആറ്റിക്കുറുക്കിയെടുത്ത് ഒരൊറ്റ പേജില്‍ ഒന്നൊന്നര റെസ്യൂമേ തയ്യാറാക്കുകയും ചെയ്തു. വളരെ ലളിതമായ ഭാഷയില്‍ ഡിസൈനിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ചു കൊണ്ടാണ് നോവോറെസ്യൂമേ ഇതു സാധ്യമാക്കിയത്. ഇതിന് ഇവര്‍ സ്വയം മുന്നോട്ട് വന്നതിന്റെ കാരണമാണ് ഉദ്യോഗാർഥികളെ സംബന്ധിച്ചിടത്തോളം പ്രസക്തം. 

തൊഴില്‍ തേടുന്നവര്‍ അതിദീര്‍ഘമായ റെസ്യൂമേയുമായി കറങ്ങി നടക്കേണ്ട ഒരാവശ്യവുമില്ല എന്നു ലോകത്തെ ബോധ്യപ്പെടുത്താനാണ് നോവോ റെസ്യൂമേ ഇങ്ങനെയൊരു ഉദ്യമത്തിന് മുതിര്‍ന്നത്. ഇലോണ്‍ മസ്‌കിനെ പോലെ ഒരാളുടെ റെസ്യൂമേ ഇപ്രകാരം ഒരു പേജില്‍ ഒതുക്കാമെങ്കില്‍ എന്തു കൊണ്ടു നിങ്ങള്‍ക്കും ആയിക്കൂടാ എന്നാണ് ഇവര്‍ ചോദിക്കുന്നത്. അടുത്ത തവണ ജോലിക്കായി റെസ്യൂമേ എഴുതുമ്പോള്‍ ഇലോണ്‍ മസ്‌കിന്റെ ഈ ഒറ്റ പേജ് റെസ്യൂമേ എല്ലാവരുടെയും മനസ്സിലുണ്ടാകട്ടെ. 

കടപ്പാട് : novoresume.com


Success Stories>>