Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടുലക്ഷത്തിലധികം ജോലി സാധ്യതകളുമായി ആർപിഎ

Author Details
Happy

ഔട്ട്സോഴ്സിങ് ആയിരുന്നു കഴിഞ്ഞ പതിറ്റാണ്ടിൽ തൊഴിൽമേഖലയിലുണ്ടായ വിപ്ലവം. ബിപിഒ എന്ന മൂന്നക്ഷരങ്ങൾ ഇന്ത്യയ്ക്കു സമ്മാനിച്ച സാധ്യതകൾ നാം കണ്ടതാണ്. എന്നാൽ അതു മായ്ച്ച് വേറെ മൂന്നക്ഷരങ്ങൾ എഴുതിച്ചേർക്കുകയാണു സാങ്കേതികവിദ്യ – ആർപിഎ; റോബട്ടിക് പ്രോസസ് ഓട്ടമേഷൻ. 

ഇൻഡസ്ട്രിയൽ റോബട്ടിക്സ് എന്ന ശാഖയെക്കുറിച്ചു പലരും കേട്ടിരിക്കും. ഓട്ടമേറ്റഡ് രീതിയിൽ പ്രവർത്തിക്കുന്ന ക്രെയിനുകളും പിക്കറുകളും മറ്റും വ്യവസായ സ്ഥാപനങ്ങളിൽ തൊഴിലാളികളുടെ പ്രയത്നം ലഘൂകരിക്കുന്നു. ഇൻഡസ്ട്രിയൽ റോബട്ടിക്സ് ഉൽപാദനമേഖലയിലാണു വിപ്ലവം കൊണ്ടുവന്നതെങ്കിൽ ആർപിഎ മാറ്റിമറിക്കാൻ പോകുന്നത് അഡ്മിനിസ്ട്രേറ്റീവ് ജോലികളെയാണ്; പ്രത്യേകിച്ചും ബാക്ക് ഓഫിസ്, ക്ലറിക്കൽ ജോലികളെ.

എന്താണ് ആർപിഎ
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ പരിണതഫലമാണ് ഈ സാങ്കേതികവിദ്യ. കണക്കുകൂട്ടൽ, സാമ്പത്തിക ഇടപാടുകളുടെ റെക്കോഡ് തയാറാക്കൽ, കസ്റ്റമർ കെയർ, കോൾ സെന്റർ സേവനങ്ങൾ തുടങ്ങിയവയിൽ പ്രോഗ്രാം ചെയ്ത റോബട്ട് സോഫ്റ്റ്‌വെയറുകൾ തൊഴിലാളികളുടെ സഹായത്തിനെത്തും. ഒരു കമ്പനിയുടെ നിലവിലുള്ള ഐടി സംവിധാനങ്ങൾ മാറ്റിമറിക്കാതെ തന്നെ ആർ‌പിഎ നടപ്പാക്കാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ മെച്ചം. അക്കൗണ്ടിങ് മുതൽ ഹ്യൂമൻ റിസോഴ്സ് വരെ, ഒരു കമ്പനിയുടെ സമസ്ത മേഖലകളിലും ഇടപെടാൻ ആർപിഎയക്ക കഴിയും.‌ 

സാധാരണ ഓട്ടമേഷനും ആർപിഐയും തമ്മിൽ മറ്റൊരു വലിയ വ്യത്യാസമുണ്ട്; മാറ്റങ്ങൾ അറിയാനും അതു പഠിക്കാനുമുള്ള കഴിവ്. നിലവിലുള്ള പ്രവർത്തനങ്ങളെ ആദ്യഘട്ടത്തിൽ പരിചയപ്പെട്ടാൽ തുടർന്നു സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും പ്രവർത്തിക്കാനും കഴിയും; മനുഷ്യനെപ്പോലെ.

റോബട്ടിക് ഓട്ടമേഷനും ജോലിയും
മനുഷ്യന്റെ പണി കളയുന്ന സാങ്കേതികവിദ്യയെന്ന രീതിയിലാണു പലരും ഓട്ടമേഷനെ സമീപിക്കുന്നത്. എന്നാൽ ഇതു ഭാഗികമായി മാത്രമേ ശരിയാകുന്നുള്ളൂ. ഓക്സ്ഫഡ് സർവകലാശാലയുടെ പഠനപ്രകാരം 2035 ആകുന്നതോടെ ലോകത്തെ 35 % ക്ലറിക്കൽ ജോലികളും ഓട്ടമേറ്റഡ് ആകും. റോബട്ടിക് ഓട്ടമേഷൻ‌ ജോലികൾ ഒരുപാടൊന്നും കളയാനിട വരുത്തുന്നില്ലെന്നാണ് ഹാർവഡ് ബിസിനസ് റിവ്യു യുഎസിൽ നടത്തിയ പഠനത്തിലെ അനുമാനം. നിലവിലുള്ള തൊഴിലാളികളുടെ ഉൽപാദനക്ഷമതയേറുകയും ചെയ്യുന്നു. മനുഷ്യനും റോബട്ടും ഒരുമിച്ചു ജോലി ചെയ്യുന്ന സാഹചര്യം ഉടലെടുക്കുമ്പോൾ നിലവിലുള്ള ജീവനക്കാർ അവരുടെ ശേഷികൾ മെച്ചപ്പെടുത്തേണ്ടി വരുമെന്നു കൊഗ്നിസന്റിന്റെ ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ബിസിനസ് ഹെഡ് ശ്രീനികേത് ചക്രവർത്തി ചൂണ്ടിക്കാട്ടുന്നു. 

അതേസമയം, ആർപിഎ പ്രചാരത്തിലാകുന്നതോടെ ബിപിഒ ജോലികൾ ഒരു പരിധി വരെ അപ്രസക്തമാകും. ഔട്ട്സോഴ്സിങ് ജോലികളുടെ ഹബ്ബായ ഇന്ത്യയിലും ഇതിന്റെ അലയൊലികൾ പ്രകടമാകും.തൊഴിലിടങ്ങളിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കടന്നുവരുന്നതിന്റെ ആദ്യഘട്ടമായിട്ടാണ് ആർപിഎ കണക്കാക്കപ്പെടുന്നത്.

ഇന്ത്യയിലെ തൊഴിൽസാധ്യതകൾ
ആർപിഎ രംഗത്ത് 2021 ആകുന്നതോടെ രണ്ടുലക്ഷത്തിലധികം ജോലികൾ ലഭ്യമാകുമെന്നു യുഐപാത്ത് എന്ന ഐടി കമ്പനിയുടെ സിഇഒ അഭിപ്രായപ്പെടുന്നു. വിവിധ ജോബ്റോളുകൾ ഉരുത്തിരിഞ്ഞുവരും. ഏറ്റവും വലിയ അവസരം ഡവലപ്പർമാർക്കു തന്നെ. നിലവിൽ ആർപിഎ പരിശീലനം നൽകുന്നതു ചില സ്വകാര്യസ്ഥാപനങ്ങൾ മാത്രമാണ്. ബ്ലൂപ്രിസം, യുഐ പാത്ത്, ഓട്ടമേഷൻ എനിവെയർ, നൈസ്, എഡ്ജ്‌വെർവ് തുടങ്ങിയവ ഇന്നത്തെ പ്രമുഖ റോബട്ടിക് ഓട്ടമേഷൻ ടൂളുകളാണ്. ഇവയിൽ പ്രാവീണ്യം തേടേണ്ടത് അനിവാര്യമാകും. 

Job Tips >>