ഇന്ത്യയില്‍ ഏറ്റവുമധികം ശമ്പളം കിട്ടുന്നത് എവിടെ?

പ്രഫഷനലുകള്‍ക്ക് ഇന്ത്യയില്‍ ഏറ്റവുമധികം ശമ്പളം കിട്ടുന്ന നഗരം ഏതാണെന്ന് അറിയാമോ? അധികാരത്തിന്റെ ദണ്ഡ് പിടിച്ചു നില്‍ക്കുന്ന ഡല്‍ഹിയോ ശതകോടീശ്വരന്മാര്‍ തിങ്ങിപ്പാര്‍ക്കുന്ന മുംബൈയോ അല്ല. നമ്മുടെ അയല്‍പക്കത്തു കിടക്കുന്ന, ഒരു രാത്രി കൊണ്ടു കേരളത്തില്‍നിന്നു വണ്ടി പിടിച്ചു ചെല്ലാവുന്ന നമ്മ ബെംഗളൂരു. 

റിക്രൂട്ട്‌മെന്റ് ഏജന്‍സി റാന്‍സ്റ്റാഡ് ഇന്ത്യയുടെ സര്‍വേ അനുസരിച്ച് 10.8 ലക്ഷം രൂപയാണു പ്രഫഷനലുകള്‍ക്ക് ബെംഗളൂരുവിൽ ലഭിക്കുന്ന ശരാശരി വാര്‍ഷിക ശമ്പളം. കഴിഞ്ഞ വര്‍ഷവും ബെംഗളൂരു തന്നെയാണ് ശമ്പളക്കാര്യത്തില്‍ ഒന്നാമതെത്തിയത്. ഐടി ജോലികള്‍ക്കു പുറമേ സെയില്‍സ്, കണ്‍സല്‍റ്റിങ് അഡ്വൈസറി ജോലികളാണ് ബെംഗളൂരുവിനെ ശമ്പളക്കാര്യത്തില്‍ മുന്‍നിരയിലെത്തിച്ചത്. 

പുണെ (10.3 ലക്ഷം രൂപ), ഡല്‍ഹി (9.9 ലക്ഷം രൂപ), മുംബൈ (9.2 ലക്ഷം രൂപ), ചെന്നൈ (8 ലക്ഷം രൂപ), ഹൈദരാബാദ് (7.9 ലക്ഷം രൂപ), കൊല്‍ക്കത്ത (7.2 ലക്ഷം രൂപ) എന്നിവയാണ് പ്രഫഷനലുകളുടെ ശമ്പളത്തില്‍ ബെംഗളൂരുവിന് പിന്നിലുള്ള നഗരങ്ങള്‍. ഫാര്‍മ, ആരോഗ്യപരിചരണ വ്യവസായങ്ങളിലുള്ള പ്രഫഷനലുകള്‍ക്കാണ് ഏറ്റവുമധികം ശമ്പളം ലഭിക്കുന്നതെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. 

സര്‍വേ പ്രകാരം ശമ്പളത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള പ്രഫഷനലുകള്‍ ആറു മുതല്‍ 10 വര്‍ഷം വരെ അനുഭവസമ്പത്തുള്ള സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരാണ്- ശരാശരി വാര്‍ഷിക ശമ്പളം 18.4 ലക്ഷം രൂപ. സൊല്യൂഷന്‍ ആര്‍ക്കിടെക്ട്, പ്രോഡക്ട് എന്‍ജിനീയറിങ് സ്‌പെഷലിസ്റ്റ്, ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി എക്‌സ്‌പര്‍ട്ട്, ഐഒഎസ് സ്‌പെഷലിസ്റ്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്‌പെഷലിസ്റ്റ്, ആമസോണ്‍ വെബ് സര്‍വീസസ് സ്‌പെഷലിസ്റ്റ്,  റോബോട്ടിക്‌സ് പ്രോസസ് ഓട്ടോമേഷന്‍, കോര്‍ ജാവ പ്രഫഷനല്‍, ആന്‍ഡ്രോയ്ഡ് എന്‍ജിനീയര്‍ എന്നിവരാണ് സ്‌പെഷലിസ്റ്റ് ഡോക്ടര്‍ക്കു പിന്നില്‍ ആദ്യ പത്തിലുള്ള ഉന്നത ശമ്പളക്കാര്‍. ഇരുപതോളം വ്യവസായങ്ങളിലെ ഒരു ലക്ഷത്തോളം ജോലികള്‍ പഠിച്ചു വിലയിരുത്തിയാണ് റാന്‍സ്റ്റാഡ് സര്‍വേ റിപ്പോര്‍ട്ട് തയാറാക്കിയത്. 

Job Tips >>