ഒരു ജോലി എങ്ങനെയും കിട്ടാന്‍ വേണ്ടി സിവിയില്‍ നിറം പിടിപ്പിച്ച നുണകള്‍ എഴുതി വിടുന്നവര്‍ ശ്രദ്ധിക്കുക. കാരണം സിവിയില്‍ പറയുന്ന കാര്യങ്ങളില്‍ സംശയം തോന്നിയാല്‍ നുണ പരിശോധന അടക്കമുള്ള നടപടിക്രമങ്ങള്‍ നടത്താന്‍ ആരംഭിച്ചിരിക്കുകയാണ് ഇന്ത്യയിലെ തൊഴില്‍ദാതാക്കള്‍. കേസ് തെളിയിക്കാന്‍ മാത്രമല്ല ജോലി കിട്ടാനും ഇനി നുണ പരിശോധന വേണ്ടി വന്നേക്കാമെന്ന് ചുരുക്കം. ജോലി സ്ഥലത്തെ ഫണ്ട് വെട്ടിപ്പും വിലപ്പെട്ട വിവരങ്ങളുടെ ചോര്‍ച്ചയുമൊക്കെ കണ്ടു പിടിക്കാനും പല മുതലാളിമാരും നുണ പരിശോധനയെ ആശ്രയിച്ചു തുടങ്ങിയതായാണ് വിവരം.
ഹൈദരാബാദ് നഗരത്തിലെ ട്രൂത്ത് ലാബ് എന്ന സ്വകാര്യ ഫോറന്‍സിക് ലാബില്‍ പ്രതിവര്‍ഷം 30 ഓളം നുണ പരിശോധനകളാണ് വിവിധ കമ്പനികള്‍ക്ക് വേണ്ടി നടത്തുന്നത്. ഹൈദരാബാദില്‍ മാത്രമല്ല ഇന്ത്യയിലെ പല മെട്രോ നഗരങ്ങളിലും സ്വകാര്യ ലാബുകളിലൂടെയുള്ള നുണ പരിശോധനയ്ക്ക് പ്രചാരമേറുന്നതായാണ് വിവരം. ഇത് ഉദ്യോഗാര്‍ത്ഥിയുടെ പരിപൂര്‍ണ്ണ സമ്മതത്തോടെയാണ് നടത്തുന്നതെന്ന് മാത്രം. രക്തസമ്മര്‍ദ്ധത്തിലെ വ്യതിയാനം, വിയര്‍പ്പിന്റെ അളവ്, പള്‍സ്, നെഞ്ചിടിപ്പ്, ശരീരോഷ്മാവ് തുടങ്ങിയ നിരവധി ശാരീരിക മാറ്റങ്ങള്‍ അളന്നാണ് വിദഗ്ധര്‍ നുണ പരിശോധനയിലൂടെ കളളത്തരം കണ്ടു പിടിക്കുന്നത്. ബാങ്കിങ്ങ്, ധനകാര്യ രംഗവുമായി ബന്ധപ്പെട്ട കമ്പനികളില്‍ പണം കൈകാര്യം ചെയ്യേണ്ട തരം ജോലികള്‍ ചെയ്യണമെന്നതിനാല്‍ വിശ്വസ്തരായവര്‍ വേണം ജീവനക്കാരായി എത്താന്‍. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥിയുടെ നുണ പരിശോധന ഫലങ്ങള്‍ നിര്‍ണ്ണായകമാകും.
യൂറോപ്യന്‍ രാജ്യങ്ങളിലൊക്കെ റിക്രൂട്ട്‌മെന്റ് നടപടിയുടെ സ്വഭാവിക ഘടകമാണ് പോളിഗ്രാഫ് ടെസ്റ്റ്. പ്രത്യേകിച്ചും കുറ്റാന്വേഷണ ഏജന്‍സികള്‍ പോലെ മര്‍മ്മപ്രധാനമായ വകുപ്പുകളില്‍. 5000 മുതല്‍ 10000 വരെയാണ് സ്വകാര്യ ലാബുകള്‍ നുണപരിശോധനയ്ക്കായി കമ്പനികളില്‍ നിന്ന് ഈടാക്കുന്നത്. തൊഴില്‍ മേഖലയിലെ തട്ടിപ്പും മറ്റും വ്യാപകമായ കാലത്ത് നുണ പരിശോധനയ്ക്ക് കൂടുതല്‍ തൊഴില്‍ദാതാക്കള്‍ തയ്യാറാകുമെന്നാണ് കരുതുന്നത്.