ഇന്റര്‍നെറ്റു തുറന്നാല്‍ ട്രോളുകളുടെ പെരുമഴയാണ്. ചിരിയും ചിന്തയും ഉണര്‍ത്തുന്നതും കാലുവാരുന്നതും അധിഷേപിക്കുന്നതും പ്രകോപനമുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതുമായി ലക്ഷക്കണക്കിന് ട്രോളുകളാണ് ഫേസ്ബുക്കിലും മറ്റ് സാമുഹിക മാധ്യമങ്ങളിലും നിറയുന്നത്. എന്നാല്‍ ഈ ട്രോളുകള്‍ ഫേസ്ബുക്കിലെ മാത്രം കാര്യമല്ല. ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികളിലും ചാറ്റ് ഫോറങ്ങളിലും ബ്ലോഗുകളിലുമെല്ലാം ട്രോളുകളുണ്ട്. ഗൗരവമായ വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ ചര്‍ച്ച വഴി തിരിച്ചു വിടുന്നതിനും വികാരപരമായ പ്രതികരണമുണര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതുമായ കമന്റുകളുടെയും ചിത്രങ്ങളുടെയും ജിഫുകളുടെയുമൊക്കെ രൂപത്തിലാണ് ഇവിടെ ട്രോളുകള്‍ അവതരിക്കുകയെന്നു മാത്രം.
അധിക്ഷേപം പരിധി വിടുമ്പോള്‍ ട്രോളന്മാര്‍ സൃഷ്ടിക്കുന്ന തലവേദന ചില്ലറയില്ല. ഇതു കൊണ്ടു വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉണ്ടാകുന്ന പ്രശ്‌നങ്ങളും നിരവധി. അതുകൊണ്ടു ഈ ട്രോളന്മാര്‍ക്കു മണികെട്ടാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണു ഗൂഗിള്‍ സിഇഒയും ഇന്ത്യന്‍ വംശജനുമായ സുന്ദര്‍ പിച്ചൈ. പക്ഷേ, ഫെയ്സ്ബുക്കിലെ ട്രോളന്മാരെ അല്ല മറിച്ചു സ്വന്തം കമ്പനിക്കുള്ളിലെ ട്രോളന്മാര്‍ക്ക് എതിരെയാണു പിച്ചൈ നടപടിക്ക് ഒരുങ്ങുന്നതെന്ന് മാത്രം.
കമ്പനിയുടെ ഇന്റേണല്‍ മെയിലിങ് പ്ലാറ്റ്‌ഫോമിലും ചാറ്റിങ് കമ്മ്യൂണിറ്റിയിലുമെല്ലാം ട്രോളിങ്ങും വ്യക്തിഗത വിവരങ്ങള്‍ അനുവാദമില്ലാതെ പരസ്യപ്പെടുത്തുന്ന ഡോക്‌സിങ്ങും തെറിവിളികളുമെല്ലാം വിലക്കിക്കൊണ്ടു പുതിയ ഉത്തരവിറക്കിയിരിക്കുകയാണ് പിച്ചൈ. ഇതു സംബന്ധിച്ച് കമ്പനിയുടെ പുതിയ നയം വ്യക്തമാക്കുന്ന ഇമെയില്‍ കഴിഞ്ഞ ആഴ്ച ജീവനക്കാര്‍ക്കു ലഭിച്ചു. ചര്‍ച്ചകളും സംവാദങ്ങളും പ്രോത്സാഹിപ്പിക്കുമ്പോള്‍ തന്നെ പരസ്പര ബഹുമാനം നിലനിര്‍ത്തുന്ന കമ്പനി സംസ്‌കാരം കാത്തുസൂക്ഷിക്കുകയാണു പുതിയ നയത്തിന്റെ ലക്ഷ്യം. ജോലി സംബന്ധമായതും അല്ലാത്തതുമായ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്റേണല്‍ മെയിലിങ് ലിസ്റ്റുകളും ഫോറങ്ങളും ഉപയോഗപ്പെടുത്തുന്നവരാണ് ഗൂഗിള്‍ ജീവനക്കാര്‍.
ഇന്റേണല്‍ ഫോറങ്ങളിലെ ചര്‍ച്ചകള്‍ ആരു ശരിയെന്നു തീരുമാനിക്കുന്നതിനാവരുത് മറിച്ചു പരസ്പരം കൂടുതല്‍ മനസ്സിലാക്കുന്നതിനു വേണ്ടിയായിരിക്കണമെന്നു പുതിയ നയം വ്യക്തമാക്കുന്നു. ട്രോളുകളുമായി സഹപ്രവര്‍ത്തകരെ ആക്രമിക്കാനും ഒറ്റപ്പെടുത്താനും അതുവഴി തൊഴിലിടത്തിലെ ഉത്പാദനക്ഷമമായ അന്തരീക്ഷം ഇല്ലാതാക്കുന്നതിനും മുതിരുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സിഇഒ താക്കീതു നല്‍കുന്നു.