Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേവിയിൽ സെയിലറാകാം

Indian Navy

ഇന്ത്യൻ നാവിക സേനയിൽ സെയിലറാകാൻ കായിക താരങ്ങൾക്ക് അവസരം. സ്‌പോർട്‌സ് ക്വാട്ട എൻട്രി 02/2018 ബാച്ചിലേക്ക് രാജ്യാന്തര/ ദേശീയ/ സംസ്‌ഥാന/ ഇന്റർ യൂണിവേഴ്‌സിറ്റി തലങ്ങളിൽ കഴിവു തെളിയിച്ചവർക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷൻമാരായിരിക്കണം  അപേക്ഷകർ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ ഒൻപത്. ലക്ഷദ്വീപുകാർക്ക്: ജൂലൈ 16

അത്‌ലറ്റിക്‌സ്, അക്വാട്ടിക്‌സ്, ബാസ്‌ക്കറ്റ് ബോൾ, ബോക്‌സിങ്, ക്രിക്കറ്റ്, ഫുട്‌ബോൾ, ജിംനാസ്‌റ്റിക്‌സ്, ഹാൻഡ് ബോൾ, ഹോക്കി, കബഡി, വോളിബോൾ, വെയ്‌റ്റ് ലിഫ്‌റ്റിങ്, റസ്‌ലിങ്,  സ്‌ക്വാഷ്, ബെസ്റ്റ് ഫിസിക്, ഫെൻസിങ്, ഗോൾഫ്, ടെന്നീസ്, കയാക്കിങ് ആൻഡ് കനോയിങ്, റോവിങ്, ഷൂട്ടിങ്, സെയിലിങ് ആൻഡ് വിൻഡ് സർഫിങ്, ഇക്വസ്ട്രിയൻ (ഹോഴ്സ് പോളോ) കായികയിനങ്ങളിൽ അന്തർദേശീയ തലത്തിൽ/ ജൂനിയർ അല്ലെങ്കിൽ സീനിയർ നാഷനൽ ചാമ്പ്യൻഷിപ്പ്/ സീനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ്/ അഖിലേന്ത്യാ ഇന്റർയൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ് എന്നിവയിലേതെങ്കിലും  കഴിവു തെളിയിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം. 

യോഗ്യത,സ്‌പോർട്‌സ് യോഗ്യത, പ്രായം എന്നിവ തസ്‌തിക തിരിച്ചു ചുവടെ.

ഡയറക്‌ട് എൻട്രി പെറ്റി ഓഫിസർ: 10+2 യോഗ്യത/ തത്തുല്യം.

ജൂനിയർ/സീനിയർ വിഭാഗങ്ങളിൽ രാജ്യാന്തര/ ദേശീയ/ സംസ്‌ഥാന തലങ്ങളിൽ പ്രതിനിധീകരിച്ചിരിക്കണം അല്ലെങ്കിൽ ഇന്റർ യൂണിവേഴ്‌സിറ്റി ചാംപ്യൻഷിപ്പിൽ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ചിരിക്കണം. വ്യക്‌തിഗതയിനമാണെങ്കിൽ  ദേശീയതലത്തിൽ സീനിയർ വിഭാഗത്തിൽ ആറാം സ്‌ഥാനവും അല്ലെങ്കിൽ ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്‌ഥാനവും നേടിയിരിക്കണം. അല്ലെങ്കിൽ ഇന്റർ യൂണിവേഴ്‌സിറ്റി ചാംപ്യൻഷിപ്പിൽ മൂന്നാം സ്‌ഥാനം നേടിയിരിക്കണം.

പ്രായം: 17–22വയസ്, 1996 ഒാഗസ്റ്റ് ഒന്നിനും 2001 ജൂലൈ 31നും മധ്യേ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ).

സീനിയർ സെക്കൻഡറി റിക്രൂട്ട്‌ (എസ്‌എസ്‌ആർ): 10+2 യോഗ്യത/ തത്തുല്യം. 
രാജ്യാന്തര/ ദേശീയ/ സംസ്‌ഥാന തലത്തിൽ പ്രതിനിധാനം ചെയ്‌തിരിക്കണം അല്ലെങ്കിൽ ഇന്റർ യൂണിവേഴ്‌സിറ്റി ചാംപ്യൻഷിപ്പിൽ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ചിരിക്കണം.

പ്രായം: 17–21 വയസ്, 1997 ഒാഗസ്റ്റ് ഒന്നിനും 2001 ജൂലൈ 31നും മധ്യേ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ).

മെട്രിക് റിക്രൂട്ട്‌സ് (എംആർ): പത്താം ക്ലാസ്/തത്തുല്യ യോഗ്യത.
രാജ്യാന്തര/ ദേശീയ/ സംസ്‌ഥാന തലത്തിൽ പ്രതിനിധാനം ചെയ്‌തിരിക്കണം. 
പ്രായം: 17–21 വയസ്, 1997 ഒക്ടോബർ ഒന്നിനും 2001 സെപ്റ്റംബർ 30നും മധ്യേ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ).

ശമ്പളം: പരിശീലന കാലയളവിൽ 14600 രൂപ പ്രതിമാസം സ്റ്റൈപ്പൻഡ് ലഭിക്കും. പ്രാഥമിക പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ, ഡിഫെൻസ് പേ മെട്രിക്സിന്റെ 3-ാം തലത്തിൽ(21700-43100 രൂപ) നിയമിക്കും. കൂടാതെ അവർക്ക് പ്രതിമാസം 5200 രൂപാ നിരക്കിൽ എംഎസ്‌പിയും പുറമേ ഡിഎയും (ബാധകമായ വിധത്തില്‍)  ലഭിക്കും. 

മാസ്റ്റർ ചീഫ് പെറ്റി ഒാഫിസർ–I (സുബേദാർ മേജറിനു സമാനം) ആയി വരെ സ്ഥാനക്കയറ്റം ലഭിക്കും. നിർദ്ദിഷ്ട യോഗ്യതാപരീക്ഷകളിൽ യോഗ്യത നേടുന്നവർക്ക് കമ്മീഷ്യൻഡ് ഒാഫിസറാകാനുള്ള അവസരമുണ്ട്. 

തിരഞ്ഞെടുപ്പ്: യോഗ്യരായവർക്കു നിശ്‌ചിത കേന്ദ്രങ്ങളിൽ സെലക്‌ഷൻ ട്രെയൽസ് നടത്തും. തുടർന്ന് മുംബൈയിലെ ഐഎൻഎസ് ഹംലയിൽ വൈദ്യപരിശോധന ഉണ്ടായിരിക്കും. സെലക്ഷൻ ട്രെയൽസ് നടത്തപ്പെടുന്ന വേദികൾ  മാറ്റിച്ചോദിക്കാൻ പാടുള്ളതല്ല. വിശദവിവരങ്ങൾക്കു വെബ്‌സൈറ്റ് കാണുക.

ശാരീരിക യോഗ്യത: ഉയരം: 157 സെമീ, തൂക്കം, നെഞ്ചളവ് എന്നിവ ആനുപാതികം. നെഞ്ച് അഞ്ചു സെന്റീമീറ്റർ വികസിപ്പിക്കാൻ കഴിയണം. 

ശാരീരികമായും മാനസികമായും നല്ല ആരോഗ്യമുണ്ടാവണം. ജോലിയെ ബാധിക്കുന്ന ഒരു  തരത്തിലുള്ള വൈകല്യങ്ങളും പാടില്ല. 

കളർ പെർസെപ്‌ഷൻ: CP II

ഹൃദയസംബന്ധമായതും, പേശീ സംബന്ധവുമായ അസുഖങ്ങൾ, കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്നപാദം, അപസ്മാരവും മാനസികരോഗവും ചെവിയിൽ അണുബാധ, വെരിക്കോസ് വെയിൻ, കാഴ്ച ശക്തിയ്ക്കുള്ള ഒാപറേഷൻ ചെയ്തത് എന്നിവ പാടില്ല. വൈദ്യപരിശോധനയ്‌ക്കു മുൻപായി പല്ലുകളും ചെവിയും  വൃത്തിയാക്കണം. 

പരിശീലനം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഐഎൻഎസ് ചിൽകയിലായിരിക്കും പ്രഥമ പരിശീലനം. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ആദ്യ നിയമനം. പ്രാഥമിക നിയമനം 15 വർഷത്തേക്കായിരിക്കും.

അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.in എന്ന വെബ്സൈറ്റിലെ വിജ്‍ഞാപനത്തിൽ അപേക്ഷാഫോം മാതൃക നൽകിയിട്ടുണ്ട്. ഇത്  ഡൗൺലോഡ് ചെയ്‌ത് അപേക്ഷ പൂരിപ്പിക്കാം. അപേക്ഷാഫോമിലെ നിർദിഷ്‌ട കോളത്തിൽ ഏറ്റവും പുതിയ ഒരു പാസ്‌പോർട്ട് സൈസ് കളർഫോട്ടോ ഒട്ടിക്കണം (ഫോട്ടോയുടെ പശ്‌ചാത്തലം നീല നിറത്തിലായിരിക്കണം). ഇതേ ഫോട്ടോയുടെ ഒരു കോപ്പി കൂടി അപേക്ഷയോടൊപ്പം അയയ്‌ക്കണം. ഫോട്ടോയുടെ മറുവശം ഉദ്യോഗാർഥി പേരെഴുതി ഒപ്പിടണം. വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന പ്രകാരത്തിൽ  അല്ലാത്ത രീതിയിലുള്ള ഫോട്ടോ പതിച്ച അപേക്ഷ നിരസിക്കുന്നതാണ്.

താഴെപ്പറയുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം പഞ്ച് ചെയ്‌തു നൂലുപയോഗിച്ച് ഇതേ ക്രമത്തിൽ തുന്നിക്കെട്ടി  അയയ്‌ക്കണം: 

1. ജനനത്തീയതി തെളിയിക്കുന്നതിനു മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് 

2. പത്താം ക്ലാസ് മാർക്ക് ലിസ്‌റ്റ്.

3. എൻസിസി/സ്‌പോർട്‌സ് സർട്ടിഫിക്കറ്റ്

4. അധിവാസ സർട്ടിഫിക്കറ്റ് 

5 സ്വന്തം വിലാസമെഴുതിയ 22x10 സെമീ വലുപ്പമുള്ള രണ്ടു കവറുകൾ. ഒന്നിൽ പത്തു രൂപയുടെ സ്‌റ്റാമ്പ് ഒട്ടിച്ചിരിക്കണം.

പൂരിപ്പിച്ച അപേക്ഷ ബ്രൗൺ നിറമുള്ള കവറിൽ അയയ്‌ക്കണം. കവറിനു പുറത്തു മുകൾ ഭാഗത്തായി അപേക്ഷിക്കുന്ന വിഭാഗം, സ്‌പോർട്‌സ് ഇനം, കായികനേട്ടം എന്ന ക്രമത്തിൽ എഴുതുക (ഉദാഹരണം: Ag.PO/SSR/MR/NMR 01/2018 KABBADI - NATIONAL LEVEL). സാധാരണ തപാലിലാണ് അപേക്ഷ അയയ്‌ക്കേണ്ടത്. 

ഒന്നിലധികം അപേക്ഷകൾ സമർപ്പിക്കുന്ന ഉദ്യോഗാർഥികളെ അയോഗ്യരാക്കും. 

അപേക്ഷ അയയ്ക്കേണ്ട വിലാസം: THE SECRETARY, INDIAN NAVY SPORTS CONTROL BOARD, 7th Floor, Chankya Bhavan, INTEGRATED HEADQUARTERS, 

MoD (NAVY), NEW DELHI 110 021. 

വിശദവിവരങ്ങൾക്ക്: www.joinindiannavy.gov.in 

Job Tips >>