നല്ലൊരു റെസ്യൂമേ എഴുതുകയെന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. റെസ്യൂമേയില്‍ എന്തെഴുതണം, എന്തെല്ലാം ഒഴിവാക്കണം എന്നതാണ് പലരെയും കുഴക്കുന്ന കാര്യം. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളിലെ 100 മീറ്റര്‍ ഓട്ടത്തില്‍ ഫസ്റ്റ് കിട്ടി എന്ന് തുടങ്ങി കംപ്യൂട്ടര്‍ സ്‌കില്‍സിനു കീഴില്‍ ഫെയ്സ്ബുക്കിലെ ചളു യൂണിയന്‍ അംഗമാണെന്ന് വരെ എഴുതി നിറയ്ക്കുന്നവരുണ്ട്.
ആവശ്യമില്ലാത്ത വിവരങ്ങള്‍ കുത്തിനിറച്ചാല്‍ റെസ്യൂമേ നീണ്ടു പോകും. വായിച്ചു നോക്കാന്‍ മെനക്കെടാതെ നേരെ ചവറ്റു കൊട്ടയില്‍ വീഴുകയും ചെയ്യും. പരമാവധി ഒരു പേജ്, കൂടി പോയാല്‍ രണ്ട് പേജ്. അതിലധികം ആകാന്‍ പാടില്ല റെസ്യൂമേകളുടെ നീളം. ഏറ്റവും ചുരുക്കി എഴുതുന്ന റെസ്യൂമേയില്‍ നിന്ന് സൗകര്യപൂര്‍വം ഒഴിവാക്കാവുന്ന അഞ്ച് കാര്യങ്ങള്‍ ഇതാ
1. ഒബജക്ടീവ് സ്റ്റേറ്റ്‌മെന്റ്
റെസ്യൂമേയുടെ ഉദ്യേശ ലക്ഷ്യം വിവരിച്ചു കൊണ്ട് തുടക്കത്തില്‍ നല്‍കുന്ന ഒരു വരി പ്രസ്താവനയാണ് ഒബ്ജക്ടീവ് സ്റ്റേറ്റ്‌മെന്റ്. എനിക്ക് പ്രഫഷണലായും വ്യക്തിപരമായും വളരാന്‍ സാധിക്കുന്ന ഒരു കമ്പനിയില്‍ ഞാന്‍ ജോലി തേടുന്നു. എന്റെ കഴിവുകള്‍ സ്ഥാപനത്തിന്റെ വിജയത്തിനായി ഉപയോഗിക്കാന്‍ കഴിയുന്ന വെല്ലുവിളികള്‍ നിറഞ്ഞ ജോലി ലഭിക്കാന്‍ ആഗ്രഹിക്കുന്നു. ഈ മട്ടിലാണ് ഒട്ടുമിക്ക റെസ്യൂമേകളിലെയും ഒബജക്ടീവ് സ്‌റ്റേറ്റ്‌മെന്റ്. ഈ പ്രസ്താവനയില്‍ പുതുതായി ഒന്നുമില്ലെന്ന് മാത്രമല്ല, നിങ്ങളെ കുറിച്ച് ഒന്നും അത് പറയുന്നില്ല. അതിനാല്‍ അനാവശ്യമായ ഈ ഒബ്ജക്ടീവ് സ്റ്റേറ്റ്‌മെന്റ് ഉപേക്ഷിച്ച് പകരം നിങ്ങളെ കുറിച്ചൊരു വ്യക്തിഗത പ്രൊഫൈല്‍ റെസ്യൂമേയുടെ മുകളില്‍ നല്‍കുന്നതാകും നല്ലത്. നിങ്ങളാരാണെന്നും പ്രസ്തുത ജോലിയിലേക്ക് നിങ്ങള്‍ എന്നെ അനുയോജ്യനാകുന്നെന്നും ഇവിടെ പറയാം.
2. ഹോബികള്‍
അഭിമുഖ സമയത്ത് നിങ്ങളുടെ ഹോബികളെ കുറിച്ചൊക്കെ ചോദ്യങ്ങളുണ്ടാകാമെങ്കിലും അവയൊന്നും റെസ്യൂമേയില്‍ ഉള്‍ക്കൊള്ളിക്കണം എന്ന് നിര്‍ബന്ധമില്ല. റെസ്യൂമേ നോക്കുമ്പോള്‍ കമ്പനി നോക്കുന്നത് അവരുടെ ഒഴിവുള്ള വേക്കന്‍സിയില്‍ നിയമിച്ചാല്‍ ആ ജോലികള്‍ ചെയ്യാന്‍ നിങ്ങള്‍ പ്രാപ്തനാണോ എന്ന് മാത്രമാണ്. നിങ്ങള്‍ അപേക്ഷിക്കുന്ന ജോലിയുമായി ബന്ധപ്പെട്ടതല്ലെങ്കില്‍ ഹോബികളൊന്നും റെസ്യൂമേയില്‍ ഉള്‍ക്കൊള്ളിക്കേണ്ടതില്ല.
3. ആവശ്യമില്ലാത്ത തൊഴില്‍ പരിചയം
35-ാം വയസ്സിലൊരു ജോലിക്ക് അപേക്ഷിക്കുമ്പോള്‍ 18-ാം വയസ്സില്‍ കോളജില്‍ ചെയ്ത വോളന്റിയര്‍ വര്‍ക്ക് വരെ തൊഴില്‍ പരിചയത്തില്‍ ഉള്‍ക്കൊള്ളിക്കുന്നവരുണ്ട്. നിങ്ങളൊരു തുടക്കക്കാരനല്ലെങ്കില്‍ ഏര്‍പ്പെട്ടിട്ടുള്ള എല്ലാ ജോലികളും തൊഴില്‍ പരിചയത്തില്‍ ചേര്‍ക്കേണ്ടതില്ല. അപേക്ഷിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട തൊഴില്‍ പരിചയം എന്തെങ്കിലും ഉണ്ടെങ്കില്‍ അത് റെസ്യൂമേയില്‍ ഉള്‍ക്കൊള്ളിക്കുന്നതില്‍ തെറ്റില്ല. ആവശ്യമില്ലാത്ത തൊഴില്‍ പരിചയം പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് റെസ്യൂമേയുടെ നീളം കൂട്ടുകയും പ്രധാനപ്പെട്ടവയില്‍ റിക്രൂട്ടര്‍മാരുടെ ശ്രദ്ധ പതിയാതിരിക്കാന്‍ കാരണമാവുകയും ചെയ്യും.
4. വിദ്യാഭ്യാസ യോഗ്യതകളുടെ അതിപ്രസരം
വിദ്യാഭ്യാസം റെസ്യൂമേയുടെ പ്രധാന ഭാഗമാണ്. പഠനം കഴിഞ്ഞ് നിങ്ങള്‍ ആദ്യമായൊരു ജോലിക്ക് അപേക്ഷിക്കുകയാണെങ്കില്‍ വിദ്യാഭ്യാസം തീര്‍ച്ചയായും അതില്‍ ഹൈലൈറ്റ് ചെയ്യപ്പെടേണ്ടതാണ്. എന്നാല്‍ ജോലിക്ക് കയറി കൂടുതല്‍ തൊഴില്‍ പരിചയവും നൈപുണ്യങ്ങളും നേടും തോറും വിദ്യാഭ്യാസത്തിനുള്ള ഊന്നല്‍ കുറയ്ക്കണം. ബിരുദം നേടിയ തീയതിയും മറ്റും അനാവശ്യമാണ്.
5. കള്ളത്തരങ്ങള്‍
അർധസത്യങ്ങളും നിറം പിടിപ്പിച്ച നുണകളുമൊക്കെ റെസ്യൂമേയില്‍ നിന്ന് അകറ്റി നിര്‍ത്തണം. കള്ളത്തരങ്ങള്‍ വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കാനുള്ള സംവിധാനം പല റിക്രൂട്ടര്‍മാര്‍ക്കുമുണ്ട് എന്ന ബോധ്യമുണ്ടാകണം.
Job Tips >>