മാനസിക സമ്മർദമകറ്റാൻ 12 മാർഗങ്ങൾ

മാനസിക സമ്മർദം (Stress) എന്താണെന്നും അതിനെ എങ്ങനെ കീഴ്പ്പെടുത്താമെന്നും അറിഞ്ഞിരിക്കേണ്ടത് ആകർഷണീയമായ  വ്യക്തിത്വം പടുത്തുയർത്താൻ ആവശ്യമാണ്. സ്ഥല ചലനംകൊണ്ടു പറ്റുന്ന വിഷമങ്ങളും തുടർച്ചയായ ഉത്കണ്ഠയുമാണ് ഇങ്ങനെയുള്ള സമ്മർദത്തിനു കാരണം. മാനസിക വിഭ്രാന്തി, അമിത വിഷമം, ഉത്കണ്ഠ എന്നിവയാണു തുടക്കത്തിൽ അനുഭവപ്പെടുക. സ്വന്തമായി എന്തെങ്കിലും ജോലി ചെയ്തു തീർക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക്, ആ ജോലി കൃത്യ സമയത്തിനുള്ളിൽ തൃപ്തികരമായി ചെയ്തു തീർക്കാൻ സാധിക്കാതെ വന്നാൽ അനുഭവിക്കുന്ന മാനസിക വിഷമമാണ് ഇത്തരം സമ്മർദങ്ങൾക്കു പ്രധാന കാരണം.

ചില പ്രത്യേക സാഹചര്യങ്ങളിൽ മാനസിക സമ്മർദം ഒരു വിജയ കാരണമായും തോന്നിയേക്കാം. ഉദാഹരണമായി, ഒരു പൊതുസമ്മേളനമോ, വിവാഹ ചടങ്ങോ  ഉദ്ദേശിക്കുന്ന രീതിയിൽ തക്ക സമയത്തു ചെയ്തു തീർക്കാൻ സാധിച്ചെങ്കിൽ അതു മാനസിക സമ്മർദം കൊണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഒരു പരിധിവരെ ഇതു സഹായമായി തോന്നിയാൽ തന്നെയും, മാനസിക സമ്മർദംകൊണ്ടുള്ള പ്രയാസങ്ങളും സാധാരണ ജീവിതത്തിലുള്ള മാറ്റങ്ങളും വളരെയധികമാണ്. ഉറക്കമില്ലായ്മ, കുറഞ്ഞ ഓർമശക്തി, പെട്ടെന്നുള്ള കോപം, വിശപ്പില്ലായ്മ,  പ്രവൃത്തികളിലുള്ള ഉൽസാഹക്കുറവ്, വികാരങ്ങളുടെ പൊട്ടിത്തെറി, ലഹരിപദാർഥങ്ങളോടുള്ള ആസക്തി, നിരാശാ മനോഭാവം തുടങ്ങിയവയാണു മാനസിക സമ്മർദമുള്ളവരിൽ സാധാരണ കണ്ടുവരുന്ന ഭാവഭേദങ്ങൾ. ഈ അടയാളങ്ങൾ തുടർച്ചയായും പതിവായും അനുഭവപ്പെടുന്നുണ്ടോ എന്ന് എല്ലാ വ്യക്തികളും  ആത്മപരിശോധന നടത്തണം.സ്വന്തമായി ചെയ്യാവുന്ന ചുരുക്കം ചില കാര്യങ്ങളിലൂടെ മാനസിക സമ്മർദത്തെ ഒരു പരിധിവരെ അതിജീവിക്കാം.

∙തുടർച്ചയായി ചിന്തിക്കുക. സമ്മർദം ഉണ്ടെന്നും അതിനുള്ള കാരണങ്ങൾ എന്താകാമെന്നും ചിന്തിച്ചു പ്രതിവിധികൾ ആലോചിക്കുക.

∙മറ്റുള്ളവരുമായി താരതമ്യപ്പെടുത്താതിരിക്കുക. ഓരോ വ്യക്തിയും അതുല്യ വസ്തുക്കളാണ്. താരതമ്യപ്പെടുത്തൽ സമ്മർദം കൂട്ടും.  

∙ഏതു ജോലിയും ഉൽസാഹത്തോടെ ചെയ്യുക. മെച്ചമായ ഫലവും അപ്പോൾ കിട്ടും.

∙പതിവായി വ്യായാമത്തിൽ ഏർപ്പെടുക. യോഗാഭ്യാസത്തിലും ധ്യാനത്തിലും പങ്കെടുക്കുന്നതു നല്ലതാണ്.

∙ വ്യത്യസ്ത സാഹചര്യങ്ങളോടു പൊരുത്തപ്പെടുക. സ്വന്തമായി നിയന്ത്രിക്കാൻ പ്രയാസമുള്ള ജോലികളിൽ ഏർപ്പെടാതിരിക്കുക.

∙കുറ്റമറ്റ ഭക്ഷണരീതി പാലിക്കുക.  കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. ആരോഗ്യത്തിന് ഉതകുന്ന സമ്പൂർണ ആഹാരം ഉത്തമം.ലഹരി പദാർഥങ്ങൾ ഉപേക്ഷിക്കുക. പുകയിലയും മദ്യവും താൽക്കാലിക ആശ്വാസം നൽകുമെങ്കിലും ആരോഗ്യത്തിന് അവ ദോഷമാണ്. ധാരാളം വെള്ളം കുടിക്കുക. അതു കൂടുതൽ ഉന്മേഷവും ഉൽസാഹവും നൽകും.

∙വിഷമങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുക.  ബന്ധുക്കളുമായോ, ഉറ്റ സ്നേഹിതരുമായോ വിഷമങ്ങൾ പങ്കുവയ്ക്കുമ്പോൾ, അവർ നൽകുന്ന സ്നേഹവും താൽപര്യവും കൂടുതൽ സന്തോഷം പ്രദാനം ചെയ്യും.

∙കുറച്ചു നിമിഷങ്ങൾ നിശബ്ദമായിരിക്കുക. എല്ലാ ദിവസവും രാവിലെ പത്തോ പതിനഞ്ചോ മിനിറ്റ് ഏകാന്തതയോടെ ഇരുന്ന് അന്നേ ദിവസത്തെ ജോലികൾ ശുഭാപ്തി വിശ്വാസത്തോടെ ക്രമപ്പെടുത്തുക.

∙വളർത്തുമൃഗങ്ങളെ പരിപാലിക്കുക, പുറത്തു പറന്നുനടക്കുന്ന കിളികളുടെ ശബ്ദനാദം ശ്രദ്ധിച്ച് ആസ്വദിക്കുക. 

∙ബാഹ്യ വിനോദങ്ങളിൽ ഏർപ്പെടുക.  ഉദ്യാനത്തിൽക്കൂടി നടക്കുന്നതും ചെടികളെ പരിപാലിക്കുന്നതും നല്ലതാണ്. ആരോഗ്യത്തിന് ഉതകുന്ന കളികളിൽ പങ്കെടുക്കുക.

∙വേണ്ടിടത്ത് ‘നോ’ പറയാൻ തയാറാകുക. എന്തെങ്കിലും പ്രത്യേക ജോലി ചെയ്യാനോ, കഴിവിനപ്പുറം പ്രയത്നിക്കാനോ പ്രയാസം തോന്നുന്നെങ്കിൽ ‘നോ’ പറയാൻ മടിക്കരുത്.
∙സ്വന്തം ജോലികൾ  പ്രാധാന്യമനുസരിച്ചു ക്രമപ്പെടുത്തുക. 

സമ്മർദം അതിജീവിക്കാനുതകുന്ന മറ്റു വഴികൾ ഉണ്ടോ എന്നു ചിന്തിക്കുക. എന്തു മാർഗങ്ങളിലൂടെയും ഇത്തരം പ്രയാസങ്ങളെ തരണംചെയ്യാൻ സ്വന്തമായി കഴിയുമെന്ന വിശ്വാസത്തിൽ ഉറച്ചു നിൽക്കുക. പ്രയാസമുള്ള ജോലികൾ ആദ്യം ചെയ്യാൻ ശ്രമിക്കുക. ഇന്നു ചെയ്യാനുള്ള ജോലികൾ നാളത്തേക്കു മാറ്റിവയ്ക്കരുത്. തെറ്റു പറ്റിയാൽ നിരാശപ്പെടരുത്. ആ സംഭവത്തെയോ തെറ്റിനെയോ പാടെ മറക്കുക. പറ്റിയ തെറ്റിൽനിന്നു പഠിക്കാവുന്ന പാഠങ്ങൾ എന്തെന്നു ചിന്തിച്ച്, വീണ്ടും ജോലിയിൽ കൂടുതൽ ഊർജസ്വലതയോടെ പ്രവേശിക്കുക. വിശ്രമത്തിനു വേണമെങ്കിൽ  ഇടവേള കണ്ടുപിടിക്കുക. ഇതിനെല്ലാം ഉപരിയായി മാനസിക സമ്മർദത്തെ സ്വന്തം പരിശ്രമംകൊണ്ടു  കീഴ്പ്പെടുത്താമെന്ന ഉത്തമ ധൈര്യം പുലർത്തുക.ജോലികളിൽ തുടർച്ചയായി ഏർപ്പെടാതെ, ആവശ്യമെന്നു തോന്നുന്ന അവസരത്തിൽ കുറച്ചു സമയം വിശ്രമിക്കുന്നതിൽ തെറ്റില്ല.  എല്ലാം സ്വന്തം പരിശ്രമംകൊണ്ടു പരിഹരിക്കാൻ സാധിക്കുമെന്ന വിശ്വാസം നിലനിർത്തുക. ജീവിതത്തിൽ വിജയം സുനിശ്ചിതം. 

Job Tips >>