സ്ത്രീകളെ മികച്ച സംരംഭകരാക്കുന്ന സ്റ്റാർട്ടപ്പുമായി മലയാളി യുവതി

ചന്ദ്രവദന

‘‘കല്യാണം കഴിഞ്ഞു പിള്ളേരൊക്കെയായില്ലേ. ഇനി എല്ലാംകൂടി ഒരുമിച്ച് എങ്ങനെ നോക്കാനാ. തൽക്കാലം ജോലി മതിയാക്ക് ’’ ഇതു കേൾക്കേണ്ടി വന്ന്, കരിയർ പാതിവഴിയിൽ നിർത്തിയ സ്ത്രീകൾക്കു വേണ്ടിയാണു ഫോർച്യൂൺ ഫാക്ടറി. കൊച്ചി സ്വദേശി ചന്ദ്രവദന (37) തുടങ്ങിയ സ്റ്റാർട്ടപ്. സ്ത്രീകളെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുകയും മികച്ച സംരംഭകരാക്കുകയും ചെയ്യുന്ന ‘പ്രയാണ’ ഫെലോഷിപ് പ്രോഗ്രാമിനു യുഎൻ പുരസ്കാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണിപ്പോൾ ചന്ദ്ര.

ഞാനും അവരിലൊരാൾ
‘‘ ആദ്യത്തെ കുഞ്ഞു ജനിച്ചപ്പോൾ ജോലി ഉപേക്ഷിച്ചു. കുഞ്ഞിന് ആറുമാസമായപ്പോൾ പുതിയ ജോലി തേടാൻ തുടങ്ങി. മനസ്സിനിണങ്ങിയ ജോലി ഒത്തുവന്നപ്പോഴേക്കും അടുത്ത കുഞ്ഞിന് 9 മാസം. അങ്ങനെ ആ ജോലിക്കും ചേരാനായില്ല. കുഞ്ഞുങ്ങളെ വളർത്താനായി മാറിനിന്നതു നാലുവർഷം. അഞ്ഞൂറിലേറെ ജോലി അപേക്ഷകളാണു പിന്നീട് അയച്ചത്. പക്ഷേ, കരിയർ ബ്രേക്ക് വന്ന എന്നെ ആരും നിയമിച്ചില്ല. ചെറിയ കുഞ്ഞുങ്ങളുള്ളത് എന്റെ അയോഗ്യതയായും പലരും കണ്ടു. പക്ഷേ വീണ്ടും വീണ്ടും ഞാൻ ശ്രമിച്ചു. വീട്ടിലിരുന്നു ചെയ്യാവുന്നതും ഓൺലൈൻ ജോലികളും ഫ്രീലാൻസും ചെയ്തു.

നഷ്ടപ്പെട്ട ആത്മവിശ്വാസം അങ്ങനെ തിരികെ നേടി. അന്നൊക്കെ ആരുടെയെങ്കിലും പിന്തുണയോ സാമ്പത്തിക സഹായമോ മാർഗനിർദേശമോ കിട്ടിയിരുന്നെങ്കിൽ എന്നു വല്ലാതെ ആഗ്രഹിച്ചു. എനിക്കു കിട്ടാതെ പോയതു മറ്റു പെൺകുട്ടികൾക്ക് നൽകാനാണു ഫോർച്യൂൺ ഫാക്ടറി തുടങ്ങിയതും അതിന്റെ ഭാഗമായി പ്രയാണ ആരംഭിച്ചതും.’’ ചന്ദ്രയുടെ വാക്കുകൾ.

പതിനായിരത്തോളം യുവതികൾക്കാണ് ഇതിനകം പരിശീലനം നൽകിയത്. പലരും സ്വന്തമായി സംരംഭങ്ങളും തുടങ്ങി. ഇപ്പോഴിതാ, യുഎൻ കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡവലപ്മെന്റ് പുരസ്കാരവും. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയെന്ന ബഹുമതിയും ചന്ദ്രയ്ക്ക്.

എംബിഎയും സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും കഴിഞ്ഞ ചന്ദ്ര വിവിധ കമ്പനികളിലും അക്കാദമിക് സ്ഥാപനങ്ങളിലും ജോലി ചെയ്തതിനു ശേഷമാണു 2014ൽ ഫോർച്യൂൺ തുടങ്ങിയത്. ഇടയ്ക്കു റേഡിയോ ജോക്കിയും ഡബ്ബിങ് ആർടിസ്റ്റുമായി. ഇപ്പോൾ സൈക്കോളജിയിൽ പിഎച്ച്ഡിയും ചെയ്യുന്നു.

ബിസിനസ് പ്രയാണം
ഓരോരുത്തരുടെയും വാസനയ്ക്കു യോജിച്ച സംരംഭം കണ്ടെത്തി, അതിനു പരിശീലനവും മാർഗനിർദേശവും നൽകുകയാണു പ്രയാണ ചെയ്യുന്നത്. വീട്ടുകാരുടെ സമ്മർദം, ആത്മവിശ്വാസമില്ലായ്മ, മൂലധനമില്ലായ്മ, അങ്ങനെ നീളുന്നു സ്ത്രീകൾ സംരഭകരാകുന്നതിനുള്ള വിലങ്ങുതടികൾ.  ഇവയെല്ലാം മറികടക്കാനാണു ചന്ദ്രയുടെ ശ്രമം.

പ്രയാണ ടിപ്സ്
 പെൺകുട്ടികൾക്കും മികച്ച സംരംഭകരാകാൻ കഴിയും. ഒറ്റയ്ക്കു സാധിക്കുന്നില്ലെങ്കിൽ സമാനചിന്താഗതിക്കാരെ ചേർത്ത് ചെറിയ സംരംഭങ്ങൾ തുടങ്ങുക.
 ശരീരത്തിന്റെ മാനം മാത്രമല്ല, സ്ത്രീകളുടെ കഴിവുകളെ, വാസനകളെ, അഭിരുചികളെ, വ്യക്തിത്വത്തെ എല്ലാം സംരക്ഷിക്കണം.
 സാമ്പത്തിക സ്വയംപര്യാപ്തത നേടാൻ സഹായിക്കുകയും വേണം. 
 വിവാഹമോ മാതൃത്വമോ ജോലി നിർത്താനുള്ള കാരണമല്ല. സ്വന്തം കാലിൽ നിൽക്കുന്ന അമ്മ കുഞ്ഞുങ്ങൾക്ക് ഏറ്റവും നല്ല മാതൃകയാണ്.
 ജോലി അന്വേഷിച്ചു മടുത്തെങ്കിൽ സ്വന്തമായി ഒരു സംരംഭം തുടങ്ങി തൊഴിൽദാതാവാകാൻ ശ്രമിക്കുക.