പിഎസ്‌സി വെബ്സൈറ്റിൽ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയ ഉദ്യോഗാർഥിയാണ്. പ്രൊഫൈലിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒപ്പല്ല ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത്. പുതിയ ഒപ്പ് പ്രൊഫൈലിൽ ചേർക്കാൻ കഴിയുമോ ? ഒപ്പ് മാറ്റുന്നതിനുള്ള വ്യവസ്ഥകൾ എന്തെല്ലാമാണ് ?
സുധീഷ്, പാലക്കാട്.
∙ ഉദ്യോഗാർഥികൾ അവരുടെ അപേക്ഷകളിലും പിഎസ് സിയുമായി നടത്തേണ്ടി വരുന്ന കത്തിടപാടുകളിലും രേഖപ്പെടുത്തുന്ന ഒപ്പുകൾ ഒരുപോലെയായിരിക്കണമെന്നുപിഎസ്‌സി നിഷ്കർഷിക്കുന്നുണ്ട്. അപേക്ഷയിലും മറ്റു പ്രമാണങ്ങളിലും ഒപ്പ് വ്യത്യാസപ്പെട്ടു കണ്ടാൽ ഒപ്പിൽ വ്യത്യാസം വരാനുണ്ടായ കാരണം വിശദമാക്കിക്കൊണ്ട് ഒരു സത്യവാങ്മൂലം നൽകേണ്ടതായി വന്നേക്കാം. ബോധപൂർവമല്ലാതെയാണു വ്യത്യാസം വന്നതെന്നു പിഎസ്‌സിക്ക് ബോധ്യപ്പെട്ടാൽ അപേക്ഷ സ്വീകരിക്കും. അപേക്ഷയിലോ പ്രമാണങ്ങളിലോ ഉദ്യോഗാർഥിയല്ല ഒപ്പിട്ടിരിക്കുന്നതെന്ന് ബോധ്യമായാൽ അപേക്ഷ നിരസിക്കും. ഒപ്പ് ഔദ്യോഗികമായി മാറ്റണമെന്നുണ്ടെങ്കിൽ ഇതിലേക്ക് നിശ്ചിത മാതൃകയിൽ അച്ചടി വകുപ്പിൽ അപേക്ഷ നൽകി ഗസറ്റിൽ പരസ്യം ചെയ്ത് മാറ്റാവുന്നതാണ്.