പിഎസ്‌സി പരീക്ഷകളിൽ ഗ്രേസ് മാർക്കുള്ള കായിക ഇനങ്ങൾ

പിഎസ്‌സി പരീക്ഷകളിൽ ഏതൊക്കെ കായിക ഇനങ്ങൾക്കാണ് ഗ്രേസ് മാർക്ക് അനുവദിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച വിശദവിവരങ്ങൾ എന്തെല്ലാമാണ് ?
ആർ. നന്ദു, കോഴിക്കോട്.

∙ ഫുട്ബോൾ, അത് ലറ്റിക്സ്(ക്രോസ് കൺട്രി ഉൾപ്പെടെ), വോളിബോൾ, അക്വാട്ടിക്സ് (സ്വിമ്മിങ്, ഡൈവിങ്, വാട്ടർപോളോ), ബാസ്ക്കറ്റ്ബോൾ, ഹോക്കി, ബാഡ്മിന്റൺ(ഷട്ടിൽ), ടെന്നിസ്, ബോൾ ബാഡ്മിന്റൺ, ടേബിൾ ടെന്നിസ്, ക്രിക്കറ്റ്, കബഡി, റസ് ലിങ്, ജിംനാസ്റ്റിക്, ഖൊഖൊ, വെയിറ്റ് ലിഫ്റ്റിങ് ആൻഡ് ബോഡി ബിൽഡിങ്, ബോക്സിങ്, ചെസ്, സൈക്ലിങ്, ഹാൻഡ് ബോൾ, കളരിപ്പയറ്റ്, സൈക്കിൾപോളോ, ബില്യാർഡ്സ്, റൈഫിൾ ഷൂട്ടിങ്, മൗണ്ടനിങ്, പവർ ലിഫ്റ്റിങ്, കനോയിങ് ആൻഡ് കയാക്കിങ്, ഇന്ത്യൻ സ്റ്റൈൽ റസ്‌ലിങ്, വനിതാ ക്രിക്കറ്റ്, വനിതാ ഹോക്കി, റോവിങ്, ആർച്ചറി തുടങ്ങിയ കായിക ഇനങ്ങളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള കായികതാരങ്ങൾക്കാണു പിഎസ്‌സി നടത്തുന്ന തിരഞ്ഞെടുപ്പുകൾക്ക് വെയിറ്റേജ് മാർക്ക് നൽകി വരുന്നത്. ഈ രീതിയിൽ അധികമാർക്ക് ലഭിക്കുവാൻ അർഹതയുള്ളവർ ആ വിവരം അപേക്ഷയിൽ രേഖപ്പെടുത്തുകയും പിഎസ്‌സി ആവശ്യപ്പെടുമ്പോൾ നിശ്ചിത സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം.

സംസ്ഥാന സർക്കാർ സർവീസിലെ ക്ലാസ് മൂന്ന്, ക്ലാസ് നാല് തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പുകൾക്കാണു വെയിറ്റേജ് മാർക്ക് ലഭിക്കുക. ലിസ്റ്റിൽ ഉൾപ്പെടാനുള്ള ഏറ്റവും കുറഞ്ഞ മാർക്കോ അതിനു മുകളിൽ മാർക്ക് ലഭിക്കുകയോ ചെയ്യുന്നവർക്കാണ് മാർക്കിന് അർഹതയുള്ളത്. ഇതിലേക്ക് പിഎസ്‌സിയിൽ ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകളിൽ കേരള സ്പോർട്സ് അതോറിറ്റിയിൽ നിന്നുള്ള കൗണ്ടർ സിഗ്നേച്ചറും ഉണ്ടായിരിക്കണം.