Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോസ്റ്റ് മെട്രിക് സ്കോളർഷിപ് : ഫീസടവിനുള്ള അവസാന തീയതി നീട്ടാൻ നിർദേശം

x-default

ന്യൂഡൽഹി∙  പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അർഹരായ പട്ടികജാതി വിദ്യാർഥികളുടെ തുക ബാങ്ക് അക്കൗണ്ടിലെത്തുന്നതു വരെ ഫീസടയ്ക്കാൻ അവസരം നൽകണമെന്നു കേന്ദ്രം. ഇവർ ഫീസടയ്ക്കേണ്ട അവസാനതീയതി നീട്ടാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെടണമെന്ന് മുഴുവൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രസർക്കാർ നിർദേശിച്ചു.

കേന്ദ്ര സാമൂഹികനീതി മന്ത്രാലയമാണു നിർദേശം പുറപ്പെടുവിച്ചത്. ഫീസടയ്ക്കാൻ വൈകിയെന്ന കാരണത്താൽ പല സ്ഥാപനങ്ങളും പട്ടികജാതി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് ഒട്ടേറെ പരാതികൾ കേന്ദ്രത്തിനു ലഭിച്ചിരുന്നു. ഫീസടയ്ക്കാൻ താമസിക്കുന്ന, സ്കോളർഷിപ്പിന് അർഹരായ പട്ടികജാതി വിദ്യാർഥികളിൽ നിന്ന് ആവശ്യമെങ്കിൽ ഉറപ്പ് എഴുതിവാങ്ങാമെന്നും നിർദേശത്തിൽ പറയുന്നു.

പത്താംക്ലാസ് വിജയിച്ച പട്ടിക ജാതി വിദ്യാർഥികൾക്ക് തുടർപഠനത്തിനു സാമ്പത്തികസഹായം നൽകുകയാണ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന്റെ ലക്ഷ്യം. സംസ്ഥാനങ്ങൾ വഴിയാണ് ഈ സ്കോളർഷിപ്പുകൾ നൽകുന്നത്. ഇതുവരെ ഫീസ് സ്ഥാപനങ്ങൾക്കു നേരിട്ടും മെയിന്റനൻസ് തുക വിദ്യാർഥികൾക്കും നൽകുന്ന രീതിയായിരുന്നു പിന്തുടർന്നിരുന്നത്. എന്നാൽ കഴി‍ഞ്ഞ മേയിൽ ഈ രീതി പരിഷ്കരിക്കുകയും ഫീസ് ഉൾപ്പെടെ മുഴുവൻ തുകയും വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നിക്ഷേപിക്കുന്ന രീതി നടപ്പിലാക്കുകയും ചെയ്തു.