പാട്ടിനു കിട്ടിയ ആദ്യ സമ്മാനം ‘താജ്മഹൽ’; നാട്ടിലേക്ക് ഇനി പോകേണ്ടന്ന് രാജാസാർ

Mail This Article
സംഗീതത്തിന്റെ വഴിയിൽ ഒന്നല്ല ഒരുപാടു വഴികാട്ടികളുണ്ട് എനിക്ക്. വീട്ടിൽ എല്ലാവരും നന്നായി പാടുകയും സംഗീതത്തെ വളരെ ഗൗരവമായി കാണുകയും ചെയ്യുന്ന ആളുകളായിരുന്നു. എന്നും വൈകുന്നേരം സംഗീത സദസ്സാണ്. മൂന്നാം വയസ്സിൽ അമ്മച്ചിയുടെ സഹോദരന്റെ മകനാണ് എന്നെക്കൊണ്ട് ആദ്യമായി പാടിക്കുന്നത്. സെബാസ്റ്റ്യൻ ചേട്ടൻ ‘അന്നത്തോണീ പൂന്തോണീ...’ എന്ന പാട്ടു പാടിത്തന്നു. ഞാൻ ഏറ്റുപാടി. ‘കുഞ്ഞുവാവ പാടുന്നേ...’ എന്നും പറഞ്ഞ് ചേട്ടൻ ആ വീട് മുഴുവൻ എന്നെ എടുത്തുകൊണ്ട് ഓടി. ചേച്ചിമാർ പാടുന്ന പാട്ടുകൾ കേട്ടാണു ഞാൻ പഠിച്ചത്. പാടാനുള്ള ആദ്യ പ്രേരണ എന്റെ അച്ഛൻ പി. എ. ജോസഫ് ആണ്. എല്ലാ ദിവസവും ജോലി കഴിഞ്ഞു വന്നാൽ ഞങ്ങളെ ഇരുത്തി പാടിക്കും.
ആലുവയിലെ കീഴ്മാട് എൽപി സ്കൂളിലെ എന്റെ അധ്യാപകർ ഒരുപാടു പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പ്രധാനാധ്യാപിക പങ്കജാക്ഷി ടീച്ചർ. എടത്തല സർക്കാർ സ്കൂളിൽ നടന്ന ബാലകലോത്സവത്തിൽ സമ്മാനം വാങ്ങി എത്തിയ എനിക്ക് പങ്കജാക്ഷി ടീച്ചർ താജ്മഹലിന്റെ ഒരു ശിൽപം സമ്മാനിച്ചു. പാട്ടിനു കിട്ടിയ ആദ്യ സമ്മാനം അതാണ്. ആ പ്രായത്തിൽ എന്റെ പാട്ടു കേൾക്കാൻ മാത്രം ഒരു കൂട്ടം മുതിർന്ന ആള്‍ക്കാർ ഇരിക്കുന്നു എന്നത് അന്നെന്നിലെ പാട്ടുകാരിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് തിരിച്ചറിയുന്നത് ഇന്നാണ്. സ്കൂളിലെ ആന്റി ജോസ് എന്ന മാസ്റ്റർ ആദ്യ സംഗീതാധ്യാപകൻ. ഹാർമോണിയം വച്ച് ശ്രുതി അറിഞ്ഞ് ആദ്യം പാടിയത് അദ്ദേഹത്തിനൊപ്പമാണ്.
എന്റെ ചേച്ചിയുടെ കൂട്ടുകാരി കുഞ്ഞിമേരി ചേച്ചി ഡാൻസ് ടീച്ചറായിരുന്നു. ഒരിക്കൽ അവരുടെ ഒരു പരിപാടിയിൽ പാടേണ്ട ഗായിക വന്നില്ല. കുഞ്ഞിമേരിച്ചേച്ചി വീട്ടിൽ വന്ന് എന്നെ വിടാമോ എന്ന് അപ്പച്ചനോടു ചോദിച്ചു. ഞാൻ പോയി പാട്ടു പഠിച്ചു പാടി. അവർക്ക് എല്ലാ ഡാൻസിനും ഫസ്റ്റ്. പോകുമ്പോൾ ചേച്ചി എന്റെ കയ്യിൽ കുറച്ചു പൈസ വച്ചു തന്നു. അതു വാങ്ങാൻ ഞാൻ കൂട്ടാക്കിയില്ല. ‘ഞാൻ ജോലി ചെയ്തിട്ടാണ് ചേച്ചി ഈ പൈസ തന്നതെന്ന് അപ്പച്ചിയോട് പറഞ്ഞാൽ മതി’. എന്റെ ആദ്യ പ്രതിഫലം. പാട്ട് എന്റെ തൊഴിൽ കൂടിയാണ് എന്ന ഓർമപ്പെടുത്തലായിരുന്നു അത്.
അഞ്ചാംക്ലാസ് മുതൽ ഞാൻ ശ്രീചക്ര നൃത്തവിഹാർ എന്ന ബാലെ ട്രൂപ്പിൽ പാടിത്തുടങ്ങി. അക്കാലം വരെയും ഞാൻ കർണാട്ടിക് സംഗീതം പഠിച്ചിട്ടില്ല. ഞങ്ങളുടെ ഗ്രാമത്തിൽ കർണാട്ടിക് സംഗീതം അറിയുന്ന ആരും ഉണ്ടായിരുന്നില്ല. ശ്രീചക്രയിലെ വേണുജി മുളവുകാട് എന്ന അധ്യാപകനിൽ നിന്നാണ് രാഗങ്ങൾ അടിസ്ഥാനമാക്കിയുള്ള പാട്ടുകൾ ഞാൻ പഠിച്ചത്. എത്ര ബുദ്ധിമുട്ടുള്ള പാട്ടുകളും പാടാനുള്ള പരിശീലനം അതായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞാണ് സിഎസി ട്രൂപ്പിൽ ചേരാനുള്ള ക്ഷണവുമായി മൈക്കിൾ പനയ്ക്കൽ അച്ചനും ജോർജ് (ജോബ് ആൻഡ് ജോർജ്) സാറും വന്നത്. മൈക്കിളച്ചൻ എന്നെ ഒരുപാടു പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അവിടത്തെ കീബോർഡിസ്റ്റ് ആയ ലിപ്സൺ ചേട്ടനാണ് ആദ്യമായി എന്നെക്കൊണ്ട് ഒരു കസെറ്റിൽ പാടിച്ചത്. പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, അർജുനൻമാഷ്, വിദ്യാധരൻ മാഷ്, രാഘവൻ മാഷ്, ജെറി അമൽദേവ്, ബേണി ഇഗ്നേഷ്യസ്, കലവൂർ ബാലൻ, ചിദംബരനാഥ് എന്നിവർക്കു വേണ്ടിയും പാടി.
1988 ൽ വേണു നാഗവള്ളി സംവിധാനം ചെയ്ത ‘സ്വാഗതം’ എന്ന സിനിമയിലാണ് ആദ്യമായി പാടിയത്. രാജാമണി മാഷ് ചിത്രച്ചേച്ചിക്ക് ട്രാക്ക് പാടാൻ വിളിച്ചതാണ്. അദ്ദേഹത്തിന്റെ അച്ഛൻ ചിദംബരനാഥ് സാറിനു വേണ്ടി പാടിയതു കേട്ടാണ് എന്നെ വിളിച്ചത്. ട്രാക്ക് പാടി അഞ്ചാം ദിവസമാണ് മൂന്നു പാട്ടുകൾ എന്റെ ശബ്ദത്തിൽ ഉപയോഗിക്കാം എന്നു തീരുമാനിച്ചത്. പി. ജയചന്ദ്രന്റെ കൂടെ അക്കാലത്ത് ഗാനമേളകളിൽ പാടിയിരുന്നു. അദ്ദേഹമാണ് ‘മീര’ എന്ന തമിഴ് സിനിമയ്ക്കു വേണ്ടി ഇളയരാജയോട് എന്റെ പേര് നിർദേശിച്ചത്. ഞാനും അപ്പച്ചനും രാജാസാറിനെ കാണാൻ പോയി. എന്റെ പാട്ടു കേട്ടു രാജാസാർ പറഞ്ഞു. ‘ഇനി നാട്ടിലേക്ക് പോകേണ്ട’ അങ്ങനെ തമിഴിൽ സജീവമായി.

മിൻമിനി
തെന്നിന്ത്യയിലെ പ്രശസ്ത പിന്നണിഗായിക ‘റോജ’ എന്ന ചിത്രത്തിലെ ‘ചിന്ന ചിന്ന ആശൈ’ എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെ ജനഹൃദയങ്ങൾ കീഴടക്കി. സൗപർണികാമൃത വീചികൾ, പാതിരവായി നേരം, നീലരാവിലിന്നു നിന്റെ, ഊഞ്ഞാലുറങ്ങി തുടങ്ങി മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ആലപിച്ചു. എ. ആർ. റഹ്മാനും ഇളയരാജയും സംഗീതം നൽകിയ തമിഴ് ഗാനങ്ങളിലൂടെ പ്രശസ്തി നേടി. ആലുവാ സ്വദേശിയായ പി. ജെ. റോസിലിക്ക് മിൻമിനി എന്ന പേര് നൽകിയത് ഇളയരാജയാണ്. ശബ്ദം നഷ്ടപ്പെട്ടതിനെത്തുടർന്നുണ്ടായ നീണ്ട ഇടവേളയ്ക്കു േശഷം 2014 ൽ ‘മിലി’ എന്ന ചിത്രത്തിലൂടെ ഗാനരംഗത്തേക്ക് തിരിച്ചെത്തി.
ഭർത്താവ് : ജോയ് മാത്യു
മക്കൾ : അലൻ, അന്ന കീർത്തന.
വിലാസം : കല്ലുവീട്ടിൽ ഹൗസ്, പള്ളിക്കുറ്റി,
പൂക്കാട്ടുപടി, ഇടത്തല. പി. ഒ. കൊച്ചി