വര്‍ഷം തോറും ടണ്‍ കണക്കിനു പ്ലാസ്റ്റിക്കാണ് സമുദ്രത്തിലേക്കെത്തുന്നത്. പ്ലാസ്റ്റിക് കവറുകള്‍ മുതല്‍ പലതരത്തിലുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങള്‍ ഇതില്‍ പെടും. സമുദ്രത്തിന്‍റെ ആഴമേറിയ അടിത്തട്ടില്‍ വരെ പ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്. ജലം മലിനമാക്കുന്നതിനൊപ്പം സമുദ്രജീവികളുടെ ജീവനും വലിയ ഭീഷണിയാവുകയാണ് പ്ലാസ്റ്റിക് . പ്ലാസ്റ്റിക് കാരണം വേദന തിന്നു ജീവൻ വെടിയേണ്ടി വരുന്ന ജീവികളും ഇക്കൂട്ടത്തിലുണ്ട്. മൂക്കിനുള്ളിൽ കുടുങ്ങിയ പ്ലാസ്റ്റിക് കാരണം വേദന തിന്നിരുന്ന ഒരു കടലാമയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
2015 ഓഗസ്റ്റിലാണ് ഈ ദൃശ്യങ്ങൾ പകർത്തിയതെങ്കിലും സമുദ്രത്തില്‍ പ്ലാസ്റ്റിക് നിക്ഷേപിക്കുന്നതിനെതിരെ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് നടത്തുന്ന പ്രചാരണ പരിപാടിയിലേക്ക് ഈ വീഡിയോ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വീണ്ടുമിത് ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. കോസ്റ്റാറിക്കയില്‍ ആമകളെക്കുറിച്ച് പഠിക്കാന്‍ പോയ ടെക്സസ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളാണ് ആമയുടെ മൂക്കില്‍ നിന്ന് സ്ട്രോ എടുത്ത് മാറ്റിയത്. വളരെ പണിപ്പെട്ടാണ് ഇവർ ആമയുടെ മൂക്കിൽ കുടുങ്ങിയ സ്ട്രോ പുറത്തെടുത്തത്.ഏതാണ്ട് 12 സെന്റീമീറ്ററോളം വരുന്ന സ്ട്രോയാണ് ആമയുടെ മൂക്കിൽ തറഞ്ഞിരുന്നത്. സ്ട്രോ വലിച്ചു പുറത്തേക്കെടുക്കുമ്പോൾ ആമ വേദനകൊണ്ടു പുളയുന്നതും മൂക്കിലൂടെ രക്തം വാർന്നിറങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
പ്ലാസ്റ്റിക് സമുദ്രത്തിൽ നിക്ഷേപിക്കുന്നതിനെതിരെ എന്തുകൊണ്ടും ശക്തമായ പ്രതിരോധമാണ് ഈ വീഡിയോ ദൃശ്യങ്ങൾ. കാരണം ഈ വേദനിപ്പിക്കുന്ന ദൃശ്യങ്ങൾ ഒരിക്കല്‍ കണ്ടവരാരും പിന്നീടു പ്ലാസ്റ്റിക് കടലിലേക്ക് അലക്ഷ്യമായി വലിച്ചെറിയില്ല. മെക്സിക്കോയിലും സമാനമായ രീതിയിൽ മൂക്കില്‍ ഫോര്‍ക്ക് തറച്ചു കയറിയ ആമയെ ഒരു സംഘം രക്ഷിക്കുകയുണ്ടായി. ഇതിന്‍റെ വീഡിയോ കൂടി പുറത്ത് വന്നതോടെ ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്നു കൂടി വ്യക്തമാകുകയാണ്.