കോഴിയെ ദത്തെടുത്ത കുരങ്ങ്; അപൂർവ സൗഹൃദം കൗതുകമാകുന്നു

ഇന്തോനേഷ്യന്‍ ബ്ലാക്ക് മകാക് ഇനത്തില്‍ പെട്ട നിവ് എന്ന പെൺകുരങ്ങാണ് ഇസ്രയേലിലെ മൃഗശാലയിൽ ഒരു കോഴിക്കുഞ്ഞിനെ പോറ്റി വളർത്തുന്നത്. ടെൽ അവിവിലെ രമത് ഗൻ സഫാരി പാർക്കിലാണ് കോഴിയും കുരങ്ങുമായുള്ള അപൂർവ കൂട്ടുകെട്ട് അരങ്ങേറുന്നത്.സാധാരണയായി ഈ ഗണത്തില്‍ പെട്ട കുരങ്ങുകള്‍ സസ്യാഹാരത്തിനു പുറമേ മാംസവും കഴിക്കാറുണ്ട്. എവിടെ നിന്നോ വന്നു കയറിയ കോഴിയെയാണ് സ്വന്തം കുട്ടിയെ പോലെ നിവ് പോറ്റി വളര്‍ത്തുന്നത്. കോഴിയെ തന്‍റെ കുഞ്ഞായി നിവ് സ്വീകരിച്ചെന്ന് മാത്രമല്ല നിവിനെ തന്റെ വളര്‍ത്തമ്മയായി കോഴിയും  അംഗീകരിച്ചു കഴിഞ്ഞു. ഇരുവരുടെയും അപൂർവ കൂട്ടുകെട്ട് തുടങ്ങിയിട്ട് മൂന്നു മാസത്തിലേറെയായി.

നാലു വയസ്സ് പ്രായമായ നിവിന് പ്രായപൂര്‍ത്തിയായിക്കഴിഞ്ഞു. അത് കൊണ്ട് തന്നെ അമ്മയാകാനുള്ള ത്വര കുരങ്ങിൽ പ്രകടമാണ്. എന്നാല്‍ അനുയോജ്യനായ ഇണയില്ലാത്തതിനാൽ ഉടനെയൊന്നും നിവിന് അമ്മയാകാൻ കഴിയില്ല. ഇതാകാം കോഴിയെ ദത്തെടുക്കാൻ നിവിനെ പ്രേരിപ്പിച്ച ഘടകം. ഏതായാലും നിവ് കാണിച്ച സ്നേഹവാത്സല്യങ്ങള്‍ കോഴി ഒരു മടിയും കൂടാതെ അംഗീകരിക്കുകയും ചെയ്തു. ഇപ്പോള്‍ ഊണും ഉറക്കവുമെല്ലാം ഇവർ ഒന്നിച്ചാണ്.

കൂട്ടത്തിലെ മറ്റു കുരങ്ങുകള്‍ കോഴിയെ ആക്രമിച്ചു ഭക്ഷണമാക്കിയേക്കാമെന്നതിനാല്‍ നിവിനായി പ്രത്യേക കൂടുവരെ മൃഗശാല അധികൃതര്‍ നല്‍കിക്കഴിഞ്ഞു. നിവിന്റെ അമ്മയും കോഴിയും നിവും മാത്രമാണ് ഇപ്പോൾ ഈ കൂട്ടിലുള്ളത്.മുന്‍പ് ഇതുപോലെ കൂട്ടിലേക്ക് വന്ന കോഴിയുമായി സൗഹൃദം സ്ഥാപിക്കാന്‍ നിവ് ശ്രമിച്ചെങ്കിലും അന്ന് ആ കോഴി താല്‍പ്പര്യം പ്രകടിപ്പിച്ചില്ല.

ഇന്തോനേഷ്യയില്‍ മാത്രം കാണപ്പെടുന്ന കുരങ്ങ് വിഭാഗമാണ് ബ്ലാക്ക് മകാക്. അതീവ വംശനാശ ഭീഷണി നേരിടുന്ന ഗണത്തില്‍ പെട്ടവയാണിവ. പച്ചക്കറികള്‍ക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും പുറമെ മാംസവും ഭക്ഷിക്കുന്ന അപൂര്‍വ്വം കുരങ്ങു വർഗങ്ങളില്‍ ഒന്നാണ് ബ്ലാക്ക് മകാക്.