ഉഗാണ്ടയിലെ മുര്‍ച്ചിസണ്‍ ഫാള്‍സ് ദേശീയ പാര്‍ക്കിലാണ് മുതലയുടെ പിടിയില്‍ പെട്ട വാട്ടർബക്കിനെ (സബ് സഹാറൻ ആഫ്രിക്കയിൽ കാണപ്പെടുന്ന ഒരിനം മാൻ) രക്ഷിക്കുന്ന ഹിപ്പോ ക്യാമറയില്‍ പതിഞ്ഞത്. ഒരുമണിക്കൂറോളം മുതലയുടെ വായില്‍ അകപ്പെട്ടു കിടന്ന ശേഷമാണ് മാനിനെ ഹിപ്പോ മോചിപ്പിച്ചത്. നൈൽ നദീതീരത്ത് മാനും മുതലയും തമ്മിലുള്ള പിടിവലി പുരോഗമിക്കുന്നതിനിടെയിലാണ് രക്ഷകനായി ഹിപ്പോ എത്തിയത്. മാനിനെ തള്ളി കരയിലേക്കു കയറ്റാനുള്ള ഹിപ്പോയുടെ ശ്രമം വിജയിക്കുകയായിരുന്നു. ഇതോടെ മുതല പരാജയം സമ്മതിച്ചു നദിയിലേക്കും മടങ്ങി.
പാര്‍ക്കിലെ ഗൈഡുകളില്‍ ഒരാളായ ബ്രന്‍ഡണ്‍ സൈമൺസണ്‍ ആണ് ഈ അപൂര്‍വ്വ ദൃശ്യത്തിനു സാക്ഷ്യം വഹിച്ചത്. വെള്ളത്തില്‍ പാതി മുങ്ങിക്കിടക്കുന്ന മാനിന്റെ കരച്ചിലാണ് ബ്രന്‍ഡന്റെ ശ്രദ്ധ തിരിച്ചത്. മുതലയെ ചിത്രത്തില്‍ കാണാനില്ലെങ്കിലും മാനിന്റെ കാലില്‍ പിടിച്ചു തടാകത്തിലേക്കു കൊണ്ടുപോകാനാണ് മുതല ശ്രമിക്കുന്നത്. ഇതിനിടെയാണ് ഹിപ്പോയുടെ രംഗപ്രവേശം.
മാനിനെ കടിച്ചും വലിച്ചും തള്ളിയും കരയിലേക്ക് കയറ്റാനായിരുന്നു ഹിപ്പോയുടെ ശ്രമം. ചിത്രങ്ങളില്‍ ഹിപ്പോ കടിക്കുന്നത് കണ്ടാല്‍ മാനിനെ ആക്രമിക്കുകയാണെന്നാണു തോന്നുക. എന്നാല്‍ ഹിപ്പോ കരുതലോടെയാണ് മാനിനെ കടിച്ചു വലിച്ചതും തള്ളിയതും എന്ന് ബ്രന്‍ഡണ്‍ പറയുന്നു. ഹിപ്പോ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ക്രമേണ ശക്തി ക്ഷയിക്കുന്ന മാന്‍ തളരുകയും മുതല മാനിനെ നദിയിലേക്കു കൊണ്ടു പോവുകയും ചെയ്യുമായിരുന്നു.
അതേസമയം ഹിപ്പോ രക്ഷപെടുത്തിയെങ്കിലും മാനിന്റെ കാര്യം അത്ര ആശാവഹമല്ലെന്നും ബ്രന്‍ഡണ്‍ പറയുന്നു. കാലിനു സാരമായി പരിക്കേറ്റ് വേഗത്തില്‍ നടക്കാനോ ഓടാനോ കഴിയാത്ത അവസ്ഥയിലാണ് മാന്‍. പരിക്കു ഭേദമാകും മുന്‍പ് മറ്റേതെങ്കിലും ജീവിക്ക് മാന്‍ ഇരയാകാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല അധികദൂരം നടക്കാന്‍ കഴിയാത്തതിനാല്‍ ഈ സംഭവം നടന്ന് അധികം കഴിയും മുന്‍പ് തന്നെ നദിക്കരയില്‍ മുതലകളില്‍ നിന്ന് അധികം അകലെയല്ലാതെ കിടക്കുന്ന ഈ മാനിനെ കണ്ടുവെന്നും ബ്രന്‍ഡന്‍ പറയുന്നു.