Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുതലകൾ നിറഞ്ഞ തടാകത്തിലേക്ക് നായ്ക്കുട്ടിയെ വലിച്ചെറിഞ്ഞ ബാലൻ

puppy thrown into lake

ചെയ്യുന്ന ക്രൂരതകള്‍ക്ക് അതിരുകളില്ലാത്ത ഏക ജീവി മനുഷ്യനായിരിക്കും. ആ ക്രൂരത തങ്ങളുടെ തലമുറകള്‍ക്കും പകര്‍ന്നു കൊടുക്കുക എന്ന ഹീനകൃത്യവും കൂടി അവര്‍ ചെയ്യാറുണ്ട്. ഓസ്ട്രേലിയയില്‍ നിന്നും പകർത്തിയ ഒരു ദൃശ്യം ഇതിനു ദാഹരണമാണ്. ജീവനുള്ള ഒരു നായ്ക്കുട്ടിയെ മുതലകള്‍ നിറഞ്ഞ തടാകത്തിലേക്ക് മകനെക്കൊണ്ട് ഒരു അച്ഛന്‍ എറിയിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. നീന്താന്‍ കഷ്ടപ്പെടുന്ന നായ്ക്കുട്ടിയെ വൈകാതെ തന്നെ ഒരു മുതല വന്നു പിടികൂടുന്നതും ദൃശ്യങ്ങളില്‍ കാണാം.

ജീവനുള്ള മൃഗങ്ങളെ മാംസഭുക്കുകളായ മൃഗങ്ങള്‍ വേട്ടയാടുന്നതും കൊന്നു തിന്നുന്നതും പ്രകൃതിയില്‍ സ്വാഭാവികമാണ്. പക്ഷെ അത്തരമൊരു ദൃശ്യത്തിന് സാക്ഷ്യം വഹിക്കാന്‍ വേണ്ടി ഒരു ജീവിയെ ഇരയായി മറ്റൊരു ജീവിക്കിട്ടു കൊടുക്കുന്നത് ക്രൂരതയാണ്.  നീല നിറമുള്ള ട്രൗസറും വെള്ള ഷര്‍ട്ടുമിട്ട കൗമാരക്കാരനായ കുട്ടിയാണ് നായയെ തടാകത്തിലേക്കെടുത്തെറിയുന്നത്. 

നായ നീന്താന്‍ ശ്രമിക്കുമ്പോള്‍ തന്നെ അകലെനിന്ന് ഒരു മുതല അതിനടുത്തേക്ക് നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഈ മുതലയ്ക്ക് മുന്‍പു തന്നെ മറ്റൊരു മുതല വെള്ളത്തില്‍ നിന്ന് ഉയര്‍ന്നു വരികയും നായ്ക്കുട്ടിയെ വായിലാക്കി വെള്ളത്തിലേക്ക് ഊളിയിടുകയും ചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്.

വിഡിയോ ഓസ്ട്രേലിയയിൽ ചിത്രീകരിച്ചതാണെങ്കിലും ആരാണ് വിഡിയോയില്‍ ഉള്ളതെന്നോ ആരാണിതു ചിത്രീകരിച്ചതെന്നോ വ്യക്തമല്ല. അതേസമയം സമൂഹമാധ്യമങ്ങളിലെത്തിയതോടെ വിഡിയോ ദൃശ്യത്തിനെതിരെ വ്യാപകമായ വിമര്‍ശനമാണുയരുന്നത്.