കീടനാശിനി അകത്തുചെന്ന് 62 പശുക്കൾക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള ദായ്ഡാ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ചോളപ്പാടത്ത് വിളവെടുപ്പിനു ശേഷം ഉപേക്ഷിച്ച സസ്യാവശിഷ്ടങ്ങളിൽ തളിച്ച കീടനാശിനി അകത്തു ചെന്നതാണ് പശുക്കളുടെ കൂട്ടമരണത്തിനു കാരണമെന്ന് മൃഗസംരക്ഷണ വിഭാഗം വ്യക്തമാക്കി.
നൽഗോണ്ട ജില്ലയിലെ ലക്ഷ്മയ്യ എന്ന കർഷകന്റെ ഉടമസ്ഥതയിലുള്ളതാണ് പശുക്കൾ. 100 പശുക്കളാണ് ഇയാൾക്കുണ്ടായിരുന്നത്. സ്വന്തം ഗ്രാമത്തിൽ ആവശ്യത്തിനു തീറ്റയില്ലാത്തതിനാലായിരുന്നു ഇയാൾ അയൽ ഗ്രാമത്തിൽ കാലികളെ മേയ്ക്കാനായി കൊണ്ടുപോയിരുന്നത്. പതിവുപോലെ ഞായറാഴ്ച വൈകുന്നേരം കാലികളെ തിരികെ വീട്ടിലേക്കു കൊണ്ടുപോകാനെത്തിയപ്പോഴാണ് ഇവ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
അൽപസമയത്തിനകം തന്നെ പല കാലികളും വായിലൂടെയും മൂക്കിലൂടെയും നുരയും പതയും വന്ന് പിടഞ്ഞു. വിവരമറിഞ്ഞ് മൃഗഡോക്ടർമാർ സംഭവസ്ഥലത്തേക്ക് ഉടനെത്തിയെങ്കിലും അവർക്കും പശുക്കളെ രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാവിലെയോടെ 56 പശുക്കളും ചത്തതായി സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച 6 പശുക്കൾ കൂടി ചത്തു. ബാക്കി പശുക്കളുടേയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
കർഷകനുണ്ടായ കനത്ത നഷ്ടം കണക്കിലെടുത്ത് ഒരു പശുവിന് 26000 രൂപ വച്ച് നഷ്ടപരിഹാരം നൽകണമെന്ന് ഗുരശാല ആർഡിഒ ഇ. മുരളി കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.