ആഫ്രിക്കയിലെ ഏറ്റവും അപകടകാരികളെന്നു വിശേഷിപ്പിക്കുന്ന രണ്ട് ജീവികളാണ് ഹിപ്പോകളും മുതലകളും. ഇതില്‍ മുതലകള്‍ പോലും ഭയപ്പെടുന്ന ജീവികളാണ് ഹിപ്പോകള്‍. കാരണം ഹിപ്പകോളുടെ ഒരു കടി മതി മുതല രണ്ടായി ഒടിഞ്ഞു ജീവന്‍ വെടിയാന്‍. അതുകൊണ്ടു തന്നെ മുതലകള്‍ സൂക്ഷിച്ചിടപെടുന്ന ഒരേയൊരു മൃഗം ഹിപ്പോകളാണെന്നും വേണമെങ്കില്‍ പറയാം. എന്നാല്‍ ചിലപ്പോഴെങ്കില്‍ കാര്യങ്ങള്‍ തിരിച്ചും സംഭവിക്കാറുണ്ട്. ഹെല്കോപ്റ്ററില്‍ വന്യജീവികളെ നിരീക്ഷിക്കുകയായിരുന്ന ഫൊട്ടോഗ്രഫര്‍ ആയ മാര്‍ക് മോള്‍ ആണ് ഹിപ്പകോള്‍ക്കാകെ മാനഹാനി വരുത്തുന്ന ഇത്തരം ഒരു സന്ദര്‍ഭത്തിന് സാക്ഷ്യം വഹിച്ചത്.
സാംബിയയിലെ തെക്കന്‍ ലുവാങ് വന്യജീവി പാര്‍ക്കിലാണ് നൂറിലേറെ മുതലകളുടെ ആക്രമണത്തില്‍ പിടിച്ചു നില്‍ക്കാനാകതെ ഹിപ്പോകള്‍ വാലും പൊക്കി ഓടിയത്. കൂട്ടത്തില്‍ ഒരു ഹിപ്പോയെ പിടികൂടിയ മുതലകള്‍ അതിനെ ആഹാരമാക്കുകയും ചെയ്തു. എണ്ണത്തില്‍ കുറവായിരുന്ന ഹിപ്പോകള്‍ മുതലകളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ പകച്ചു പോവുകയായിരുന്നു. കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെട്ടു പോയെ ഹിപ്പോയെയാണ് മുതലകള്‍ വേട്ടയാടിയതും കൊന്ന് ഭക്ഷിച്ചതും.
ഹെലികോപ്റ്ററിലിരുന്ന് മാര്‍ക് എടുത്ത ചിത്രങ്ങളിൽ പോരാട്ടത്തിന്റെ ഭീകരത വ്യക്തമാണ്. നൂറിലേറെ മുതലകള്‍ നദിയില്‍ നിറഞ്ഞു നില്‍ക്കുന്ന കാഴ്ച തന്നെ ആരെയും ഭയപ്പെടുത്തും. വേട്ടയാടപ്പെട്ട ഹിപ്പോ ചെളിയില്‍ പുതഞ്ഞു കിടക്കുന്നതും മുതലകള്‍ അതിനെ തിന്നാന്‍ തുടങ്ങുന്നതും ചിത്രങ്ങളിലുണ്ട്. മുതലക്കൂട്ടത്തിന്റെ മറ്റൊരു വശത്തായി നദിയില്‍ നിന്നു കരയിലേക്കു കയറാന്‍ ശ്രമിക്കുന്ന ഹിപ്പോകളെയും കാണാം. മുതലകളുടെ അടുത്ത് നിന്ന് രക്ഷപ്പെട്ട ഹിപ്പോകള്‍ നദിയുടെ മറ്റൊരു ഭാഗത്തെത്തിയതായും ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്നതിനിടെയിൽ മാര്‍ക് കണ്ടെത്തി.