ഉത്തരാഖണ്ഡിൽ ഏഴു വയസ്സുകാരനെ പുലി കൊന്നുതിന്നതിൽ പ്രകോപിതരായ ജനക്കൂട്ടം കാടിന് തീവച്ചു. ബാഗേശ്വർ ജില്ലയിലെ ഹരിനഗരിയിലാണു സംഭവം. ദിവാൻ റാമിന്റെ മകൻ ദീപക്കിനെയാണു പുലി കൊന്നു തിന്നത്. പിന്നീടു പകുതി ഭക്ഷിച്ച നിലയിൽ കുട്ടിയുടെ ശരീരം സമീപത്തുള്ള വനമേഖലയിൽനിന്നു കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരം മൂത്രമൊഴിക്കാനായി പുറത്തുപോയ കുട്ടിയെ പുലി കാട്ടിലേക്കു വലിച്ചിഴച്ചു കൊണ്ടു പോവുകയായിരുന്നു.
'സംഭവമറിഞ്ഞു പ്രകോപിതരായ ഗ്രാമവാസികൾ കാടിനു തീയിട്ടു. കുട്ടിയുടെ കുടുംബത്തിന് ഉടനടി നഷ്ടപരിഹാരം നൽകണമെന്നും പുലിയെ വെടിവച്ചു കൊല്ലണമെന്നുമാണു അവരുടെ ആവശ്യം' – ഡിവിഷനൽ വനം ഉദ്യോഗസ്ഥൻ ആർ.കെ. സിങ് മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
ആയിരത്തിലേറെ ഗ്രാമവാസികൾ പ്രതിഷേധം തുടരുന്നതിനാൽ വനമേഖലയിൽ പ്രവേശിക്കാനോ തീയിട്ടതു മൂലമുണ്ടായ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്താനോ വനംവകുപ്പ് ഉദ്യോഗസ്ഥർക്കായില്ല. വീടിന് 250 മീറ്റർ അകലത്തിലാണു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്നും കുട്ടിയുടെ കുടുംബത്തിനു മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്നും ആർ.കെ. സിങ് പറഞ്ഞു.
മാർച്ചിൽ നാലു വയസുള്ള കുട്ടിയെയും പുലി കടിച്ചു കൊന്നിരുന്നു. മൂന്നു മാസങ്ങൾക്കിടെ പ്രദേശത്ത് രണ്ടാമതും സമാന സംഭവം ആവർത്തിച്ചതോടെ ജനക്കൂട്ടം കാടിനു തീയിടുകയായിരുന്നു. പുലിയെ നരഭോജിയായി പ്രഖ്യാപിക്കാനും കൊല്ലാനുമുള്ള ചർച്ചകളും നടക്കുന്നുണ്ട്.