ചാലക്കുടിപ്പുഴയിൽ മുതലയെ കണ്ടെത്തി. പരിയാരത്തിനു സമീപം കാഞ്ഞിരപ്പിള്ളിയിൽ കണ്ടെത്തിയ മുതലയെ നാട്ടുകാർ പിടികൂടി. പുഴയില്‍ ഇരവിഴുങ്ങി വിശ്രമിക്കുമ്പോഴായിരുന്നു മുതല നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
നേരത്തേ ചാലക്കുടി പുഴയില്‍ മുതലയെ കണ്ടവരുണ്ടെങ്കിലും കൂടുതല്‍ പേര്‍ ഇതു ശ്രദ്ധിച്ചത് ഇപ്പോഴായിരുന്നു. പുഴയുടെ അരികിലായി കിടന്നിരുന്ന മുതലയെ നാട്ടുകാര്‍തന്നെ കുരുക്കിട്ട് പിടികൂടി. ഉടനെ, പൊലീസിനേയും വനംവകുപ്പ് ഉദ്യോഗസ്ഥരേയും അറിയിച്ചു. ഉദ്യോഗസ്ഥര്‍ വരുന്നതു വരെ കാത്തുനിന്നിരുന്നെങ്കില്‍ മുതല മറ്റിടങ്ങളിലേക്ക് പോകുമായിരുന്നു. അതുകൊണ്ടാണു സമയോചിതമായി ഇടപെട്ടതെന്നു നാട്ടുകാർ പറഞ്ഞു.
ചാലക്കുടി പുഴയില്‍ അതിരപ്പിള്ളിയ്ക്കു സമീപം നേരത്തേയും മുതലയെ കണ്ടിരുന്നു. പാറപ്പുറത്തു വിശ്രമിക്കുകയായിരുന്ന മുതലയെ കുടുക്കാന്‍ അന്ന് കഴിഞ്ഞില്ല. ചാലക്കുടി പുഴ കരകവിഞ്ഞൊഴുകിയപ്പോൾ മുതല പുഴയില്‍തന്നെയായിരുന്നു. കൂടുതല്‍ അപകടം വരുത്തും മുൻപ് മുതലയെ പിടികൂടാന്‍ കഴിഞ്ഞതു നന്നായെന്ന് ഉദ്യോഗസ്ഥരും പറയുന്നു.