വീട്ടുകാർ രക്ഷപ്പെട്ടെങ്കിലും നിറഞ്ഞ വെളളത്തിനു മീതെ മൂക്കുമാത്രം കാണുംവിധം മൂന്നു ദിവസം കിടക്കേണ്ടിവന്നു 'മിക്കു'വിന്. വീട്ടിലെ ഒരംഗത്തെപ്പോലെ കഴിഞ്ഞിരുന്ന വളർത്തുനായയാണ് മിക്കു. തട്ടിൻപുറത്തു കയറി രക്ഷപ്പെട്ട വീട്ടുകാരി ഷീലയും അമ്മ ഏലിയാമ്മയും മകൾ പിങ്കിയും രക്ഷാപ്രവർത്തകർ ഇടനാട്ടിലെ വീട്ടിലെത്തുമ്പോൾ ഒന്നേ ആവശ്യപ്പെട്ടുള്ളൂ, മിക്കുവിനെ എങ്ങനെയെങ്കിലും രക്ഷിക്കണം.
മുറിയിൽ ഉയർത്തിയിട്ട കസേരയ്ക്കു മുകളിൽ കയറി ഒടുവിൽ മിക്കു രക്ഷപ്പെട്ടെങ്കിലും കാലിനുൾപ്പെടെ പരുക്കേറ്റിരുന്നു. ഇന്നലെ പൊലീസ് ഡോഗ് സ്ക്വാഡ് വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ കുന്നിൽ വീട്ടിലെത്തിയതോടെയാണു മിക്കുവിന്റെ വേദനയ്ക്കു ശമനമായത്. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ വളർത്തുനായകളുടെ സംരക്ഷണത്തിനും പരിചരണത്തിനും വേണ്ടിയാണു ഡോഗ് സ്ക്വാഡ് ഇടനാട്ടിൽ സന്ദർശനം നടത്തിയത്.
വെറ്ററിനറി സർജൻ ഡോ.എൽ.ജെ ലോറൻസിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി മിക്കുവിന്റെ പിൻകാലിലെ മുറിവിൽ മരുന്നു വച്ചു. പ്രതിരോധ കുത്തിവയ്പുമെടുത്തു. ചെങ്ങന്നൂർ വെറ്ററിനറി പോളി ക്ളിനിക്കിലും ഡോഗ് സ്ക്വാഡ് നായ്ക്കൾക്കു സൗജന്യമായി പ്രതിരോധ കുത്തിവയ്പെടുത്തു. തെരുവുനായ്ക്കൾക്കും പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകുന്നുണ്ട്.