Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂമിയില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ പക്ഷി!

Elephant bird Vorombe titan

ഭൂമിയില്‍ ജീവിച്ചിരുന്നതില്‍ വച്ച് ഏറ്റവും വലിയ പക്ഷി ഏതായിരുന്നു ? പതിറ്റാണ്ടുകളായി ഗവേഷകര്‍ക്കിടയില്‍ നിലനിന്നിരുന്ന തര്‍ക്കവിഷയമായിരുന്നു ഇത്. ഏതായാലും ഈ തര്‍ക്കം അവസാനിപ്പിച്ച് ഇക്കാര്യത്തില്‍ ഒരു ധാരണയില്‍ എത്തിയിരിക്കുകയാണ് ഗവേഷകര്‍.  മഡഗാസ്കര്‍ സ്വദേശികളായിരുന്ന എപിയോര്‍ണിസ് മാക്സിമസ് ആണോ എപിയോര്‍ണിസ് ടൈറ്റനാണോ ഏറ്റവും വലിയ പക്ഷി എന്നതായിരുന്നു ഗവേഷകര്‍ക്കിടയില്‍ നിലനിന്ന തര്‍ക്കം. സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനാണ് ഇരു പക്ഷികളെയും കുറിച്ചു വിശദമായ പഠനം നടത്തി ഒടുവില്‍ തര്‍ക്കം അവസാനിപ്പിച്ചിരിക്കുന്നത്.

പത്തടിപ്പൊക്കം. 860 കിലോ ഭാരം. ഉരുക്കുകാലുകൾ, കൂർത്തുമൂർത്ത നഖങ്ങൾ. പറക്കാനാകില്ലെന്നതൊഴിച്ചാൽ എന്തുകൊണ്ടും അതികായനായ വൊറോംബ് ടൈറ്റനു തന്നെ ‘പക്ഷിഭീമൻ’ പട്ടം. ലോകത്തെ ഏറ്റവും വലിയ പക്ഷിയേതെന്നു പതിറ്റാണ്ടുകൾ നീണ്ട തർക്കമാണ് ചിറകൊതുക്കി മഡഗാസ്കറിലെ വനാന്തരങ്ങളിൽ ചേക്കേറുന്നത്. സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടനിലെ ഗവേഷകർ പക്ഷിഭീമനെക്കുറിച്ചു തീരുമാനമായ കാര്യം ഒടുവിൽ പുറത്തുവിട്ടു. ഇവർ ഇക്കാലമത്രയും ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളിൽനിന്നുള്ള ആനപ്പക്ഷി എല്ലുകൾ സൂക്ഷ്മമായി പഠിച്ചുവരികയായിരുന്നു.

മഡഗാസ്കറിലെ നാലിനം ആനപ്പക്ഷികളിലൊന്നാണ് വൊറോംബ് ടൈറ്റൻ. കിഴക്കനാഫ്രിക്കൻ ദ്വീപായ മഡഗാസ്കറിൽ സ്വൈരമായി വിഹരിച്ച്, ഒടുവിൽ 1000 വർഷം മുൻപു വംശനാശം വന്ന് ഈ ഭൂമിയിൽനിന്നുതന്നെ അപ്രത്യക്ഷമായ ആനപ്പക്ഷികളുടേത് ശുദ്ധ ‘വെജിറ്റേറിയൻ’ ഭക്ഷണരീതി. എങ്ങനെയാണ് അവ ചത്തൊടുങ്ങിയതെന്നതിനു കൃത്യമായ വിശദീകരണമില്ലെങ്കിലും മനുഷ്യർ വേട്ടയാടിയതു മൂലമാകാമെന്നാണു പൊതുവായ ധാരണ.

ആനപക്ഷികള്‍

Vorombe Titan

ഈ രണ്ട് പക്ഷികളും ഉള്‍പ്പെടുന്നത് എലിഫന്റ് ബേര്‍ഡ് അഥവാ ആന പക്ഷികള്‍ എന്ന വിഭാഗത്തിലാണ്. വൊറോംബ് ടൈറ്റൻ എന്നതാണ് ഇവയുടെ ശാസ്ത്രീയ നാമം. . വൊറോംബ് ടൈറ്റന്റെ വര്‍ഗ്ഗത്തില്‍ രണ്ട്  വിഭാഗങ്ങളിലായി 15 ഇനം ആന പക്ഷികള്‍ ഉണ്ടായിരുന്നു എന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. എപിയോര്‍ണിസ് മാക്സിമസും എപിയോര്‍ണിസ് ടൈറ്റനും ഇവയില്‍ ഉള്‍പ്പെടും. 

എപിയോര്‍ണിസ് മാക്സിമസ് എന്നു പേരുള്ള ആന പക്ഷിയാണ് ഏറ്റവും വിലപ്പമേറയതെന്നു ഗവേഷകര്‍ 1894 വരെ കരുതി പോന്നത് . എന്നാല്‍ എപിയോര്‍ണിസ് മാക്സിമസിനേക്കാള്‍ വലിപ്പമേറിയത് എപിയോര്‍ണിസ് ടൈറ്റന്‍ എന്ന പക്ഷിയാണെന്നു സിഎന്‍ ആന്‍ഡ്ര്യൂസ് എന്ന പാലിയന്റോളജിസ്റ്റ് വാദിച്ചു. ഇദ്ദേഹം ഈ പക്ഷിയുടേതെന്നു കരുതുന്ന ഫോസിലും ഹാജരാക്കി. 

എന്നാല്‍ ആന്‍ഡ്രൂസിന്റെ ഈ വാദം വലിയൊരു വിഭാഗം ഗവേഷകരും അംഗീകരിച്ചില്ല.  എപിയോര്‍ണിസ് ടൈറ്റന്റേതെന്നവകാശപ്പെട്ട് ആന്‍ഡ്രൂസ് എത്തിച്ച ഫോസില്‍ പോലും എപിയോര്‍ണിസ് മാക്സിമസിന്റെതാണെന്ന് മറ്റ് ഗവേഷകര്‍ വാദിച്ചു. എപിയോര്‍ണിസ് ടൈറ്റന്റേതായി മറ്റു ഫോസിലുകള്‍ പിന്നീട് കണ്ടെത്താത്തതും ആന്‍ഡ്രൂസിന്റെ നിഗമനങ്ങള്‍ക്കു തിരിച്ചടിയായി. ശാസ്ത്രലോകത്തില്‍ ചെറിയൊരു വിഭാഗം ആന്‍ഡ്രൂസിന്റെ ആശയത്തെ പിന്തുണച്ചത്. 

എപിയോര്‍ണിസ് ടൈറ്റാന്‍

പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഈ തര്‍ക്കം അതേ പോല തുടര്‍ന്നു. ഒടുവില്‍ സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ലണ്ടനിലെ ഒരു സംഘം ഗവേഷകര്‍ ഇരു പക്ഷികളുടെയും ഫോസിലുകള്‍ തമ്മില്‍ വിശദമായി താരതമ്യം ചെയ്തു. മഡഗാസ്കറില്‍ നിന്നു കണ്ടെത്തിയ തിരിച്ചറിയാത്ത ചില വലിയ അസ്ഥികളും പഠന വിധേയമാക്കി. ഒടുവില്‍ സുവോളജിക്കല്‍ സര്‍വ്വേയിലെ ഗവേഷകരുടെ കണ്ടെത്തല്‍ ശരിവച്ചത് ആന്‍ഡ്രൂസിന്റെ നിഗമനങ്ങളെയായിരുന്നു. ലോകത്ത് ഇന്നു വരെ ജീവിച്ചിരുന്നതില്‍ വച്ച് ഏറ്റവും വലിയ പക്ഷി എപിയോര്‍ണിസ് ടൈറ്റനാണെന്ന് ഇവര്‍ വിധിച്ചു.

എപ്പിയോര്‍ണിസ് ടൈറ്റന്‍ എലഫന്റ് പക്ഷികളില്‍ തന്നെ മറ്റൊരു വിഭാഗമാണെന്ന് സുവോളജിക്കല്‍ സൊസൈറ്റിയുടെ പഠനത്തില്‍ പറയുന്നു. ഇവ മാക്സിമസിനേക്കാള്‍ വലിപ്പമേറിയവയായിരുന്നു. ഇക്കാര്യം അന്‍ഡ്രൂസും പിന്നീടുള്ള ഗവേഷകരും കണ്ടെത്തിയ ഫോസിലുകള്‍ തെളിയിക്കുന്നുണ്ട്. ഇവയ്ക്ക് 3 മീറ്റര്‍ വരെ ഉയരവും  800 കിലോ വരെ ഭാരവും ഉണ്ടായിരുന്നു. ഭാരക്കൂടുതല്‍ കൊണ്ട് തന്നെ ഇവയ്ക്ക് പറക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല. 

എപിയോര്‍ണിസിനെ കുറിച്ച് മാത്രമല്ല ആന പക്ഷികളെക്കുറിച്ചു കൂടി നിർണായകമായ വിവരങ്ങള്‍ സുവോളജിക്കല്‍ സര്‍വ്വേയുടെ പഠനത്തിലുണ്ട്.മഡഗാസ്കറിന്റെ നിലനില്‍പ്പില്‍ തന്നെ നിര്‍ണ്ണായ പങ്കു വഹിച്ചിരുന്നവയാണ് ആന പക്ഷികളെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ജെയിംസ് ഹാന്‍സ് ഫോര്‍ഡ് പറയുന്നു. സസ്യഭുക്കുകളായ ഇവയുള്ളതുകൊണ്ടു മാത്രം നിലനിന്നു പോന്ന പല സസ്യങ്ങളും വൃക്ഷങ്ങളും ഉണ്ടായിരുന്നു. ഈ പക്ഷികള്‍ക്ക് മാത്രം കഴിക്കാന്‍ കഴിയുന്നതായ പഴങ്ങളാണ് ഈ വൃക്ഷങ്ങളിലുണ്ടായിരുന്നത്. ഇവ ഭക്ഷിച്ച ശേഷം കാഷ്ടത്തിലൂടെ പുറത്തു വന്നിരുന്ന വിത്തുകളിലൂടെയാണ് വൃക്ഷങ്ങളുടെ പിന്‍തലമുറകള്‍ ഉണ്ടായത്.പക്ഷികളുടെ നാശത്തോടെ ഈ വൃക്ഷങ്ങള്‍ക്കും വംശനാശം സംഭവിച്ചു.

മഡഗാസ്കറിന്റെ ജൈവവൈവിധ്യം. 

ഇന്നും ലോകത്തെ ഏറ്റവും ജൈവവൈവിധ്യമേറിയ ദ്വീപാണ് മഡഗാസ്കര്‍. മഡഗാസ്കറിലുണ്ടായിരുന്ന പക്ഷിമൃഗാദികളില്‍ വലിയൊരു വിഭാഗവും ഇതിനകം വംശനാശം സംഭവിച്ചവയാണ്. എന്നിട്ടും മഡഗാസ്കറിനെ ജൈവവൈവിധ്യ മേഖലയായി ഇപ്പോഴും നിലനിര്‍ത്തുന്നത് അതിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ്. ഭൂമിയില്‍ ഇന്നു കാണുന്ന ഭൂഖണ്ഡങ്ങള്‍ രൂപപ്പെടുന്നതിനു മുന്‍പ് തന്നെ ആഫ്രിക്കയില്‍ നിന്ന് ഒറ്റപ്പെട്ടു പോയ ഭാഗമാണ് മഡഗാസ്കര്‍. പുറം ലോകവുമായി ബന്ധമില്ലാതെ കിടന്ന മഡഗാസ്കറില്‍ തനതായ ഒട്ടേറെ ജീവികള്‍ പരിണാമം മൂലം സൃഷ്ടിക്കപ്പെടുകയും വിവിധ ജീവിവർഗങ്ങളായി പരിണമിക്കുകയും ചെയ്തു.

ഈ പ്രത്യേകതകള്‍ തന്നെയാണ് മഡഗാസ്കറിലെ പല ജീവികളുടെ വംശനനാശത്തിനും കാരണമായതും. മറ്റു പ്രദേശങ്ങളുമായി ബന്ധമില്ലാത്തത് ഈ ജീവികള്‍ മഡഗാസ്കറില്‍ തന്നെ ഒതുങ്ങി പോകുന്നതിനു കാരണമായി. നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തിനൊടുവില്‍ ഇവയില്‍ പലതും ഇല്ലാതാവുകയും ചെയ്തു. ഇവയില്‍ ഒന്നാണ് ആനപക്ഷികള്‍ എന്ന എലഫന്റ് ടൈറ്റന്‍സും.