മുത്തങ്ങയിലെ ആനപ്പന്തിയിൽ കഴിഞ്ഞ രണ്ടു വർഷമായി കൂട്ടിൽ കഴിയുന്ന കല്ലൂർ കൊമ്പനെ(ഭരത്) പുറത്തിറക്കാൻ വന്യജീവി വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആൻഡ് ഫീൽഡ് ഡയറക്ടർ എൻ.അഞ്ജൻകുമാർ ഉത്തരവിട്ടു. ജനവാസകേന്ദ്രങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും കർഷകനെ ആക്രമിക്കുകയും ചെയ്തതിന്റെ പാശ്ചാത്തലത്തിൽ 2016 നവംബർ 22ന് കല്ലൂർ 67ലെ വനമേഖലയിൽനിന്ന് മയക്കുവെടി വച്ചു പിടികൂടി കൂട്ടിലടച്ചതാണ് കല്ലൂർ കൊമ്പനെ.
രണ്ടു വർഷമായി കൂട്ടിൽ കഴിയുന്ന കാട്ടുകൊമ്പനെ പുറത്തിറക്കുമ്പോഴുണ്ടാകുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുൻകരുതലിനായി ആനയ്ക്ക് മൈക്രോചിപ്പ് ഘടിപ്പിക്കണമെന്നും ആനയ്ക്കും പാപ്പാൻമാർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.
അർധ വന്യാവസ്ഥയിൽ മുത്തങ്ങ പന്തിയോടു ചേർന്ന വനപ്രദേശത്ത് തുറന്നു വിട്ട് വനംവകുപ്പിന്റെ നിയന്ത്രണത്തിൽ നിരീക്ഷിക്കണമെന്നും എത്രയും വേഗം നടപ്പിലാക്കണമെന്നും ഉത്തരവിൽ പറയുന്നു. അർധ വന്യാവസ്ഥയിൽ എന്നു പറയുന്നുണ്ടെങ്കിലും കുങ്കിയാനകളായി പരിശീലനം നേടുന്നതിന് മുൻപ് മുത്തങ്ങ പന്തിയിലെ സൂര്യയും കുഞ്ചുവുമൊക്കെ കഴിഞ്ഞതു പോലെ തന്നെ പരിപാലിക്കപ്പെടുകയാണ് ചെയ്യുക.
കഴിഞ്ഞ 2 വർഷം നടന്നത്
-കൊമ്പനെ പിടികൂടി കൂട്ടിലടച്ചു
-പറമ്പിക്കുളം കടുവാ സങ്കേതത്തിൽ തുറന്നു വിടുന്നതിന് ഉത്തരവിറക്കി
-മുതലമട, പറമ്പിക്കുളം, ആനമല,എന്നിവിടങ്ങളിൽ പൊതുജനങ്ങളും ജനപ്രതിനിധികളും വലിയ എതിർപ്പുണ്ടാക്കി.
-കൊമ്പനെ വഴിയിൽ തടഞ്ഞു
- 2017ഫെബ്രുവരി 12ന് തുറന്നുവിടാനുള്ള ശ്രമം ഉപേക്ഷിച്ചു.
-സ്വഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരികെ വിടുന്നതിനുള്ള സാധ്യകൾ പരിശോധിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ചു
-വീണ്ടും കാട്ടിൽ തുറന്നു വിടുന്നത് ഉചിതമല്ലെന്നും അർധ വന്യമായ ആവാസ വ്യവസ്ഥയിൽ തുറന്നു വിടുകയോ കുങ്കിയാനയാക്കി മാറ്റിയെടുക്കുകയോ ചെയ്യണമെന്ന് സമിതി നിർദേശം വന്നു
-ആന ഇണങ്ങിക്കഴിഞ്ഞപ്പോൾ പുറത്തിറക്കാൻ ഇക്കഴിഞ്ഞ 11ന് ഉത്തരവുമെത്തി
കല്ലൂർ കൊമ്പൻ ഇപ്പോൾ
-ഇടുങ്ങിയ കൂട്ടിൽ സ്വാഭാവിക ചലനങ്ങൾ സാധ്യമാകുന്നില്ല
-അക്രമ സ്വഭാവം മാറി
-പാപ്പാൻമാരുമായി നല്ല ഇണക്കം.
-കൃത്യ സമയത്ത് ഭക്ഷണത്തിനായി കാത്തു നില്‍ക്കും
-ആനപ്പുറത്ത് പാപ്പാൻമാർക്ക് കയറുവാൻ കഴിയുന്നു.
-കൂടിന് കാലപ്പഴക്കത്താൽ ബലക്ഷയം
-23 മാസത്തിൽ അധികമായി കൂട്ടിലിട്ടാൽആരോഗ്യത്തെ ബാധിക്കും
മുൻ മാതൃക
2017മേയ് 29ന് മണ്ണാർകാട് ഡിവിഷന്റെ പരിധിയിൽ നിന്ന് പിടികൂടിയ കാട്ടാനയെ കോടനാട് അഭയാരണ്യത്തിലുള്ള പന്തിയിലെ കൂട്ടിലാക്കുകയും ഒരു വർഷത്തിന് ശേഷം 2018 ജൂൺ 22ന് തുറന്നു വിടുകയും ചെയ്തു.
ഇനി കൂട്ടിലുള്ളത് ആറളം കൊമ്പന്‍
-2017 മേയ് 10ന് കൊട്ടിയൂര്‍ റേഞ്ചില്‍ നിന്നു പിടിച്ചത്.
-8 മാസം അവിടെ കൂട്ടില്‍, 2018 ജനുവരി 1 മുതല്‍ മുത്തങ്ങയില്‍ കൂട്ടില്‍