Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെല്ലിയാമ്പതിയിലെ 8,926 ഹെക്ടർ വനഭൂമി ഇനി കടുവകൾക്ക്!

Tiger

നിത്യഹരിതവനമടക്കം നെല്ലിയാമ്പതിയിലെ 8,926 ഹെക്ടർ വനഭൂമി പറമ്പിക്കുളം കടുവ സംരക്ഷണ പദ്ധതിക്കു കൈമാറും. മേഖലയുടെ പരിസ്ഥിതി സംരക്ഷണവും പറമ്പിക്കുളം കരുതൽ മേഖലാ വികസനവും ലക്ഷ്യമിട്ടുള്ള നടപടിക്കു കേന്ദ്ര വനം, വന്യജീവി മന്ത്രാലയത്തിന്റെ അനുമതിയായി. 9 വർഷം മുൻപാണ് ഇതിനു നടപടി ആരംഭിച്ചത്.

Nelliyampathy

വനഭൂമിക്കൊപ്പം ഒരു ഫോറസ്റ്റർ അടക്കം 5 ജീവനക്കാരെയും വിട്ടുനൽകണമെന്ന ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ആവശ്യത്തിൽ സംസ്ഥാന വനംവകുപ്പു വൈകാതെ തീരുമാനമെടുക്കും. വനം, വന്യജീവി വിഭാഗത്തിന്റെ സംയുക്ത അതിർത്തി നിർണയവും നടത്തണം. പശ്ചിമഘട്ടത്തിലെ അത്യപൂർവ വനമേഖലകളിലൊന്നായ ഈ പ്രദേശം കൈമാറുന്നതേ‍ാടെ, നെല്ലിയാമ്പതി റിസർവിനു കീഴിൽ 1,465 ഹെക്ടർ സംരക്ഷിതവനമേ ശേഷിക്കൂ.

വിനോദസഞ്ചാരികൾ പ്രധാനമായും എത്തുന്നത് എസ്റ്റേറ്റ് മേഖലയിലായതിനാൽ വിനേ‍ാദസഞ്ചാരത്തെ ബാധിക്കില്ലെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, നിരീക്ഷണം ശക്തമാക്കും. അതിർത്തി നിർണയിക്കാനും അനുബന്ധ നടപടികൾക്കും സംയുക്ത കമ്മിറ്റിക്കു രൂപം നൽകുമെന്നു പറമ്പിക്കുളം ടൈഗർ പ്രേ‍ാജക്ട് ഡപ്യൂട്ടി ഡയറക്ടർ പി.വി.മധുസൂദനൻ പറഞ്ഞു.

∙ എസ്റ്റേറ്റുകൾ 2000 ഹെക്ടർ

നെല്ലിയാമ്പതി റിസർവിനു കീഴിൽ തേയിലത്തേ‍ാട്ടങ്ങൾ ഉൾപ്പെടെ 54 എസ്റ്റേറ്റുകളുണ്ട്. തുടക്കത്തിൽ 20 എണ്ണമായിരുന്നെങ്കിലും തേ‍ാട്ടം പലർക്കായി കൈമാറിയതും പാട്ടത്തിനു നൽകിയതുമാണ് ഉടമസ്ഥരുടെ എണ്ണം വർധിക്കാൻ കാരണം. 2000 ഹെക്ടറുള്ള തേ‍ാട്ടം മേഖലയിൽ പലതിന്റെയും പാട്ടക്കാലാവധി സംബന്ധിച്ച കേസുകൾ ഹൈക്കേ‍ാടതിയിലും സുപ്രീം കേ‍ാടതിയിലുമാണ്. 

യുഎൻ പൈതൃക വനമേഖല 

യുഎൻ പൈതൃകവന പദ്ധതിയുടെ ഭാഗമായ നെല്ലിയാമ്പതി അതീവ ദുർബല ജൈവവൈവിധ്യ പ്രദേശമാണ്.1600 അത്യപൂർവ ഇനം ചെടികളും പുഷ്പങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ചെങ്കുത്തായ ചരിവും പുൽമേടുകളുമുള്ള ഇവിടെ വരയാടിനെയും കണ്ടെത്തി. മേഖലയിൽ ക്വാറികളും മണ്ണെടുപ്പും നിരേ‍ാധിക്കാൻ വനം പരിസ്ഥിതി സമിതിയും പരിസ്ഥിതി വിദഗ്ധരും ആവശ്യപ്പെട്ടെങ്കിലും വ്യക്തമായ നടപടിയുണ്ടായിട്ടില്ല. ഭൂമിശാസ്ത്രപരമായി ദുർബലമായ ഈ മേഖലയിൽ പ്രളയകാലത്തുണ്ടായ മണ്ണിടിച്ചിലും പ്രശ്നങ്ങളും വൻ പരിസ്ഥിതിത്തകർച്ചയുടെ ഭാഗമാണെന്നാണു വിലയിരുത്തൽ.