വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ കൊണ്ടു മരുന്നു നിർമിക്കുന്നവരില്‍ കുപ്രസിദ്ധരാണ് ചൈനക്കാരും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലുള്ളവരും. ഏഷ്യയിലെ കടുവകളായിരുന്നു മരുന്നുകള്‍ക്കു വേണ്ടി വേട്ടയാടപ്പെട്ട ആദ്യ മൃഗം. അതിനു ശേഷം ആഫ്രിക്കയിലെ സിംഹങ്ങളായി ഇരകള്‍. കടുവകളുടെയും സിംഹങ്ങളുടെയും സ്ഥിതി ദയനീയമായതോടെയാണ് മരുന്നു നിർമാതാക്കള്‍ പുതിയ ഇരയെ തേടിയിറങ്ങിയത്. ഇതിനൊടുവിലാണ് ഇപ്പോള്‍ ദക്ഷിണ അമേരിക്കയില്‍ മാത്രം കാണപ്പെടുന്ന സംരക്ഷിത മൃഗങ്ങളായ ജഗ്വാറുകളെ തേടി വേട്ടക്കാരെത്തിയിരിക്കുന്നത്.
ഇന്ത്യ ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും പ്രാദേശിക വേട്ടക്കാരുടെ സഹായത്തോടെയാണ് മരുന്നു നിർമാതാക്കള്‍ പുലി വർഗത്തില്‍ പെട്ട ജഗ്വാറുകളെ മരുന്നു നിർമാണത്തിനു വേണ്ടിയെത്തിക്കുന്നത്. ഒരു ജഗ്വാറിന് 260 ഡോളര്‍ വരെയാണ് പ്രാദേശിക വേട്ടക്കാര്‍ക്കു ചൈനീസ് മരുന്നു നിർമാതാക്കള്‍ നല്‍കുന്നത്. മരുന്നിനുള്ള ആവശ്യം തുടരുകയും കടുവകളുടെയും സിംഹങ്ങളുടെയും ലഭ്യതയില്‍ കുറവുണ്ടാവുകയും ചെയ്തതോടെയാണ് ജഗ്വാറിലേക്കു മരുന്ന് നിർമാതാക്കള്‍ എത്തിച്ചേര്‍ന്നത്.
വേള്‍ഡ് ആനിമല്‍ പ്രൊട്ടക്ഷന്‍ എന്ന എന്‍ജിഒ നടത്തിയ അന്വേഷണത്തിലാണ് ചൈനയിലേക്കു വ്യാപകമായി ജഗ്വാറുകളുടെ ശരീര ഭാഗങ്ങള്‍ എത്തിക്കുന്നുവെന്ന് വ്യക്തമായത്. നിലവില്‍ വന്യമൃഗങ്ങളുടെ ശരീരഭഗങ്ങള്‍ കച്ചവടം നടത്തുന്നത് നിരോധിക്കുന്ന രാജ്യാന്തര ഉടമ്പടി നിലവിലുണ്ടെങ്കിലും ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളും ചൈനയുമായി ഇത്തരമൊരു കരാറില്ല. അതുകൊണ്ട് തന്നെ ജഗ്വാറുകളുടെ ശരീരഭാഗങ്ങള്‍ ചൈനയിലേക്കെത്തിക്കുന്നതിനു കാര്യമായ തടസ്സങ്ങളും ഉണ്ടാകില്ല. ഇതാദ്യമായാണ് ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഏഷ്യയിലെ മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ കടത്തുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
വനനശീകരണവും, ഖനനവും വീര്‍പ്പു മുട്ടിക്കുന്ന ദക്ഷിണ അമേരിക്കയിലെ ജൈവസമ്പത്ത് നേരിടുന്ന പുതിയ വെല്ലുവിളിയാണ് മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ കടത്തുന്നത്. ഇപ്പോള്‍ ജഗ്വാറുകളുടെ ശരീരഭാഗങ്ങള്‍ മാത്രമാണു കടത്തുന്നതായി കണ്ടെത്തിയിട്ടുള്ളത് എങ്കിലും കൂടുതല്‍ ജീവികള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ടാകാമെന്നാണു കരുതുന്നത്. ദക്ഷണ അമേരിക്കന്‍ രാജ്യമായ സറിനേമിലാണ് വേള്‍ഡ് ആനിമല്‍ പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകര്‍ അന്വേഷണം നടത്തി ജഗ്വാര്‍ വേട്ട കണ്ടെത്തിയത്. കടലിനോടു ചേര്‍ന്ന് കിടക്കുന്ന സറിനേമില്‍ നിന്നു ജഗ്വാറുകളെ വേട്ടയാടി കൊണ്ടുപോകുന്നതും താരതമ്യേന അനായാസമായ കാര്യമാണ്.
ശരീരം വേവിച്ച ശേഷം കള്ളക്കടത്ത്
മരുന്നിനു വേണ്ടിയും വീഞ്ഞു നിർമാണത്തിനുമായാണ് ജഗ്വാറുകളുടെ ശരീരഭാഗങ്ങള്‍ ഉപയോഗിക്കുന്നത്. ജഗ്വാറുകളെ കൊന്ന് വെള്ളത്തിലിട്ടു പുഴുങ്ങിയെടുത്ത ശേഷമാണ് ചൈനയിലേക്ക് അയയ്ക്കുന്നത്. ആഫ്രിക്കയില്‍ നിന്നും മറ്റും സിംഹങ്ങളുടെ ശരീരഭാഗങ്ങള്‍ മാത്രമാണ് കയറ്റിയയച്ചിരുന്നത്. എന്നാല്‍ ദക്ഷിണ അമേരിക്കയില്‍ പുഴുങ്ങി എടുത്ത ജഗ്വാറുകളെ മുഴുവനോടെയാണ് കയറ്റി അയയ്ക്കുന്നത്.
ജാഗ്വാറുകളെ ഇത്തരത്തില്‍ കടത്തുന്നതിനെ കുറിച്ച് തങ്ങള്‍ക്കറിവില്ലെന്നാണു പ്രാദേശിക വനപാലകരും വനം വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്. അതുകൊണ്ട് തന്നെ അധികൃതര്‍ക്കിടയിലും ശക്തമായ സ്വാധീനം കള്ളക്കടത്തുകാര്‍ക്കും കച്ചവടക്കാര്‍ക്കുമുണ്ടെന്ന് എൻജിഒ യ്ക്കു വേണ്ടി അന്വേഷണം നടത്തിയവര്‍ കരുതുന്നു.