ശ്വാസം നിലച്ചുപോയ നിമിഷങ്ങൾ; സ്രാവിന്റെ വായിൽ നിന്ന് ഗവേഷകയെ രക്ഷിച്ചത് കൂനൻ തിമിംഗലം!

he moment a huge humpback whale pushed Nan Hauser around in the water, protecting her from a shark. Image Credit: Nan Hauser/Caters

സ്രാവിന്റെ പിടിയിൽ നിന്ന് സമുദ്ര ഗവേഷകയെ രക്ഷിച്ച കൂനൻ തിമിംഗലത്തിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. കുക്ക് ഐലൻഡിൽ മ്യുറി ബീച്ചിൽ പസഫിക് സമുദ്രാന്തർ ഭാഗത്ത് ഗവേഷണം നടത്തുകയായിരുന്ന 63കാരി നാൻ ഹോസറെയാണ് സ്രാവിന്റെ പിടിയിൽ നിന്ന് തിമിംഗലം അത്ഭുതകരമായി രക്ഷപെടുത്തിയത്. തിമിംഗല ഗവേഷക സംഘത്തിലെ ജന്തുശാസ്ത്രജ്ഞയാണ് നാൻ ഹോസർ. സമുദ്രാന്തർ ഭാഗത്ത് ഗവേഷണം നടത്തുകയായിരുന്നു നാൻ ഹോസറും സംഘവും. അപ്പോഴാണ് ഹോസറെ ലക്ഷ്യമാക്കി ടൈഗർ ഷാർക്കിന്റെ വരവ്.കടലിന്നടിൽ ഗവേഷണത്തിലേർപ്പെട്ടിരുന്ന നാൻ‍ ഹോസർ ഇതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ സമുദ്രോപരിതലത്തിൽ ബോട്ടിലുണ്ടായിരുന്ന സംഘം ഡ്രോൺ ഉപയോഗിച്ച് ഈ രംഗങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

പെട്ടെന്നായിരുന്നു ഹോസറിനരികിലേക്ക് കൂറ്റൻ കൂനൻ തിമിംഗലത്തിന്റെ മാസ് എൻട്രി.50000 പൗണ്ട് അതായത് ഏകദേശം 22632 കിലോയോളം വരുന്ന കൂറ്റൻ തിമിംഗലമാണ് ഹോസറെ രക്ഷിക്കാനെത്തിയത്. സ്രാവിന്റെ പിടിയിൽ നിന്നു രക്ഷിക്കാനായി തിമിംഗലം തലയുപയോഗിച്ചും വായുപയോഗിച്ചും ഹോസറെ തട്ടിമാറ്റി. ഒരവസരത്തിൽ സുരക്ഷിതമായി തിമിംഗലത്തിന്റെ ചിറകിനടിയിൽ ഒളിപ്പിക്കുകയും ചെയ്തു. ഏകദേശം 10 മിനിട്ടോളം തിമിംഗലം ഹോസറെ സ്രാവിന്റെ പിടിയിൽ അകപ്പെടാതെ കാത്തു. പിന്നീട് തലകൊണ്ടുയത്തി നാൻ ഹോസറെ ജലോപരിതലത്തിലെത്തിക്കാനും തിമിംഗലം ശ്രമിച്ചു. 15 അടിയോളം നീളമുള്ള വമ്പൻ ടൈഗർ ഷാർക്കാണ് നാൻ ഹോസറെ ആക്രമിക്കാനെത്തിയത്.ഇതിനിടയിൽ അവിടേക്കെത്തിയ മറ്റൊരു തിമിംഗലം സ്രാവിനെ വാലുപയോഗിച്ച് അടിച്ച് അവിടെനിന്നു തുരത്തുകയും ചെയ്തു. സ്രാവിന്റെ പിടിൽ നിന്നും രക്ഷപെട്ടെത്തിയ ഹോസർ തിരികെ ബോട്ടിലേക്കു കയറിയപ്പോഴും ഒരിക്കൽക്കൂടി ഹോസർ സുരക്ഷിതയാണോയെന്നറിയാൻ തിമിംഗലം ജലോപരിതലത്തിലെത്തി ബോട്ടിലേക്ക് നോക്കിയിരുന്നു.

Image Credit: Nan Hauser/Caters

അപകടത്തിൽ പെടുന്ന മറ്റു സഹജീവികളെ രക്ഷിക്കാനുള്ള തിമിംഗലങ്ങളുടെ സ്വഭാവവിശേഷമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് നാൻ ഹോസർ വിശദീകരിച്ചു.ഇതിനു മുൻപും പലതവണ ഹോസർ കടലിൽ ഗവേഷണത്തിനിറങ്ങിയിട്ടുണ്ടെങ്കിലും ഇത്രയടുത്ത് ആദ്യമായാണ് ഒരു തിമിംഗലത്തെ കാണുന്നത്.  ഉള്ളിൽ നേരിയ ഭയമുണ്ടായിരുന്നെങ്കിലും തിമിംഗലം അടുത്തെത്തിയപ്പോൾ അതു പുറത്തു പ്രകടിപ്പിച്ചില്ല. മൃഗങ്ങളെ ഇഷ്ടമായതുകൊണ്ടു തന്നെ സംയമനം പാലിച്ച് തിമിംഗലത്തിനരികിൽ തന്നെ നിന്നു. തിമിംഗലം തലകൊണ്ടു തട്ടിയപ്പോഴും എന്തിനെന്നറിയില്ലെങ്കിലും ഹോസർ‍ ഭയന്നു പിന്മാറിയില്ല. ഇതിനിടയിൽ പലവട്ടം ഹോസർ തിമിംഗലത്തെ സ്നേഹപൂർവ്വം സ്പർശിക്കുന്നുമുണ്ടായിരുന്നു. എന്നാൽ ഡ്രോൺ ഉപയോഗിച്ച് ഈ ദൃശ്യങ്ങൾ പകർത്തിയ ഗവേഷക സംഘം നാൻ ഹോസറുടെ അവസ്ഥ കണ്ട് ഞെട്ടിയിരുന്നു. അവർ തന്റെ മരണം പകർത്താൽ തയ്യാറായിരുന്നില്ലെന്നാണ് ആ നിമിഷങ്ങളെക്കുറിച്ച് നാൻ ഹോസറുടെ വിശദീകരണം.

Image Credit: Nan Hauser/Caters

ഡോൾഫിനുകൾക്ക് അപകടത്തിൽ പെടുന്നവരെ രക്ഷിക്കുന്ന സ്വഭാവമുണ്ട്. അതിനെക്കുറിച്ച് ഒട്ടനവധി കഥകളും ഹോസർ മുൻപ് കേട്ടിട്ടുണ്ടായിരുന്നു. എന്നാൽ കൂനൻ തിമിംഗലങ്ങൾക്ക് ഇങ്ങനെയൊരു സ്വഭാവസവിശേഷതയുണ്ടെന്ന് തിരിച്ചറിഞ്ഞത് ഇതാദ്യമായാണ്. സ്രാവ് അരികിലുണ്ടെന്നറിയാതെ ഹോസർ തിമിംഗലത്തിന്റ സംരക്ഷണ വലയത്തിൽ നിന്നത് ഏകദേശം 10 മിനിട്ടോളമാണ്.

തിമിംഗലത്തിനോടു നന്ദി പറഞ്ഞാണ് ഹോസർ ബോട്ടിലേക്കു തിരിച്ചെത്തിയത്. താൻ നേരിട്ട അവസ്ഥ സഹപ്രവർത്തകർ വിശദീകരിച്ചപ്പോൾ മാത്രമാണ് ഇത്ര ഭീകരമായിരുന്നുവെന്ന് ഹോസർ മനസ്സിലാക്കിയത്. എന്തായാലും സ്രാവിന്റെ പിടിയിൽ നിന്ന് നാൻ ഹോസറെ രക്ഷിച്ച കൂനൻ തിമിംഗലമാണ് ഇപ്പോൾ മാധ്യമങ്ങളിലെ താരം.