ലോകത്തിലെ ഏറ്റവും ഭീകരമായ ഇണചേരലിന്റെ ദൃശ്യങ്ങൾ പുറത്ത്. ആഴക്കടലിലെ ആംഗ്ലർ മത്സ്യത്തിന്റേതാണ് ഞെട്ടിപ്പിക്കുന്ന ഈ ദൃശ്യങ്ങൾ. പല ജീവികളിലും ഇണചേരൽ ദുരന്തത്തിൽ കലാശിക്കാറുണ്ട്. ഇണചേരലിനു ശേഷം പെൺ വർഗം ആണിനെ ഭക്ഷണമാക്കുന്ന രീതി ചില ജീവികളിൽ കണ്ടെത്തിയിട്ടുണ്ട്.ചിലയിനം എട്ടുകാലികളും ഈ രീതി പിന്തുടരുന്നുണ്ട്.
എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തവും അതിഭീകരവുമാണ് ആംഗ്ലർ മത്സ്യങ്ങളുടെ ഇണചേരൽ. ഇവിടെ ആൺ ആംഗ്ലർ മത്സ്യം സ്വന്തം ജീവിതം എന്നന്നേക്കുമായി പെൺ മത്സ്യത്തിന് അടിയറവു വച്ചാണ് ഇണചേരുന്നത്. ഇണചേർന്നാൽ പിന്നെ ആൺ മത്സ്യത്തിന് സ്വതന്ത്രമായൊരു ജീവിതമില്ല. ആൺമത്സ്യത്തിന്റെ ആദ്യത്തേതും അവസാനത്തേതുമായ ഇണചേരലായിരിക്കും അത്. ഇണചേർന്നതിനും ശേഷം ആൺ മത്സ്യത്തിന്റെ ശരീരഭാഗം പെൺ മത്സ്യത്തിന്റെ ശരീരത്തോടു ഇഴുകി ചേർന്നു പോവുകയാണ് ചെയ്യുക. പിന്നീട് ഈ ശരീരഭാഗങ്ങളും പെൺ മത്സ്യത്തിന്റേതായിത്തീരും. ജീവൻ പോകാതെ തന്നെ അവന്റെ ശരീര ഭാഗങ്ങളെല്ലാം അവളുടേതായിത്തീരും. അവൻ അവളുടെ ഉടലിനോടു ചേർന്നു കിടക്കുന്ന വെറും ഒരു മാംസപിണ്ഢമായി മാറും. പിന്നീടവൻ പെൺ മത്സ്യത്തിന് ബീജങ്ങൾ നൽകാൻ മാത്രം വിധിക്കപ്പെട്ട ഒരു ഉപകരണം മാത്രമാകും. തികച്ചും ഭീകരമായ അവസ്ഥയാണിതെന്ന് ഗവേഷകർ പറയുന്നു.
ഇണചേരലിലൂടെ ആൺ മത്സ്യത്തിന്റെ പ്രധാന അവയവങ്ങളെല്ലാം ക്ഷയിക്കുകയും ചിറകുകൾ തളരുകയും ചെയ്യും. അവന്റെ ശരീരത്തിലൂടെയൊഴുകുന്ന ചോരയും മെല്ലെ അവളിലേക്കൊഴുകിത്തുടങ്ങും. പിന്നീടൊരിക്കലും അവളിൽ നിന്ന് ഒരു മടക്കമില്ല. ആംഗ്ലർ മത്സ്യങ്ങളുടെ ഭീകര ഇണചേരൽ ഇത്രയും കാലം പുസ്തകത്താളുകളിൽ മാത്രമായിരുന്നു നിറഞ്ഞു നിന്നിരുന്നത്. ശാസ്ത്ര ലോകത്തിന് ആദ്യമായാണ് ഇവയുടെ ഇണചേരൽ ദൃശ്യം ലഭിക്കുന്നത്. അസോറെസ് ദ്വീപിനു സമീപം വടക്കൻ അറ്റ്ലാന്റിക് സമുദ്രാന്തർ ഭാഗത്തു നിന്നാണ് ഈ അപൂർവ ദൃശ്യങ്ങൾ പകർത്തിയത്. സമുദ്രാന്തർ ഗവേഷകരും ദമ്പതികളുമായ ക്രിസ്റ്റെനും ജോഷിം ജേക്കബ്സെും ചേർന്നാണ് ഈ അപൂർവ ദൃശ്യങ്ങൾ ആഴക്കടലിൽ നിന്നും പകർത്തിയത്. 2016ൽ ഇവർ പകർത്തിയ ദൃശ്യങ്ങൾ കഴിഞ്ഞ വ്യാഴാഴ്ചയാണ് പുറത്തുവിട്ടത്.
കടൽ നിരപ്പിൽ നിന്ന് 800 മീറ്റർ താഴ്ചയിൽ നിന്നാണ് ഈ അപൂർവ ദൃശ്യങ്ങൾ ഇവർ പകർത്തിയത്. ഇവർ കാണുമ്പോൾ സ്വയം പ്രകാശിക്കുന്ന നിരവധി നാരുകളുമായി നീന്തുന്ന ആംഗ്ലർ മത്സ്യത്തിന്റെ വയറിനടിയിൽ നിന്നും എന്തോ ഒരു വസ്തു തൂങ്ങിക്കിടക്കുന്നത് കണ്ടു. ഒരിക്കലും ആ ശരീരഭാഗത്തു നിന്നും രക്ഷപെടാനാവാത്ത ആൺ മത്സ്യമാണതെന്ന് അവർ പെട്ടെന്നു തന്നെ മനസ്സിലാക്കി. അതുകൊണ്ടുതന്നെ അരമണിക്കൂറോളം ഈ മത്സ്യത്തെ പിന്തുടർന്ന് ദൃശ്യങ്ങൾ പകർത്തുകയായിരുന്നെന്ന് ഇവർ പിന്നീട് വ്യക്തമാക്കി.
ഒരിക്കൽ പോലും പെൺ മത്സ്യം മുട്ടയിടുന്നതോ ആൺ മത്സ്യത്തിന്റെ ചിറകുകൾ ഉൾപ്പെടുന്ന മറ്റു ശരീര ഭാഗങ്ങളോ ഇവർക്കു കാണാൻ കഴിഞ്ഞില്ല. നൂറു കണക്കിനു പ്രകാശിക്കുന്ന ഫിലമെന്റിനു സമാനമായ നാരുകളുമായി മെല്ല നീങ്ങുന്ന ഉണ്ടക്കണ്ണുകളും വായിൽ നിറയെ കൂർത്ത പല്ലുകളുമുള്ള പെൺ മത്സ്യത്തെ മാത്രമാണ് പകർത്താൻ കഴിഞ്ഞത്. ജന്തുലോകത്തെ ഗവേഷകർക്ക് ഒരു മുതൽക്കൂട്ടാണ് ഈ ദൃശ്യങ്ങളെന്ന് സയൻസ് മാഗസിൻ വ്യക്തമാക്കി.
പെൺ മത്സ്യങ്ങളേക്കാൾ വലിപ്പം കുറവാണ് ആൺ ആംഗ്ലർ മത്സ്യങ്ങൾക്ക്. വലിയ മൂക്കും ഉണ്ടക്കണ്ണുമുള്ള ആൺ മത്സ്യങ്ങൾ പെൺ മത്സ്യങ്ങൾ പുറപ്പെടുവിക്കുന്ന സിഗ്നലിനായി അടിത്തട്ടിൽ പരതി നടക്കുകയാണ് പതിവ്. ശരീരം നിറയെ സ്വയം പ്രകാശിപ്പിക്കുന്ന നാരുകൾ കൊണ്ടാണ് പെൺ മത്സ്യങ്ങളുടെ നടപ്പ്. ആൺ മത്സ്യങ്ങളെ അപേക്ഷിച്ച് പതിൻമടങ്ങ് ഭാരക്കൂടുതലുണ്ടാകും ഈ പെൺ മത്സ്യങ്ങൾക്ക്. സിഗ്നൽ ലഭിച്ചു കഴിഞ്ഞാൽ പെൺ മത്സ്യത്തിന്റെ സഞ്ചാര പരിധിയിലെത്തുന്ന ആൺ മത്സ്യം മെല്ല അതിന്റെ വയറിൽ കടിച്ചു തൂങ്ങും. പിന്നീട് ജീവിതാവസാനം വരെ ഈ രീതി തുടരും. ലോകത്തിലെ ഒരു ജീവികളുടെയും ഇണചേരൽ ജീവിതാവസാനം വരെ അനന്തമായി തുടരാറില്ല. അതാണ് ആംഗ്ലർ മത്സ്യത്തെ മറ്റു ജീവികളിൽ നിന്നും വ്യത്യസ്തമാക്കുന്നതും.
ഇണചേരുന്ന ആൺ മത്സ്യത്തിന്റെ ശരീര ഭാഗങ്ങളും കോശങ്ങളുമെല്ലാം പതിയെ പെൺ മത്സ്യത്തിന്റെ ശരീരത്തോടും ചേർന്ന് ഒന്നായിത്തീരും. ജീവിതത്തിൽ ഒരേയൊരു തവണ മാത്രമേ ആൺ മത്സ്യത്തിന് ഇണചേരാൻ കഴിയൂ. പിന്നീട് ശിഷ്ട കാലം ഒരു ബീജദാതാവായി പെൺ മത്സ്യത്തിന്റെ ശരീരത്തിൽ തൂങ്ങിയാടാനായിരിക്കും ആൺമത്സ്യത്തിന്റെ വിധി.
എന്തായാലും ഭാവനിൽ മാത്രം കണ്ട ഈ ഭീകര ഇണചേരലിന്റെ ദൃശ്യങ്ങൾ നേരിട്ടു കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ശാസ്ത്രലോകം. ആംഗ്ലർ മത്സ്യങ്ങളെക്കുറിച്ചുള്ള തുടർ പഠനത്തിന് ഈ ദൃശ്യങ്ങൾ മുതൽക്കൂട്ടാകുമെന്നും ശാസ്ത്രലോകം വ്യക്തമാക്കി.