സമുദ്രത്തിലെ ഏറ്റവും മികച്ച വേട്ടക്കാരാണ് സ്രാവുകള്‍. ധ്രുവപ്രദേശങ്ങളിലും മറ്റും സ്രാവുകളുടെ പ്രധാന ഇരകളായ ജീവികളാണ് സീലുകള്‍. എന്നാല്‍ ഇപ്പോള്‍ സീലുകള്‍ കൂട്ടം ചേര്‍ന്ന് സ്രാവുകളെ വേട്ടയാടി തിന്നുന്ന ദൃശ്യങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ഗവേഷകര്‍. ദക്ഷിണാഫ്രിക്കന്‍ സീലുകളായ കേപ്ഫര്‍ സീലുകളാണ് ബ്ലൂ ഷാര്‍ക്ക് ഇനത്തില്‍ പെട്ട സ്രാവുകളെ വേട്ടയാടി തിന്നുന്നതായി കണ്ടെത്തിയത്. സീലുകളുടെ അത്ര തന്നെ വലിപ്പം വരുന്ന സ്രാവുകളെ കൂട്ടം ചേര്‍ന്നാണ് സീലുകള്‍ ആക്രമിച്ച് കീഴ്പ്പെടുത്തിയത്.
കേപ് പോയിന്റില്‍ ഡൈവിങ്ങിനെത്തിയ മുങ്ങള്‍ വിദഗ്ധരാണ് ഈ അപൂർവ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയത്. സ്രാവിനെ ഭക്ഷിക്കുന്ന സീലുകളെയാണ് ഇവര്‍ ആദ്യം കണ്ടെത്തിയത്. എങ്ങനെയോ ചത്ത സ്രാവിനെ സീലുകള്‍ ഭക്ഷിക്കുന്നുവെന്നാണ് ആദ്യം ഇവര്‍ കരുതിയത്. എന്നാൽ ഇതിനു തൊട്ടു പിന്നാലെയാണ് മറ്റൊരു സ്രാവിനെ വലിയ ഫര്‍ സീല്‍ വേട്ടയാടുന്നതിന് ഇവര്‍ സാക്ഷികളായത്. സ്രാവുകളുടെ വയറിന്റെ ഭാഗവും കരളും മാത്രമെ സീലുകള്‍ ഭക്ഷിക്കുന്നുള്ളൂവെന്നും ഇവര്‍ കണ്ടെത്തി.
![Seal Attack Blue Shark Seal Attack Blue Shark](https://img-mm.manoramaonline.com/content/dam/mm/ml/environment/environment-news/images/2018/May/9/rare-images-seal-attack-blue-shark.jpg.image.784.410.jpg)
ഇവര്‍ നോക്കി നില്‍ക്കെ തന്നെ ഏഴോളം സ്രാവുകളെ സീലുകള്‍ വേട്ടയാടുകയും ഭക്ഷിക്കുകയും ചെയ്തു. ഒന്നര മീറ്റര്‍ വരെ വലിപ്പമുള്ള സ്രാവുകളെയാണ് സീലുകള്‍ തിരഞ്ഞുപിടിച്ചു വേട്ടയാടിയത്. ഇതുവരെ സീലികള്‍ സ്രാവുകളെ ഇത്തരത്തില്‍ വേട്ടയാടുന്നതും ഭക്ഷിക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഒരുപക്ഷേ, പതിവായി ലഭിച്ചിരുന്ന ഇരകളെ ലഭിക്കാതെ വന്നതോടെയാകാം സ്രാവുകളെ വേട്ടയാടാന്‍ സീലുകള്‍ തുനിഞ്ഞതെന്നാണ് കരുതുന്നത്. സമുദ്രതാപനം മൂലവും വ്യാപകമായ യന്ത്രവൽകൃത മത്സ്യബന്ധനം മൂലവും സീലുകള്‍ സ്ഥിരമായി ഭക്ഷിച്ചിരുന്ന ചെറുമത്സ്യങ്ങളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നിട്ടുണ്ടെന്നാണ് നിഗമനം.