ലോകത്തിലെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലത്തെ വേട്ടയാടിയതാണ് ഐസ്‌ലൻഡിലെ തിമിംഗലവേട്ടക്കാര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരാൻ കാരണമായത്. വേട്ടയാടിയ തിമിംഗലത്തെ തീരത്തടുപ്പിക്കുന്നതിനിടെയില്‍ ഇവർ പകര്‍ത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെയാണ് തിമിംഗലവേട്ട പുറംലോകമറിഞ്ഞത്. കയറ്റുമതിക്കു വേണ്ടിയാണ് തിമിംഗലത്തെ വേട്ടയാടിയതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ലോകരാജ്യങ്ങള്‍ക്കിടയില്‍ വേട്ടയാടില്ലെന്ന് അലിഖിത ധാരണയുള്ള ജീവിവര്‍ഗ്ഗങ്ങളില്‍ ഒന്നാണ് നീലത്തിമിംഗലങ്ങള്‍.
1978ന് ശേഷം ഇതാദ്യമായാണ് ഒരു നീലത്തിമിംഗലത്തെ മനപൂര്‍വ്വം കൊല്ലുന്നത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍ നീലത്തിമിംഗലമാണ് വേട്ടയാടപ്പെട്ടത്. അതേസമയം കൊല്ലപ്പെട്ടത് നീലത്തിംഗലം അല്ലെന്നും നീലത്തിമിംഗലത്തിന്റെയും സ്പേം തിമിംഗലത്തിന്റെയും സങ്കരയിനമാണെന്നുമാണ് ഇതിനെ വേട്ടയാടിയ ഷിപ്പിങ് കമ്പനി വിശദീകരിക്കുന്നത്. സംഭവം വിവാദമായതോടെ തിമിംഗലത്തിന്റെ ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഐസ്‌ലൻഡ് സമുദ്രസംരക്ഷണ വിഭാഗം.
1940കളിലാണ് സമുദ്രത്തിലെ വലിയ മത്സ്യങ്ങളുടെ വേട്ട വ്യാപകമാകുന്നത്. വേട്ട വർധിച്ചതിനോടൊപ്പം നീലത്തിമിംഗലങ്ങളെ വേട്ടയാടുന്നത് ഒരു അഭിമാന സൂചകമായി കൂടി വളര്‍ന്നു വന്നു. ഇതോടെ 1960കളായപ്പോഴേക്കും നീലത്തിമിംഗലങ്ങള്‍ വംശനാശ ഭീഷണി നേരിടുന്ന ജീവികളായി മാറി. ഇതേ തുടര്‍ന്നാണ് നീലത്തിമിംഗലങ്ങള്‍ ഉള്‍പ്പടെയുള്ള തിമിംഗലങ്ങളുടെ സംരക്ഷണത്തിനായി രാജ്യാന്തര തിമിംഗല വേട്ട കമ്മീഷന്‍ രൂപീകരിച്ചത്. ഈ കമ്മീഷന്റെ ഇടപെടല്‍ ശക്തമായതോടെ നീലത്തിമിംഗലങ്ങളെ വേട്ടയാടില്ലെന്ന് എല്ലാ രാജ്യങ്ങളും തീരുമാനമെടുക്കുകയായിരുന്നു.
രാജ്യാന്തര തലത്തില്‍ തന്നെ ധാരണ നിലവിലുണ്ടെങ്കിലും രാജ്യങ്ങള്‍ ഇതിനുവേണ്ടി പ്രത്യേക നിയമമൊന്നും തന്നെ നിര്‍മ്മിച്ചിട്ടില്ല. അതിനാല്‍ കൊന്നത് നീലത്തിമിംഗലത്തെ തന്നെയാണെന്നു തെളിഞ്ഞാലും തിമിംഗല വേട്ട നടത്തിയ ഷിപ്പിങ് കമ്പനിക്ക് നിയമനടപടികള്‍ നേരിടേണ്ടി വരാനുള്ള സാധ്യതയും നന്നേ കുറവാണ്.