ന്യൂസീലൻഡിലെ വെല്ലിങ്ടൺ കടൽത്തീരത്ത് കൂറ്റൻ കണവ ചത്തടിഞ്ഞു. തീരത്തടിഞ്ഞ കൂറ്റൻ കണവയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കടൽത്തീരത്ത് നീന്താനെത്തിയ സഹോദരങ്ങളായ ഡാനിയേൽ, ജാക്ക്, മാത്യു ആപ്‌ലിൻ എന്നിവരാണ് കൂറ്റൻ കണവയുടെ മൃതശരീരം ആദ്യം കണ്ടത്. സ്രാവാണെന്നാണ് ഇവർ ആദ്യം കണ്ടപ്പോൾ കരുതിയത്. പിന്നീട് അടുത്തെത്തിയപ്പോഴാണ് കണവയാണെന്ന് മനസ്സിലായത്. കണവയുടെ മൃതശരീരത്തിനൊപ്പമുള്ള ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത് ഈ സഹോദരൻമാരാണ്
സാധാരണയായി കടലിന്റെ അടിത്തട്ടിലാണ് കൂറ്റൻ കണവകൾ കാണപ്പെടുന്നത്. 13 അടിയോളം നീളമുണ്ടായിരുന്നു തീരത്തടിഞ്ഞ കണവയ്ക്ക്. വലിയ ഇനം കണവയുടെ ഗണത്തിൽ പെട്ടതാണ് തീരത്തടിഞ്ഞ കണവ. ഈ വിഭാഗത്തിൽ പെട്ട വലിയ കണവകൾക്ക് 10 മീറ്ററിലധികം നീളം വയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ തീരത്തടിഞ്ഞിരിക്കുന്ന കണവ ചെറുതാണെന്നും ഇതിന്റെ മരണകാരണം വ്യക്തമല്ലെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് അറ്റ്മോസ്ഫിയറിക് വിഭാഗം വ്യക്തമാക്കി. കണവയുടെ മൃതശരീരം കടൽത്തീരത്തു നിന്നും നീക്കം ചെയ്തതും ഇവരാണ്. സ്പേം വേൽസാണ് കടലിൽ ഇവയുടെ പ്രധാന ശത്രുക്കൾ.