Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേമ്പനാട്ട് കായലിൽ പിരാന മത്സ്യങ്ങളെത്തിയതെങ്ങനെ?

piranha വൈക്കം വലിയാനപ്പുഴയിൽ നിന്നും കിട്ടിയ നട്ടർ മത്സ്യം. ഫൊട്ടോ: വിശാഖ് .വി

വേമ്പനാട്ട് കായലിൽ പിരാന (റെഡ്ബല്ലി) മത്സ്യങ്ങൾ വ്യാപകമായി ലഭിക്കുന്നു. ഇതോടൊപ്പം പിരാനയോട് രൂപസാദൃശ്യമുള്ള നട്ടർ മത്സ്യങ്ങളെയും  വ്യാപകമായി ലഭിക്കുന്നുണ്ട്. പിരാനയുടേതു പോലുള്ള കൂർത്ത പല്ലുകളല്ല നട്ടർ മത്സ്യങ്ങളുടേത് എന്നത് മാത്രമാണ് ഇവ തമ്മിലുള്ള പ്രകടമായ വ്യത്യാസം. റെഡ് ബെല്ലി നട്ടർ എന്നാണ് ഇവ അറിയപ്പെടുന്നത്.   തെക്കൻ അമേരിക്കയിൽ കണ്ടുവരുന്ന ശുദ്ധജല മത്സ്യമായ പിരാന വളർത്തു കുളങ്ങളിൽ നിന്നു പ്രളയത്തെ തുടർന്നു കായലിലേക്ക് ഒഴുകിയെത്തിയെന്നാണു സൂചന. ചെറു മത്സ്യങ്ങളെയും ജന്തുവർഗങ്ങളെയും തിന്നു ജീവിക്കുന്നതിനാൽ പിരാന വളർത്തുന്നതു മത്സ്യവകുപ്പ് വിലക്കിയിട്ടുള്ളതാണ്. എന്നാൽ ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ വളർത്തുന്നതിനായി മത്സ്യക്കർഷകർ പിരാന എത്തിക്കുന്നുണ്ടെന്നും പെട്ടെന്നുള്ള വളർച്ചയും തൂക്കവും രുചിയും ഉള്ളതാണു വളർത്താനുള്ള കാരണമെന്നും വിവരങ്ങളുണ്ട്.

സ്വകാര്യ കുളങ്ങളിലാണു വളർത്തുന്നത്. കുളങ്ങളിൽ നിന്നും പ്രളയത്തെ തുടർന്ന് ഒഴുകി വേമ്പനാട്ട് കായലിലെത്തിയെന്നാണു നിഗമനം. വേമ്പനാട്ട് കായലിന്റെ വിവിധ ഭാഗങ്ങളിൽ പ്രദേശവാസികളുടെ ചൂണ്ടയിലാണു പിരാന കുടുങ്ങുന്നത്. മത്സ്യബന്ധന വലകളിൽ കുടുങ്ങുന്നതു കുറവാണ്. മത്സ്യബന്ധന വലകൾ കീറി രക്ഷപ്പെടാനും ഇവയ്ക്ക് ആകും. കൂർത്ത പല്ലുകളും മാംസത്തോട് ആർത്തിയുമുള്ള മത്സ്യമെന്നാണു പിരാനയെ വിശേഷിപ്പിക്കുന്നത്. 

Nutter Fish വൈക്കം വലിയാനപ്പുഴയിൽ നിന്നും കിട്ടിയ നട്ടർ മത്സ്യം. ഫൊട്ടോ: വിശാഖ് .വി

14 വീതം രണ്ടു നിരകളിൽ 28 പല്ലുകളുണ്ട്. 10 വർഷം വരെയാണ് ആയുസ്സ്. എന്നാൽ ഇവ വേമ്പനാട്ട് കായലിൽ എങ്ങനെയെത്തി, എത്രത്തോളം ഉണ്ട് എന്നത് സംബന്ധിച്ചു മത്സ്യവകുപ്പിന് വ്യക്തതയായിട്ടില്ല. ഇവ മൂലം കായലിലെ മത്സ്യസമ്പത്തുകൾക്കു ദോഷമുണ്ടാകുമോ എന്നതിൽ ആശങ്കയുമുണ്ട്.


പുഴകളിലും വലിയ മീനുകൾ; ആഹ്ലാദവും ആശങ്കയും

വെള്ളം ഇറങ്ങിയതോടെ വലിയ മീനുകൾ പുഴയിൽ ധാരാളമായെത്തി. പെരിയാറിൽ വരാപ്പുഴ പള്ളിക്കടവ്, ചേരാനല്ലൂർ കടവ്, ചൗക്ക, ബ്ലായിക്കടവ് തുടങ്ങിയ ഭാഗങ്ങളിൽ ഇന്നലെ ചൂണ്ടയിട്ടവർക്കെല്ലാം ചാകരയാണ്. പിരാനയാണു കൂടുതലും കുടുങ്ങിയത്. ചെമ്പല്ലി, കാളാഞ്ചി തുടങ്ങിയവയും ലഭിച്ചു. പെരിയാറിൽ വ്യാപകമായി നടത്തിയിരുന്ന കൂടു കൃഷിയിലെ മീനുകളെല്ലാം തന്നെ പ്രളയ സമയത്തു പുഴയിലേക്കെത്തി. കൂടുകളും വീപ്പകളും പുഴയിൽ അങ്ങിങ്ങായി ഒഴുകുന്നതും സ്ഥിരം കാഴ്ചയാണ്. ഇടത്തോടുകളിൽ വരെ വലിയ മത്സ്യങ്ങൾ ചൂണ്ടക്കാർക്കു ലഭിക്കുന്നുണ്ട്.

ആശങ്കയുടെ പുഴയോരം

Nutter Fish വൈക്കം വലിയാനപ്പുഴയിൽ നിന്നും കിട്ടിയ നട്ടർ മത്സ്യം. ഫൊട്ടോ: വിശാഖ് .വി

ബലമുള്ളതും കൂർത്തതുമായ പല്ലുകളുള്ള പിരാന പുഴയിൽ വ്യാപകമായതു മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ഒരേപോലെ ആശങ്ക ഉളവാക്കിയിട്ടുണ്ട്. പെട്ടെന്നു പെറ്റുപെരുകുന്ന പിരാന കൂട്ടത്തോടെ ആക്രമിച്ചാൽ മരണംവരെ സംഭവിക്കാൻ സാധ്യതയുണ്ട്. കെട്ടുകളിലും ടാങ്കുകളിലുമായി വളർത്തുന്ന പിരാന പുഴയിൽ വ്യാപകമായാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ചു പരിശോധിക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.