മീനും ഒരു വികാര ജീവിയാണ്

അടുത്ത തവണ കറിവക്കാനായി മീനിനെ കയ്യിലെടുക്കുമ്പോള്‍ അത് മുഖത്തേക്ക് ദയനീയമായി നോക്കുന്നുവെന്ന് തോന്നിയാല്‍ തെറ്റായ തോന്നലാകണമെന്നില്ല. മീനുകള്ക്കും വികാരമുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടെത്തല്‍. സീബ്രാ ഫിഷുകളില്‍ നടത്തിയ പഠനത്തിലാണ് മീനുകളുടെ വികാരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്.

മനുഷ്യരിലെന്ന പോലെ പേടിക്കുമ്പോള്‍ പനിവരുന്നവരാണ് എന്ന് തെളിഞ്ഞതോടെയാണ് മീനുകളിലെ വികാരം ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞത്. 70 സീബ്രാ ഫിഷുകളെ വിവിധ കംപാർട്ടുമെന്റുകളായി തിരിച്ച ഒരു വലിയ ടാങ്കില്‍ ഇട്ടായിരുന്നു പരീക്ഷണം. കുറച്ച് മീനുകളെ സ്വസ്ഥമായി നീന്താൻ അനുവദിച്ചപ്പോള്‍ മറ്റ് മീനുകളെ വിവിധ അളവുകളില്‍ ശല്യപ്പെടുത്തി. ഇങ്ങനെ ശല്യപ്പെടുത്തലിന് ഇരയായ മീനുകളുടെ ശരീര ഊഷ്മാവില്‍ ശാസ്ത്രജ്ഞര്‍ വ്യത്യാസം കണ്ടെത്തി.

സ്വസ്ഥമായി നീന്തിയിരുന്ന മീനുകളേക്കാള്‍ രണ്ട് ഡിഗ്രി സെൽഷ്യസ് വരെ കൂടുതല്‍ ചൂട് ശല്യപ്പെടുത്തലിന് ഇരയായ മീനിന്റെ ശരീരത്തിന് ഉണ്ടായിരുന്നു. ബ്രിട്ടിഷ് മറൈന്‍ റിസേര്‍ച്ച് സെന്‍ററിലെ ശാസ്ത്രജ്ഞരാണ് ഈ പഠനം നടത്തിയത്

ഇതാദ്യമായാണ് മീനുകൾക്ക് വികാരങ്ങള്‍ ഉണ്ടെന്ന് ശാസ്ത്രലോകം കണ്ടെത്തുന്നത്. നേരത്തെ സസ്തനജീവികൾക്കും കരയിലെ മറ്റ് ജീവികൾക്കും മാത്രമാണ് വികാരങ്ങള്‍ ഉള്ളതായി തെളിയിക്കപ്പെട്ടിരുന്നത്.