അസാധാരണമായ കടുത്ത ചൂട്; വഴിമാറുകയാണോ വസന്തകാലവും?
Mail This Article
വസന്തമിങ്ങു വരാത്തിടം എന്നു കവി വിശേഷിപ്പിച്ച അവസ്ഥയിലേക്കു വഴിമാറുകയാണോ നമ്മുടെ കാലാവസ്ഥ? അസാധാരണമായ കടുത്ത ചൂട് സീസണുകളുടെ താളക്രമത്തെയും ബാധിച്ചു തുടങ്ങിയതായി ക്ലൈമറ്റ് സെൻട്രൽ എന്ന ഏജൻസി നടത്തിയ കാലാവസ്ഥാ പഠനത്തിൽ പറയുന്നു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ജനുവരി മുതൽ മാർച്ച് പകുതി വരെയാണ് വസന്തം. ഫലവൃക്ഷങ്ങൾ തളിർക്കുകയും പൂക്കുകയും ചെയ്യുന്ന കാലം. വളരെ കുറച്ചു മാത്രം മഴ മാത്രം കിട്ടുന്ന ഫെബ്രുവരിയിൽ കടുത്ത ചൂട് അനുഭവപ്പെടാറേയില്ല. എന്നാൽ ഇത്തവണ കേരളത്തിലും മറ്റും 39 ഡിഗ്രി ചൂടാണ് ഫെബ്രുവരിയിൽ. മഴ ഒട്ടുമില്ല, മാവും പ്ലാവും കാര്യമായി പൂത്തിട്ടുമില്ല.
ശൈത്യം കുറഞ്ഞു; പിന്നെ പൊള്ളൽ
1970 മുതൽ 2023 വരെ കാലാവസ്ഥാ മാറ്റം ഏറ്റവും അനുഭവേദ്യമായതും തുടർ ഡേറ്റ ലഭ്യമായതുമായ കാലയളവിലെ കണക്കുകളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് ഈ നിഗമനം. കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ശൈത്യം കഴിഞ്ഞാലുടൻ കടുത്ത ചൂടിലേക്ക് എടുത്തെറിയപ്പെടുകയാണ്. മൂന്നാറിൽ പോലും ജനുവരിയിലെ ഏതാനും ദിവസം മാത്രമാണ് മഞ്ഞുവീഴ്ച. ഡിസംബറിന്റെ പാതിരാക്കുളിരും കേരളത്തിനു ഇക്കുറി നഷ്ടമായി.
മണിപ്പൂരിലാണ് ചുട്ടുപൊള്ളൽ ഏറ്റവുമധികം– 2.3 ഡിഗ്രി സെൽഷ്യസിന്റെ വർധന. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിൽ ശിശിരകാല താപനില ഉയരുന്ന പ്രവണതയാണ്. 13 മേഖലകളിൽ ശിശിരവും വസന്തവും പതിവു രീതി വിട്ട് കൂടുതൽ ഉഷ്ണമയമാകുന്നു. കേരളത്തിലും മറ്റും ശരത്കാലം ഇല്ലാതായി. തണുപ്പു കഴിഞ്ഞാലുടൻ ഉത്തരേന്ത്യ ചൂടിലേക്കു മാറുന്നു. കശ്മീരിലാണ് ഈ പ്രവണത ഏറ്റവുമധികം.
നടപടികൾക്ക് ചൂടില്ല
ചൂടുകാലത്തിനു മുൻപുള്ള വസന്തം ഓർമയായി മാറുമോ എന്ന ഉഷ്ണിപ്പിക്കുന്ന ചോദ്യമുയർത്തി പുതിയ പഠന റിപ്പോർട്ട് പുറത്തു വന്നെങ്കിലും കാലാവസ്ഥാ മാറ്റത്തെ നേരിടുന്നതിന്റെ ഭാഗമായി ഇന്ധന ഉപയോഗം കുറയക്കുന്നതിനുള്ള നയങ്ങളിലേക്ക് രാജ്യം ഇനിയും മാറിയിട്ടില്ല. 1850 നുശേഷം ആഗോള ശരാശരി താപനില 1.3 ഡിഗ്രി സെൽഷ്യസ് വർധിച്ചതായാണ് കണക്ക്.
Read Also: മൃഗലോകത്തുമുണ്ട് തിരഞ്ഞെടുപ്പുകൾ; ജീവികൾ നേതാക്കളെ തിരഞ്ഞെടുക്കുന്ന വിവിധവഴികൾ
രാജ്യവ്യാപകമായി സീസൺ ഇങ്ങനെ
വിന്റർ (ശൈത്യകാലം): ഡിസംബർ– ഫെബ്രുവരി
സ്പ്രിങ് (വസന്തകാലം): മാർച്ച്– മേയ്
സമ്മർ (വേനൽ): ജൂൺ– ഓഗസ്റ്റ്
ഓട്ടം (ശരത്കാലം) : സെപ്റ്റംബർ– നവംബർ
മൺസൂൺ (മഴക്കാലം) : ജൂൺ– സെപ്റ്റംബർ
പ്രത്യേക കാലാവസ്ഥാ പ്രദേശമായ കേരളത്തിൽ സീസണുകൾക്കു നേരിയ മാറ്റമുണ്ട്.