കാലവർഷം എത്തിയെന്ന് പറഞ്ഞപ്പോൾ മഴ കുറഞ്ഞു; വടക്ക് മാത്രം കൂടുതൽ മഴ, കാരണങ്ങൾ പലത്
Mail This Article
അതിശക്തമായ മഴയിൽ തുടങ്ങിയ കാലവർഷം ഇപ്പോൾ ഒതുങ്ങിയ മട്ടാണ്. വടക്കൻ കേരളത്തിൽ ചിലയിടത്ത് നല്ല മഴ ലഭിക്കുമ്പോൾ തെക്കൻ കേരളത്തിൽ ഇത് ഇടവിട്ടുള്ള ചാറ്റൽമഴയായി. മൺസൂൺ കാറ്റിന്റെ ഗതി മാറിയതാണ് കഴിഞ്ഞയാഴ്ചയിലെ മഴക്കുറവിന് കാരണമെന്ന് വിദഗ്ധർ പറയുന്നു. ജൂൺ പകുതിയോടെ കാലവർഷത്തിന് വടക്കോട്ടേക്ക് പ്രയാണമുണ്ട്. മധ്യേന്ത്യയിൽ നിന്നും ഉത്തരേന്ത്യയിലേക്ക് വ്യാപിക്കണം. അപ്പോൾ മൺസൂൺ കാറ്റിന്റെ ഗതി വടക്കേ ഇന്ത്യയിലേക്കായിരിക്കും. അതിന്റെ ഭാഗമായി കേരളത്തിൽ മഴ കുറയുമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് വ്യക്തമാക്കി.
‘കഴിഞ്ഞ ദിവസങ്ങളിൽ വടക്കൻ കേരളത്തിലാണ് മഴ പെയ്യുന്നത്. തെക്കൻ കേരളത്തിൽ കുറവായിരുന്നു. ജൂൺ 1 മുതൽ 13 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 179 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 29 ശതമാനം കുറവാണിത്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തൃശൂർ ജില്ലയിലാണ്, 271 മില്ലിമീറ്റർ. സാധാരണ ലഭിക്കേണ്ട മഴയേക്കാൾ പത്ത് ശതമാനം കുറവാണ്. രണ്ടാം സ്ഥാനത്ത് കാസർകോടാണ്, 270 മില്ലിമീറ്റർ. ഇത് സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 23 ശതമാനം കുറവാണ്. ’– കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം പറഞ്ഞു.
കാലവർഷത്തിൽ (ജൂൺ മുതൽ സെപ്തംബർ) ഓരോ സമയത്തും മഴയുടെ അളവ് വ്യത്യസ്തമാണ്. നിലവിൽ കാലവർഷം മഹാരാഷ്ട്രവരെ എത്തിയിട്ടുണ്ട്. അതിന്റെ അർഥം കാറ്റിന്റെ ദിശ പടിഞ്ഞാറിലേക്കായെന്നാണ്. അതനുസരിച്ച് ലഭിക്കേണ്ട മഴയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം. ന്യൂനമർദമോ ചക്രവാതച്ചുഴിയോ മറ്റും ഉണ്ടായാൽ കാറ്റിന് വ്യതിയാനം സംഭവിക്കാം.
കഴിഞ്ഞ കാലവർഷം പോലെ ഇത്തവണയും മഴ കുറയുമോ എന്ന് ഇപ്പോൾ പറയാനാകില്ല. കഴിഞ്ഞ ആഴ്ചമുതൽ വലിയ മഴ ഉണ്ടായിട്ടില്ല. ഇത് അടുത്തയാഴ്ച്ച മാറിയേക്കാം. എപ്പോൾ വേണമെങ്കിലും കാറ്റിന്റെ ഗതി മാറാം. സാധാരണ, വേനൽമഴ തെക്കൻ കേരളത്തിലും കാലവർഷം വടക്കൻ കേരളത്തിലുമാണ് കൂടുതൽ ലഭിക്കുന്നത്. വരുംദിവസങ്ങളിൽ മഴയുണ്ടെങ്കിൽ അത് കൂടുതൽ ലഭിക്കുന്നത് വടക്കൻ ജില്ലകളിലായിരിക്കും.
ലാനിനോ ഇതുവരെ എത്തിയിട്ടില്ല. ഇപ്പോൾ ന്യൂട്രൽ സ്ഥിതിയിലാണ്. എൽനിനോ അവസാനിച്ച് ലാനിനോ എത്തുമെന്ന് പറഞ്ഞ രാജ്യാന്തര ഏജൻസികൾ തന്നെ ഇപ്പോൾ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്. ഇന്ത്യൻ ഓഷ്യൻ ഡൈപോൾ പോസിറ്റീവ് ആകുമോയെന്നതും സംശയത്തിലാണ്. ഈ രണ്ട് കാര്യങ്ങൾ വച്ച് പ്രളയമുണ്ടാകുമെന്നോ മഴയുണ്ടാകില്ലെന്നോ പറയാനാകില്ല. കാലാവസ്ഥാ സംബന്ധമായ പല ഘടകങ്ങളും ഇതിനെ ആശ്രയിക്കുന്നുണ്ടെന്ന് രാജീവ് എരിക്കുളം വ്യക്തമാക്കി.