വയനാട്ടിലെ ഉരുൾപൊട്ടലിന് മൂന്ന് സാധ്യതകൾ; എല്ലാത്തിനും അടിസ്ഥാനം മറ്റൊന്ന്
Mail This Article
പുത്തുമല ദുരന്തത്തിന്റെ ആഘാതം മാറും മുൻപേ തൊട്ടരികിൽ മറ്റൊരു ഉരുൾപൊട്ടൽ ദുരന്തം. കാലാവസ്ഥാ വ്യതിയാനം വയനാടിനെ ദുരന്തഭൂമിയാക്കി മാറ്റുകയാണ്. താങ്ങാനാവുന്നതിൽ കൂടുതൽ മഴ എത്തുമ്പോൾ പല പ്രദേശങ്ങളിലും ഉരുൾപൊട്ടലും മണ്ണിലിടിച്ചിലും പതിവുകാഴ്ചയാണ്. എങ്ങനെയാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്നത്? കനത്ത മഴ മാത്രമാണോ ഇതിനുകാരണം? കുസാറ്റ് റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ.എം.ജി.മനോജ് ‘മനോരമ ഓൺലൈനോ’ട് വിശദമാക്കുന്നു.
മണ്ണിന് വെള്ളത്തെ ഉൾകൊള്ളാൻ പരിമിതിയുണ്ട്. ഓരോ മണ്ണിന്റെയും വെള്ളത്തെ ഉൾക്കൊള്ളാനുള്ള കപ്പാസിറ്റി വ്യത്യസ്തമാണ്. വെള്ളത്തിൽ പഞ്ചസാര കുറച്ച് ഇടുകയാണെങ്കിൽ ലയിക്കും. തുടരെതുടരെ ഇടുകയാണെങ്കിൽ ലയിക്കില്ല. അതുപോലെയാണ് മണ്ണിന്റെ കാര്യവും. തുടരെ മഴപെയ്താൽ വെള്ളത്തെ വലിച്ചെടുക്കാനാകില്ല. പരിമിതിക്കപ്പുറം വെള്ളം എത്തിയാൽ പിന്നീട് മണ്ണ് സ്വീകരിക്കില്ല. അങ്ങനെ വരുമ്പോൾ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലുമുണ്ടാകാം.
അടുത്തത് സോയിൽ പൈപ്പിങ് എന്ന പ്രതിഭാസം ആണ്. മണ്ണിനടിയിൽ എലികൾ മാളമുണ്ടാകുന്നതുപോലെയാണ്. മേൽഭാഗത്ത് പ്രശ്നങ്ങളൊന്നും കാണില്ല. പക്ഷേ കുന്നിന്റെ അടിഭാഗത്ത് നിന്നും തുരങ്കംപോലെ മണ്ണും വെള്ളവും കല്ലും ഒഴുകിപ്പോകും. അങ്ങനെ സംഭവിക്കുമ്പോൾ മേൽഭാഗത്തെ കുന്ന് ഇരിക്കുകയും ഒറ്റയടിക്ക് അടിവാരത്തിലേക്ക് ഇടിഞ്ഞുവീഴുകയും ചെയ്യുന്നു.
ഇപ്പോൾ അപകടം ഉണ്ടായ പ്രദേശങ്ങളിലെല്ലാം മുൻവർഷങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. ആ സമയത്ത് ഭൂമി വിണ്ടുകീറിയിട്ടുണ്ടാകും. പിന്നീട് മഴ തോർന്നപ്പോൾ അത് അങ്ങനെ തന്നെയിരുന്നിരിക്കാം. പിന്നീട് ശക്തമായ മഴ എത്തിയപ്പോൾ മണ്ണ് താഴേക്ക് ഒഴുകിയെത്തിയതാകാം.
മൂന്ന് സാധ്യതകളാണ് സാധാരണ ഉരുൾപൊട്ടലിന് കാരണമാകുന്നത്. ചിലപ്പോള്‍ ഇവയിൽ ഏതെങ്കിലുമൊന്ന് ആവാം. അല്ലെങ്കിൽ ഒന്നിൽക്കൂടുതൽ കാരണങ്ങള്‍ കൊണ്ടാകാം. ഓരോ സ്ഥലത്തെയും ഭൂപ്രകൃതി അനുസരിച്ചാണ് ഉരുൾപൊട്ടല്‍ എങ്ങനെ ഉണ്ടായി എന്ന് വിലയിരുത്തത്. എന്നിരുന്നാലും എല്ലാത്തതിന്റെയും അടിസ്ഥാനം അതിശക്തമായ മഴ തന്നെയാണ്.– ഡോ.എം.ജി.മനോജ് വ്യക്തമാക്കി.
വയനാട് പുത്തുമലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ പെയ്തത് 372 മില്ലിമീറ്റർ മഴയാണ്. 48 മണിക്കൂറിൽ 572മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. തേറ്റമലയിൽ 24 മണിക്കൂറിനുള്ളിൽ 409 മില്ലിമീറ്റർ മഴയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.