പാണ്ടകളുടെ ഉത്ഭവം ചൈനയിലല്ലെന്നു ഗവേഷകർ

ഇന്നു ചൈനയില്‍ മാത്രം കാണപ്പെടുന്ന കരടികളുടെ ഗണത്തില്‍ പെട്ട സുന്ദരന്‍ ജീവികളാണ് പാണ്ടകള്‍. കടുത്ത വംശനാശ ഭീഷണി നേരിട്ടിരുന്ന ഇവ ഇന്നു ചൈനയുടേയും അന്താരാഷ്ട്ര വന്യജീവി സംഘടനകളുടെയും ശ്രമഫലമായി മെച്ചപ്പെട്ട അവസ്ഥയിലേക്കെത്തിയിരിക്കുകയാണ്. ഇന്നു ചൈനയ്ക്കു മാത്രം അവകാശപ്പെടാന്‍ കഴിയുന്നവയാണെങ്കിലും പാണ്ടകളുടെ ഉത്ഭവം ചൈനയിലല്ലെന്നാണ് ഒരു വിഭാഗം ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. പാണ്ടകളുടെ പൂർവികരുടെ ഉത്ഭവം യൂറോപ്പിലാണെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്.

ഏകദേശം ഒരു കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹംഗറിയില്‍ ജീവിച്ചിരുന്ന കരടികളാണ് പാണ്ടകളുടെ പൂർവികന്‍മാരെന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. ഇവയുടെ രൂപവും ഭക്ഷണ ശീലവുമെല്ലാം പാണ്ടകളുടേതിനു സമാനമാണെന്നും ഇവർ പറയുന്നു‍. ഈ കരടികളുടെയും പ്രിയപ്പെട്ട ആഹാരം മുളങ്കൂമ്പുകളായിരുന്നു. ഹംഗറിയിലെ റുഡാബന്യയില്‍ നിന്നു ലഭിച്ച ഫോസിലുകളാണ് നിർണായകമായ ഈ കണ്ടെത്തലിനു വഴിത്തിരിവായത്

ചൈനയില്‍ നടത്തിയ പഠനങ്ങളില്‍ പാണ്ടകളുടെ ഉത്ഭവത്തെക്കുറിച്ചു കാര്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണു ഹംഗറിയില്‍ നിന്നു ലഭിച്ച തെളിവുകള്‍ നിർണായകമാകുന്നത്. കാനഡയിലെ ടൊര്‍ണാഡോ സര്‍വകലാശാലയിലെ ഗവേഷകരാണു പാണ്ടകളുടെ ഉത്ഭവം സംബന്ധിച്ച ഈ കണ്ടെത്തലിനു പിന്നില്‍.

യൂറോപ്പിലെ കാലാവസ്ഥയിലുണ്ടായ വലിയ മാറ്റമാണു പാണ്ടകളെ യൂറോപ്പില്‍ നിന്ന് ഏഷ്യയിലേക്കു കുടിയേറാന്‍ പ്രേരിപ്പിച്ചതെന്നും ഇവര്‍ വിലയിരുത്തുന്നു. ഈ കാലാവസ്ഥാ വ്യതിയാനത്തോടെ യൂറോപ്പിലെ വനമേഖലയില്‍ വലിയ വ്യത്യാസങ്ങളുണ്ടായി. ഇതോടെയാണ് ഭക്ഷ്യലഭ്യതയ്ക്കനുസരിച്ച് ഏഷ്യന്‍ ദിശയിലേക്കു സഞ്ചരിച്ച പാണ്ടകള്‍ ഏഷ്യയിലേക്കെത്തിയെന്നാണ് ഗവേഷകരുടെ നിഗമനം.