Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എണ്ണഖനനം; കടല്‍ക്കുതിര കോളനികളെ ഇല്ലാതാക്കുമോ?

seahorse

ബ്രിട്ടനിലെ ഡോര്‍സറ്റ് തീരത്തുള്ള കടല്‍ക്കുതിര കോളനികളാണ് എണ്ണഖനനം മൂലം നിലനില്‍പ്പു ഭീഷണി നേരിടുന്നത്. പതിറ്റാണ്ടുകളായി വംശനാശ ഭീഷണി നേരിടുന്ന കടല്‍ക്കുതിരകളുടെ അതിജീവന സാധ്യത ഇല്ലാതാക്കാനുള്ള അവസാനത്തെ ആണിയാകും ഈ എണ്ണ ഖനനമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഭയപ്പെടുന്നത്. കടല്‍ക്കുതിരകളുടെ സംരക്ഷണത്തിനായി ഈ പ്രദേശത്തു നല്‍കിയിരിക്കുന്ന എണ്ണഖനന അനുമതി പിന്‍വലിക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം. 

കടല്‍ക്കുതിരകളുടെ വാസസ്ഥലത്തിന്റെ മധ്യത്തിലായാണ് നിലവിലെ എണ്ണഖനന പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഈ മേഖലയിലെ പ്രധാന കടല്‍ക്കുതിര കോളനികളെല്ലാം ഖനന മേഖലയുടെ അഞ്ച് മൈല്‍ ചുറ്റളവില്‍ വരുന്നവയാണ്. അതുകൊണ്ടു തന്നെ എണ്ണഖനനം ആരംഭിച്ചാല്‍ അത് മേഖലയിലെ കടല്‍ക്കുതിരകളെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ നിസ്സംശയം പറയുന്നു. നൂറോളം കടല്‍ക്കുതിര കോളനികളാണ് ഈ മേഖലയിലുള്ളത്.

seahorse colony

ലോകത്തെ കടല്‍ക്കുതിര കോളനികളെല്ലാം തന്നെ സമുദ്ര താപനില വർധിക്കുന്നതു മൂലം അതിജീവന ഭീഷണി നേരിടുന്നവയാണ്. ബ്രിട്ടനിലെ ഈ കോളനികളാകട്ടെ നിരന്തരമുള്ള ബോട്ടുകളുടെ സഞ്ചാരം മൂലം ഇപ്പോള്‍ തന്നെ പരിതാപകരമായ അവസ്ഥയിലാണ്. ഇതിന് പുറമെയാണ് ഇപ്പോള്‍ എണ്ണഖനനത്തിന്റെ ഭാരം കൂടി പ്രദേശം നേരിടേണ്ടിവരുന്നത്. 

2008 മുതല്‍ ബ്രിട്ടനിലെ പരിസ്ഥിതി നിയമപ്രകാരം സംരക്ഷിത വിഭാഗത്തില്‍ പെട്ട ജീവികളാണ് കടല്‍ക്കുതിരകള്‍. ആ സമയത്ത് നാല്‍പ്പതോളം തരത്തിലുള്ള കടല്‍ക്കുതിരകളാണ് ബ്രിട്ടനില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ 14 വിഭാഗത്തിലുള്ള കടല്‍ക്കുതിരകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഖനനം തുടർന്നാൽ ശേഷിക്കുന്ന കടൽക്കുതിരകൾ കൂടി ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകും.