സിംഹങ്ങള്‍ക്കു നടുവില്‍ ഈ കുടുംബം അകപ്പെട്ടത് ഒരു മണിക്കൂർ; പിന്നീട് സംഭവിച്ചത്?

ബ്രിട്ടനിലുള്ള വെസ്റ്റ് മിഡ്‌ലാന്‍ഡ് വന്യജീവി സഫാരി പാര്‍ക്കിലാണ് നാലംഗ കുടുംബത്തെ മുള്‍മുനയില്‍ നിര്‍ത്തിയ അപകടമുണ്ടായത്. അക്രമാസക്തരായ ഒരു കൂട്ടം സിംഹങ്ങള്‍ക്കു നടുവില്‍ ഏതാണ്ട് ഒരു മണിക്കൂറോളമാണ് രണ്ട് കുട്ടികളടക്കമുള്ള കുടുംബാംഗങ്ങള്‍  കുടുങ്ങിക്കിടന്നത്. കാറ് പുറത്തു കടക്കും മുന്‍പ് തന്നെ സിംഹങ്ങളുള്ള മേഖലയില്‍ നിന്ന് പുറത്തേക്കുള്ള ഗേറ്റടച്ചതാണ് പ്രതിസന്ധിക്കു വഴിവച്ചത്.

സിംഹങ്ങള്‍ ഉള്‍പ്പടെയുള്ള വന്യജീവികളെ കൂടിലടക്കാതെ വിശാലമായ പ്രദേശത്തു തുറന്ന് വിട്ട് സഞ്ചാരികള്‍ക്ക് അവയെ കാട്ടിലെന്ന പോലെ അസ്വദിക്കാന്‍ സൗകര്യമൊരുക്കുകയാണ് സഫാരി പാര്‍ക്കുകള്‍ ചെയ്യുന്നത്. പുറത്തേക്കുള്ള ഗേറ്റിനു സമീപം സിംഹങ്ങളെത്തിയ സമയത്താണ് ഈ ഗേറ്റ് അടച്ചത്. ഗേറ്റ് അടക്കും മുന്‍പ് പുറത്തേക്കു കടക്കാനായിരുന്നു ജാസ് റെയ്നോള്‍ഡ്സിന്റെയും കുടുംബത്തിന്റെയും ശ്രമം. 

എന്നാല്‍ ഗേറ്റിനു തൊട്ടടുത്തെത്തിയപ്പോഴേക്കും അത് അടഞ്ഞു കഴിഞ്ഞിരുന്നു. ഇതേ സമയത്തു തന്നെ സിംഹങ്ങളും ഇവടേക്കെത്തി. സാധാരണഗതിയില്‍ സിംഹങ്ങള്‍ വാഹനങ്ങള്‍ പോകുന്ന വഴി മറകടന്ന് അപ്പുറത്തുള്ള മേഖലയിലേക്ക് പോവുകയാണ് പതിവ്. ഏതാണ്ട് പത്ത് മിനിട്ടിനുള്ളില്‍ അവ പോവുകയും തുടര്‍ന്ന് ഗേറ്റ് തുറക്കുകയും ചെയ്യും. എന്നാല്‍ സിംഹങ്ങള്‍ റോ‍ഡ് മുറിച്ചു കടക്കുന്നതിന്റെ നടുക്കായാണ് കാറ് നിര്‍ത്തിയിരുന്നത്.

സാധാരണയുള്ള വഴിയില്‍ തടസ്സം കണ്ടതിനാലാകണം സിംഹങ്ങള്‍ മണത്തും തൊട്ടും കാറിനെ പരിശോധിക്കാന്‍ തുടങ്ങി. ഇതോടെ കുട്ടികള്‍ ഭയന്ന് കരയാനും തുടങ്ങി. കുട്ടികളുടെ കരച്ചില്‍ കേട്ടതോടെ സിംഹങ്ങളും പരിഭ്രാന്തരായി അവ അക്രമ സ്വഭാവം കാണിച്ചു തുടങ്ങി. കാറിന്റെ ചില്ലില്‍ അടിക്കുകയും ബോണറ്റില്‍ കയറി ഇരിക്കുകയും ചെയ്തു. ഇതോടെ നാലംഗ കുടുംബം പൂര്‍ണ്ണമായും ഭീതിയിലായി. ശക്തമായ അടിയില്‍ ഗ്ലാസ് തകര്‍ന്നു പോകുമോയെന്നു പോലും ഭയപ്പെട്ടതായി ജാസ് റെയ്നോള്‍ഡ്സ് പറയുന്നു. ഏതാണ്ട് ഒരു മണിക്കൂറോളമാണ് സിംഹങ്ങളെ ഭയന്ന് ഇവർ കാറിനുള്ളിൽ കഴിഞ്ഞത്.

സിംഹങ്ങള്‍ ഗേറ്റിനു തൊട്ടടുത്തായതിനാല്‍ ഗേറ്റ് തുറക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പാര്‍ക്ക് അധികൃതർ. ഇവർ സിംഹങ്ങളെ തുരത്താന്‍ രണ്ട് തവണ ആകാശത്തേക്കു വെടി വച്ചെങ്കിലും ഇതും ഫലം കണ്ടില്ല. ഒടുവില്‍ കുറേസമയം പിന്നിട്ടതോടെ സിംഹങ്ങള്‍ സ്വമേധയ ഈ പ്രദേശത്തു നിന്നും പോവുകയായിരുന്നു. സിംഹങ്ങള്‍ പോയ ഉടനെ തന്നെ ഗേറ്റ് തുറന്ന് കാറ് പുറത്തെത്തിക്കുകയും ചെയ്തു. സംഭവത്തില്‍ പാര്‍ക്ക് അധികൃതര്‍ ജാസിനോടും കുടുംബത്തോടും ക്ഷമ ചോദിച്ചു.