Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിന്നോട്ടു പറക്കുന്ന ഇത്തിരിക്കുഞ്ഞൻ; ആകാശക്കളരിയിലെ അഭ്യാസി!

hummingbird

അങ്ങനെയിരിക്കെ ഒറ്റക്കുതിപ്പാണ് ആകാശത്തേക്ക്. ഏകദേശം ഒരു 130 അടി ഉയരത്തിലേക്കൊക്കെ പൊങ്ങും. പിന്നെ ‘ശൂ’ന്ന് താഴോട്ടിങ്ങു പോരും. ഇതെന്തിനെക്കുറിച്ചാണ് ഈ പറഞ്ഞുവരുന്നതെന്നറിയാമോ? ‘പറക്കുന്ന ലിറ്റിൽ അർനോൾഡ് ഷ്വാസ്നെഗർ’ എന്ന് വിളിപ്പേരുള്ള ഹമ്മിങ്ബേഡിനെക്കുറിച്ചു തന്നെ!

Hummingbird

ലോകത്തിലെ ഏറ്റവും ചെറിയ പക്ഷി എന്നു വിളിച്ച് ആര് ‘കൊച്ചാ’ക്കിയാലും അതൊന്നും നുമ്മക്കൊരു സീനേയല്ല എന്ന മട്ടിൽ വായുവിൽ കിടന്ന് ഈ അഭ്യാസമൊക്കെ കാണിക്കുന്ന ഹമ്മിങ്ബേഡിന് മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകത കൂടിയുണ്ട്. എന്താണെന്നറിയാമോ? മത്സരപ്പരീക്ഷകളിലെയൊക്കെ ഒരു സ്ഥിരം ചോദ്യമാണ്. അതെ, റിവേഴ്സ് ഗിയറുള്ള ഏക പക്ഷി! അനായാസമായി പിന്നോട്ട് പറക്കാൻ ഇവയ്ക്കാകും.

വെറുതെ ചിറകടിച്ച് മാത്രമല്ല ഇവയുടെ പറക്കൽ. ആവശ്യത്തിന് ചിറക് കറക്കിയും പ്രാണികൾക്ക് സമാനമായ ചില സൂത്രപ്പണികളൊക്കെ കാണിച്ചുമാണ് ഹമ്മിങ്ബേഡ് കുതിക്കുന്നത്. ചിറകുകളിലെ അസ്ഥികളെ നെഞ്ചുമായി ബന്ധിപ്പിക്കുന്ന പേശികളുടെ ഭാരം മാത്രം അവയുടെ ശരീരഭാരത്തിന്റെ ഏകദേശം മുപ്പത് ശതമാനം വരും! പറക്കുന്ന കാര്യത്തിൽ മറ്റ് പക്ഷികളേക്കൊണ്ടൊക്കെ ‘ആശാൻ’ എന്ന് വിളിപ്പിക്കാൻ തക്ക പ്രകടനം നടത്താൻ അവയെ സഹായിക്കുന്നതും ഈ മസിൽ കരുത്തുതന്നെ. അർനോൾഡ് ഷ്വാസ്നെഗർ എന്ന് വിളിക്കുന്നത് പിന്നെ വെറുതെയാണോ?ഹാരി പോട്ടർ സിനിമകളിലെ ഗോൾഡൻ സ്നിച്ചിനെപോലെ ചറപറ പാറിനടക്കുന്ന ഈ കുഞ്ഞൻപക്ഷികളുടെ മെറ്റബോളിസം തോത് മൃഗങ്ങളേക്കാൾ ഉയർന്നതാണ്.

Hummingbird

മഞ്ഞുകാലത്തെ അതിജീവിക്കാൻ ഹമ്മിങ്ബേഡുകളുടെ പക്കൽ ഒരു വിദ്യയുണ്ട്. ഫോണുകളിലും മറ്റുമൊക്കെ ഉള്ളതുപോലെ ഒരു ‘എനർജി സേവിങ് മോഡ്’. ടോർപർ എന്നറിയപ്പെടുന്ന ഈ അവസ്ഥയിൽ സാധാരണ ശരീരതാപനിലയായ 107 ഡിഗ്രി ഫാരൻഹീറ്റിൽ നിന്ന് നേരെ 48 ഡിഗ്രി ഫാരൻഹീറ്റിലേക്ക് താഴും. കൂടാതെ ഹൃദയമിടിപ്പിന്റെ തോതും വല്ലാതെ കുറയും. ചില ഹമ്മിങ്ബേഡുകളിൽ ഇത് മിനിട്ടിൽ 1260 എന്നതിൽനിന്ന് 50 മുതൽ 180 വരെയായി കുറയും. ഇണയെ ആകർഷിക്കാൻ വേണ്ടി വാലിലെ മനോഹരമായ തൂവലുകളുടെ പ്രദർശനവും ആദ്യം പറഞ്ഞതുപോലെയുള്ള അഭ്യാസപ്രകടനങ്ങളും നടത്തുന്ന റൊമാന്റിക് ആക്‌ഷൻ ഹീറോസാണിവർ.

ഇതൊന്നും കൂടാതെ പരാഗണത്തിലൂടെ ചില സസ്യങ്ങളെ നിലനിർത്തുന്നതിൽ ഇവറ്റകൾ വഹിക്കുന്ന പങ്ക് ചില്ലറയല്ല. ദൂരെനിന്നും പരാഗരേണുക്കൾ കൊണ്ടുവന്നാണ് അവയുടെ ഈ ചെടിസംരക്ഷണം. ഇനിയും നിറയെ കൗതുകങ്ങൾ ബാക്കിനിർത്തുന്ന ഈ ഇത്തിരിപ്പക്ഷികൾക്ക് ഹമ്മിങ്ബേഡ് എന്ന് പേരുവന്നതിന്റെ കാരണമറിയാമോ? സൂപ്പർഫാസ്റ്റ് ചിറകടി മൂലമുണ്ടാകുന്ന മൂളൽ (Humming) തന്നെ!