Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരട്ടാറും കോലറയാറും പറഞ്ഞു തരുന്ന പാഠങ്ങൾ

River Kerala

കാടു മൂടിയും കയ്യേറ്റത്താലും മരണാസന്നരായി കിടന്ന രണ്ട് ആറുകൾ നിറഞ്ഞു വെള്ളമൊഴുകിയ കഥയാണ് വരട്ടാറും കോലറയാറും പറഞ്ഞുതരുന്നത്. വർഷങ്ങളായി നീരൊഴുക്കു തടസ്സപ്പെട്ടു കരഭൂമി പോലെയായിരുന്നു മുമ്പ് ഈ രണ്ട് ആറുകളും. ജലസംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെട്ടു ജനങ്ങൾ മുന്നിട്ടിറങ്ങിയപ്പോൾ വരട്ടാറും കോലറയാറും ജലസമൃദ്ധമായി. വരട്ടാറിന്റെയും കോലറയാറിന്റെയും പുനരുജ്ജീവന കഥകൾ, പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കാനിരിക്കുന്ന കിള്ളിയാറിലെ ജല സമൃദ്ധിക്കും വഴികാട്ടിയാകട്ടെ..

‘വരട്ടെ ആറ്’ എന്ന മുദ്രാവാക്യത്തിനൊടുവിൽ വരട്ടാർ വന്നു 

പമ്പാനദിയെയും മണിമലയാറിനെയും ബന്ധിപ്പിച്ചു പത്തനംതിട്ട – ആലപ്പുഴ ജില്ലകളിൽകൂടിയാണ് വരട്ടാർ ഒഴുകുന്നത്. നീരൊഴുക്ക് ഇടമുറിഞ്ഞിട്ട് അരനൂറ്റാണ്ടിലേറെയായിരുന്നു. വരട്ടാറിലേക്കെത്തുന്ന ചെറിയ കൈവഴികളെല്ലാം നികത്തപ്പെട്ടു. നദി ഒഴുകിയിരുന്ന പ്രദേശങ്ങൾ കയ്യേറി കൃഷി ചെയ്തു. ഇതുമായി ബന്ധപ്പെട്ടൊഴുകിയിരുന്ന തോടുകളും നികത്തപ്പെട്ട അവസ്ഥയിലായിരിക്കെയാണു വരട്ടാറിന്റെ പുനരുജ്ജീവനത്തിനു കളമൊരുങ്ങിയത്.കഴിഞ്ഞ സർക്കാരിന്റെ കാലത്തു തൊഴിലുറപ്പു പദ്ധതി പ്രകാരം വരട്ടാർ മൂടിക്കിടക്കുന്ന കാടു കുറേഭാഗം വെട്ടിത്തെളിച്ചിരുന്നു. 

എന്നാൽ ബാക്കി പ്രവർത്തനങ്ങൾ മുന്നോട്ടുപോയില്ല. ഹരിതകേരള മിഷൻ വരട്ടാറിന്റെ പുനരുജ്ജീവനം ഏറ്റെടുക്കുന്നത് ഈ ഘട്ടത്തിലാണ്. പമ്പാനദിയുടെ പോഷകനദിയായ വരട്ടാറിന്റെ ആദ്യഭാഗം ചെങ്ങന്നൂർ വില്ലേജിലെ ആറാട്ടുപുഴ കടവിനു താഴെയുള്ള വഞ്ചിപ്പോട്ടിൽ കടവിൽനിന്നാരംഭിച്ച് ഇടനാട്, കോയിപ്രം, ഓതറ വഴി മംഗലം കടവിൽ സംഗമിക്കും. ഇരവിപേരൂർ വില്ലേജിലെ പുതുക്കുളങ്ങര കടവിൽനിന്നാരംഭിച്ചു തിരുവൻവണ്ടൂർ വഴി ഇരമല്ലിക്കരയിൽ മണിമലയാറിൽ ചേരുന്നതാണു നദിയുടെ രണ്ടാം ഭാഗം. 

കോയിപ്രം, ഇരവിപേരൂർ, കുറ്റൂർ, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലൂടെ ഒഴുകി ചെങ്ങന്നൂർ നഗരസഭയുടെ രണ്ടു വാർഡുകളിൽ കൂടിയും വരട്ടാർ കടന്നുപോകുന്നുണ്ട്. ‘വരട്ടെ ആറ്’ എന്ന മുദ്രാവാക്യമുയർത്തി നടത്തിയ പുഴ നടത്തത്തിലെ ജനപങ്കാളിത്തം വരട്ടാറിന്റെ പുരനുദ്ധാരണത്തിനുള്ള ആദ്യ പടിയായി. മന്ത്രിമാരായ തോമസ് ഐസക്, മാത്യു ടി.തോമസ്, വി.എസ്.സുനിൽകുമാർ എന്നിവർ പങ്കെടുത്ത പുഴ നടത്തത്തിന്റെ ആവേശം ശരിക്കും ഉൾക്കൊണ്ടായിരുന്നു ബാക്കി പ്രവർത്തനങ്ങൾ. പഞ്ചായത്ത്, നഗരസഭാതല സമിതികൾക്കു രൂപം കൊടുക്കുകയാണു പിന്നീടു ചെയ്തത്.

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു വാട്സാപ് ഗ്രൂപ്പും തുടങ്ങി. തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ എല്ലാത്തിനും മുന്നിട്ടിറങ്ങി. ആറു മൂടിക്കിടന്ന കാടു മുഴുവൻ വെട്ടിത്തെളിച്ചു. മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചു രണ്ടു മുതൽ നാലു മീറ്റർ ആഴത്തിൽ മണ്ണു മാറ്റി, ജലമൊഴുക്കിനു തടസ്സമായി നിന്ന ചപ്പാത്തുകൾ പൊളിച്ചു. ഈ പണികൾ പൂർത്തിയായപ്പോൾ തൊട്ടു പിന്നാലെയെത്തിയ മഴയിലൂടെ പമ്പാ നദി വരട്ടാർ വഴി നിറഞ്ഞൊഴുകി. പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ആദ്യഘട്ടത്തിൽ 2390 മണിക്കൂറാണു ചെലവഴിച്ചത്. 

28,23,142 രൂപ വിനിയോഗിച്ചു. 16,00,953 രൂപ സംഭാവനയായി ലഭിച്ചു. കുടിശിക നൽകാൻ ഇനി 12,22,188 രൂപ കൂടി വേണം. വാർഡ്തല വിഭവസമാഹരണം നടത്തി ബാക്കി തുക സമാഹരിക്കാനുള്ള നടപടികളാണു നിലവിൽ നടക്കുന്നത്. പുതുക്കുളങ്ങര അമ്പലക്കടവിൽ നിന്നാരംഭിച്ച് ഇരമല്ലിക്കരയുടെ ഭാഗമായ വാളത്തോട് എന്ന സ്ഥലത്തു മണിമലയാറിൽ ചേരുന്ന വരട്ടാറിന്റെ അവസാന ഭാഗത്തിനു പണ്ട് 60 മീറ്റർ വീതി ഉണ്ടായിരുന്നിടത്ത് ഇപ്പോൾ പത്തു മീറ്റർ മാത്രമേ വീതി ഉള്ളൂ എന്നു നിയമസഭാ പരിസ്ഥിതി സമിതി നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു. 

നദിയുടെ ആദ്യഭാഗത്തിന് ആറു കിലോമീറ്റർ ദൈർഘ്യവും 120 മീറ്റർ വീതിയും പത്തു മീറ്റർ ആഴവും രണ്ടാം ഭാഗത്തിന് ഒൻപതു കിലോമീറ്റർ ദൈർഘ്യവും 40 മീറ്റർ വീതിയും പത്തു മീറ്റർ ആഴവും ഉണ്ടായിരുന്നതായി റവന്യു ഉദ്യോഗസ്ഥരുടെ പക്കലുള്ള രേഖകൾ പറയുന്നു. പഴയ പ്രതാപത്തിലേക്കു വരട്ടാർ തിരിച്ചൊഴുകുന്ന കാലം വിദൂരമല്ല. സർക്കാർ സഹായത്തോടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചിരിക്കുകയാണിപ്പോൾ. കയ്യേറ്റം തടയാൻ ഇരുവശങ്ങളിലും നടപ്പാതകൾ, ജൈവ വൈവിധ്യ പാർക്ക് തുടങ്ങിയവയാണു രണ്ടാം ഘട്ടത്തിൽ നടത്തുന്നത്. 

ഒഴുകാൻ തയാറെടുത്ത് കോലറയാറും 

വരട്ടാറിന്റെ പിന്നാലെ കോലറയാറും ജനമുന്നേറ്റത്തിലൂടെ ഒഴുകാൻ തയാറെടുക്കുയാണ്. പമ്പാനദിയിൽ കടപ്ര പഞ്ചായത്തിലെ അറയ്ക്കൽമുയപ്പിൽനിന്നു തുടങ്ങി കടപ്രയിലൂടെ നാലു കിലോമീറ്ററും നിരണം പഞ്ചായത്തിലൂടെ 11 കിലോമീറ്ററും ഒഴുകി വീണ്ടും പമ്പയിലെത്തിച്ചേരുന്നതാണു കോലറയാർ.പമ്പയുടെ അടിത്തട്ട് താഴുകയും ജലനിരപ്പു കുറയുകയും ചെയ്തതോടെ പത്തു വർഷം മുൻപ് ഒഴുക്കു നിലച്ചതാണു കോലറയാർ. 

ഇതോടെ 25 മീറ്റർ വരെ വീതിയുണ്ടായിരുന്ന ആറിന്റെ തീരങ്ങൾ കയ്യേറ്റക്കാരുടെ പിടിയിലായി.കോലറയാർ വീണ്ടെടുക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ല. രണ്ടു വർഷം മുൻപു റവന്യു വകുപ്പ് കയ്യേറ്റങ്ങൾ അളന്നു തിട്ടപ്പെടുത്തി അതിരിന് കല്ലുകൾ ഇട്ടിരുന്നു. അതോടെ നിർത്തിയ പദ്ധതിക്കാണ് ഇപ്പോൾ പുനർജീവൻ വയ്ക്കുന്നത്.

മന്ത്രി മാത്യു ടി.തോമസിന്റെ നിർദേശപ്രകാരം ജലസേചന വകുപ്പ് എടുത്ത എസ്റ്റിമേറ്റ് അനുസരിച്ചു കോലറയാറിന്റെ പുനരുജ്ജീവനത്തിന് 24 കോടി രൂപയുടെ പദ്ധതിയാണു തയാറാക്കിയത്.ആറിന്റെ കയ്യേറ്റം ഒഴിപ്പിക്കുകയും വശങ്ങൾ കെട്ടി സംരക്ഷിക്കുകയും ചെയ്യുന്ന പദ്ധതിക്കാണ് 24 കോടി രൂപ വേണ്ടിവന്നത്. നിരണത്തെ 550 ഹെക്ടർ‌ വരുന്ന പാടശേഖരത്തിനു ജലസേചന സൗകര്യത്തിനുള്ള 59 കൈവഴികളും കോലറയാറിന്റെ സംഭാവനയാണ്.