Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏതുനിമിഷവും പൊട്ടിത്തെറിക്കും; വരുന്നത് ‘വോൾക്കാനിക് വിന്റർ’ !

volcano

പസഫിക്കിലെ ‘റിങ് ഓഫ് ഫയർ’ മേഖലയിലാണ് ജപ്പാന്റെ സ്ഥാനം. അതിനാൽത്തന്നെ ഭൂകമ്പത്താലും അഗ്നിപർവത സ്ഫോടനങ്ങളാലും വലയുന്ന രാജ്യം. സജീവമായ നൂറ്റിപ്പത്തോളം അഗ്നിപർവതങ്ങളാണു രാജ്യത്തുള്ളത്. അതിൽത്തന്നെ 47 എണ്ണം തുടർച്ചയായി നിരീക്ഷണത്തിലാണ്. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്നതു തന്നെ കാരണം. എന്നാൽ ഗവേഷകരുടെ ശ്രദ്ധയിൽ പെടാതിരുന്ന ഒരു വലിയ അഗ്നിപർവത ഭീഷണിക്കു മുന്നിൽ പകച്ചു നിൽക്കുകയാണ് ജപ്പാൻ ഇപ്പോൾ. കടലിന്നടിയിലാണ് കികായ് എന്ന ഈ അഗ്നിപർവതത്തിന്റെ സ്ഥാനം. പൊട്ടിത്തെറിച്ചാൽ കുറഞ്ഞത് 10 കോടി പേരെങ്കിലും മരിച്ചു വീഴും. കൂടാതെ പർവതം പുറന്തള്ളുന്ന ചാരം സൂര്യനെ മറച്ച് ‘വോൾക്കാനിക് വിന്റർ’ എന്ന സ്ഥിതിവിശേഷം വരെ വന്നു ചേരാം. 

Krakatau volcano Eruption

7300 വർഷം മുന്‍പാണ് ഈ അഗ്നിപർവതം അവസാനമായി പൊട്ടിത്തെറിച്ചത്. തെക്കൻ ജപ്പാനിലെ ജോമൻ നാഗരികതയെത്തന്നെ എന്നന്നേക്കുമായി ഇല്ലാതാക്കിയത് ആ പൊട്ടിത്തെറിയാണെന്നാണു കരുതുന്നത്. സമാനമായ സാഹചര്യം എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്നാണ് ജപ്പാനിലെ ഗോബെ ഓഷ്യൻ–ബോട്ടം എക്സ്പ്ലൊറേഷൻ സെന്റർ പറയുന്നത്. കോബെ സർവകലാശാലയ്ക്കു കീഴിലെ ഈ സ്ഥാപനം നടത്തിയ പഠനത്തിലാണ് അഗ്നിപർവതത്തിന്റെ നശീകരണ പ്രവണതയുടെ സൂചനകൾ കണ്ടെത്തിയത്. കികായ് അഗ്നിപർവതത്തിന്റെ മുകളിലായി ലാവയുടെ ഒരു കൂറ്റൻ ‘താഴികക്കുടം’ രൂപപ്പെട്ടതായാണു വിവരം. ഇതിൽ 32 ക്യുബിക് കിലോമീറ്റർ ദൈർഘ്യത്തിൽ ലാവ നിറഞ്ഞിട്ടുണ്ടെന്നാണു കരുതുന്നത്. മാത്രവുമല്ല അഗ്നിപർവതത്തിന്റെ മുകൾ ഭാഗത്തിലുണ്ടാകുന്ന മാറ്റങ്ങൾ വ്യക്തമാക്കുന്നത് ലാവ നിറഞ്ഞ അറ വലുതാകുന്നുണ്ടെന്നാണ്. 

നിലവിൽ ലാവയുടെ അറയ്ക്ക് 10 കിലോമീറ്ററോളം വീതിയും 600 മീറ്ററോളം ഉയരവുമുണ്ട്. ഇതു പൊട്ടിത്തെറിച്ചാൽ ലാവയ്ക്കൊപ്പം സൂനാമി ഭീഷണിയുമുണ്ട്. തെക്കൻ ജാപ്പനീസ് തീരത്തെ മാത്രമല്ല, ആ സൂനാമി തായ്‌വാനിലും ചൈനയിലും വരെ ആഞ്ഞടിക്കും. തെക്കേ അമേരിക്കയുടെയും വടക്കേ അമേരിക്കയുടെയും തീരങ്ങളിലുമെത്തും സൂനാമിയുടെ അലയൊലികൾ. ‘സൂപ്പർ ഇറപ്ഷൻ’ എന്നാണ് ഈ പ്രതിഭാസത്തിനു ഗവേഷകർ നൽകിയിരിക്കുന്ന പേര്. ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടാക്കുന്ന അഗ്നിപർവത സ്ഫോടനമെന്നാണ് ഇതിന്റെ അർഥം. എന്നാൽ ഇവ വളരെ അപൂർവമായേ സംഭവിക്കാറുള്ളൂ. അതായത് ദശലക്ഷക്കണക്കിനു വർഷത്തിനിടെ ഒരിക്കൽ മാത്രം. ജപ്പാന്റെ കാര്യത്തിലാണെങ്കിൽ അതിന് 100 വർഷത്തിനിടെ പൊട്ടിത്തെറിക്കാൻ ഒരു ശതമാനമേയുള്ളൂ സാധ്യത. 

volcano

എന്നാൽ കികായിയുടെ ലാവ നിറഞ്ഞ അറയിലുണ്ടാകുന്ന അസാധാരണ മാറ്റങ്ങളാണ് ഗവേഷകരെ കുഴക്കുന്നത്. പർവതത്തിന്റെ മുകളിൽ ഒരു പാത്രം പോലെ ഉള്ളിലേക്കു കുഴിഞ്ഞിരിക്കുകയാണ്. ഇതു സംഭവിക്കുക അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് മാഗ്മ റിസർവോയർ ഒഴിയുമ്പോഴാണ്. 2015ലാണ് സര്‍വകലാശാല കികായിയെ ലക്ഷ്യമിട്ടുള്ള ഗവേഷണം തുടങ്ങുന്നത്. അന്ന് സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് 1968.5 അടി ഉയരെയായിരുന്നു ലാവ നിറഞ്ഞ ഭാഗം. എന്നാൽ ഇപ്പോഴിത് സമുദ്രോപരിതലത്തിൽ നിന്ന് വെറും 100 അടി മാത്രം താഴെയെന്ന നിലയിലേക്കെത്തിയിരിക്കുന്നു! മാത്രവുമല്ല മാഗ്മയോ ലാവയോ തണുത്തുറഞ്ഞുണ്ടാകുന്ന റയൊലൈറ്റ് എന്ന വസ്തുവും ഈ പർവതത്തിൽ നിന്നു ലഭിക്കുന്നുണ്ട്. വാതക കുമിളകളും ഇവിടെ നിന്നുയരുന്നു. 

പർവതത്തിനു സമീപം വെള്ളം ചൂടുപിടിക്കുന്നതായും കണ്ടെത്തി. ഇതെല്ലാം സൂചിപ്പിക്കുന്നത് ‘അറ’യിൽ ലാവ കുമിഞ്ഞുകൂടുകയാണെന്നാണ്. തെക്കൻ ഒസൂമി ദ്വീപസമൂഹങ്ങൾക്കാണ് അഗ്നിപർവതം വഴിയുള്ള ഏറ്റവും വലിയ ഭീഷണി. എന്തായാലും കൂടുതൽ ഗവേഷണത്തിനൊരുങ്ങുകയാണ് സർവകലാശാല അധികൃതർ. അഗ്നിപർവതത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഒരു പര്യവേക്ഷണ കപ്പൽ തന്നെ തയാറാക്കിക്കഴിഞ്ഞു. അഗ്നിപർവത സ്ഫോടനത്തെ പ്രതിരോധിക്കാൻ തക്കതായ ഡേറ്റ ശേഖരിക്കുകയാണു ലക്ഷ്യം. പര്യവേക്ഷണത്തിനു  മാർച്ചിൽ തുടക്കമിട്ടുകഴി​ഞ്ഞു.