കോഴിക്കൂട്ടിൽ പതിവായി കയറിയിരുന്ന മുട്ടക്കള്ളൻ മൂർഖൻ പാമ്പ് പിടിയിലായി. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ മാരിഗാവോ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇവിടെയുള്ള ശ്യാംറാവുവിന്റെ വീടിനുസമീപത്തു സ്ഥാപിച്ചിരുന്ന കോഴിക്കൂടിനുള്ളിലാണ് പാമ്പ് കയറിയത്
പതിവില്ലാതെ രാവിലെ കോഴികൾ ബഹളം വയ്ക്കുന്നത് കേട്ടാണ് ശ്യാംറാവു കോഴിക്കൂടിനരികിലേക്ക് ചെന്നത്. അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. രണ്ട് കോഴികളെ കൊന്നതിനുശേഷം മുട്ടകൾ വിഴുങ്ങുകയായിരുന്നു പാമ്പ്. ഉടൻ തന്നെ ശ്യാംറാവു പ്രദേശത്തെ പാമ്പുപിടിത്ത വിദഗ്ധനായ ഒമേഷ് സീരിയെ വിവരമറിയിച്ചു. ഇയാളെത്തി പാമ്പിനെ കോഴിക്കൂട്ടിൽ നിന്നും പുറത്തെടുക്കുകയായിരുന്നു.
പുറത്തെടുത്ത പാമ്പിന്റെ വയറിനുള്ളിൽ നിറയെ കോഴിമുട്ടകളായിരുന്നു. ആൾക്കൂട്ടം നോക്കി നിൽക്കെ കട്ടുതിന്ന മുട്ടകളെല്ലാം ഒന്നിനു പിറകേ ഒന്നായി പാമ്പ് ഛർദ്ദിച്ചു. 9 മുട്ടകളാണ് പാമ്പ് വിഴുങ്ങിയിരുന്നത്. അതുകൊണ്ടു തന്നെയാണ് കോഴിക്കൂട്ടില്‍ നിന്നും രക്ഷപെടാൻ പാമ്പിനു സാധിക്കാതിരുന്നതെന്നും ഒമേഷ് പറഞ്ഞു. പിടികൂടിയ മൂർഖനെ പിന്നീട് കുറച്ചകലെയുള്ള വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു.